ഗണേശ പൂജകളുമായി വിനായക ചതുര്‍ഥി ഇന്ന്. ഗണപതിക്ഷേത്രങ്ങളിലെല്ലാം പുലര്‍ച്ചെ മഹാഗണപതിഹോമം നടക്കും. പുലര്‍ച്ചെ മോദകം, ഉണ്ണിയപ്പം എന്നിവ വലിയ തോതില്‍ നിവേദിക്കുന്നതിന് പുറമെ പ്രത്യേകപൂജകളും നടക്കും. ചില ക്ഷേത്രങ്ങളില്‍ ആനയൂട്ടും ഗജപൂജയും ഉണ്ടാകും. പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഉള്‍പ്പെടെ ഗണപതി ഉപദേവതയായുള്ള മറ്റ് പ്രധാനക്ഷേത്രങ്ങളിലും വിനായകചതുര്‍ഥി ഗംഭീരമായി കൊണ്ടാടും. വഴുതക്കാട് മഹാഗണപതി ക്ഷേത്രം, കമ്മട്ടം ഗണപതി ക്ഷേത്രം, മെഡിക്കല്‍ കോളേജ് ഗണപതി ക്ഷേത്രം, ശ്രീകണ്‌ഠേശ്വരം അരശുംമൂട് ഗണപതി ക്ഷേത്രം, തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുളള ഗണപതി ക്ഷേത്രങ്ങള്‍, കുമാരപുരം ഗണപതി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലെല്ലാം വിവിധ പരിപാടികളോടെ വിനായക ചതുര്‍ഥി ആഘോഷിക്കും.
ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുളള ഗണേശോത്സവ പൂജ 28-ന് ആരംഭിച്ചിരുന്നു. ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും 2 ലക്ഷം വീടുകളിലുമാണ് ഗണേശപൂജ നടക്കുന്നത്. ത്രിമുഖഗണപതി, ശക്തിഗണപതി, തരുണഗണപതി, വീരഗണപതി, ദൃഷ്ടിഗണപതി, ബാലഗണപതി, ഹേരംബഗണപതി, പഞ്ചമുഖഗണപതി തുടങ്ങി 32 രൂപഭാവങ്ങളിലും വക്രതുണ്ടന്‍, ഗജമുഖന്‍, ഏകദന്തന്‍, വികടന്‍, മഹോദരന്‍, ലംബോദരന്‍ തുടങ്ങി എട്ട് അവതാരരൂപങ്ങളിലുമുള്ള ഗണേശവിഗ്രഹങ്ങളാണ് പൂജിക്കുന്നത്.
ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിലുളള ഗണേശവിഗ്രഹപൂജകള്‍ 5-നാണ് സമാപിക്കുന്നത്. വൈകിട്ട് അഞ്ചിന് പഴവങ്ങാടിയില്‍നിന്നു വിഗ്രഹഘോഷയാത്രയും ശംഖുംമുഖം കടലില്‍ വിഗ്രഹനിമജ്ജനവും നടക്കും.