വാസ്തു ശാസ്ത്രത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വീടിന്റെ കന്നിമൂല. അതിനാൽ തന്നെ കന്നിമൂല ഒഴിഞ്ഞു കിടക്കുന്നതും അവിടെ ശുചിമുറി, കാർപോർച്ച്, അടുക്കള എന്നിവ വരുന്നതും ദോഷകരമായി ഭവിക്കും. ഇത് ആ വീട്ടിൽ താമസിക്കുന്നവർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെയാണ് കന്നിമൂല എന്ന് പറയുന്നത്.
കന്നിമൂലയിൽ ഉണ്ടാകുന്ന പിഴവുകൾ ഏറ്റവുമധികം ബാധിക്കുന്നത് ആ വീട്ടിൽ താമസിക്കുന്ന സ്ത്രീകളെയാണ്. അവരുടെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാകും.മാത്രമല്ല കർമ്മ രംഗത്ത് ഇവർക്ക് പലതരം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും.ഇനി സർക്കാർ ജോലിയാണ് ഉള്ളതെങ്കിൽ ഉദ്യോഗക്കയറ്റത്തിന് തടസം നേരിടുമെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. കന്നിമൂലയിലെ ദോഷങ്ങൾ വീട്ടിലെ സന്താനങ്ങളുടെ അഭിവൃദ്ധിയെയും ദോഷകരമായി ബാധിക്കും. മംഗല്യത്തിന് തടസം ഉൾപ്പെടെ നേരിടേണ്ടടിവരും.
അതെസമയം പുരുഷന്മാർക്കും കന്നിമൂല പിഴയ്ക്കുന്നത് അത്ര നല്ലതല്ല. പല തരം രോഗങ്ങൾ വരാൻ സാധ്യത ഏറെയാണ്. കർമ്മ രംഗത്ത് തടസങ്ങളും ബുദ്ധിമുട്ടുകളും അനുഭവപ്പെടും. പ്രധാന ശയനമുറി കന്നിമൂലയിൽ വരുന്നതാണ് ഏറ്റവും ഉത്തമം. വാസ്തു ശാസ്ത്ര പ്രകാരം ഈ ഭാഗത്ത് കൂടുതൽ ഭാരം വരുന്നത് ഉത്തമമാണ്. വാട്ടർ ടാങ്ക് സ്ഥപിക്കുന്നതിനും അനുയോജ്യമായ ഭാഗം ഇതാണ്. കന്നിമൂലയിൽ കൂടുതൽ ഭാരം ഉണ്ടെങ്കിൽ ആ വീട്ടിൽ കഴിയുന്നവർ തൊഴിൽപരമായി ശോഭിക്കും. ബിസിനസ് രംഗത്ത് അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.
വീടിന് രണ്ടാമത്തെ നില പണിയുമ്പോഴും കന്നിമൂല ഭാഗം ഒഴിച്ചിടരുത്. ആദ്യം തന്നെ അവിടെ ഒരു മുറി പണിയുക മറ്റ് ഭാഗങ്ങൾ ഒഴിഞ്ഞു കിടന്നാലും കുഴപ്പമില്ല. അതുപോലെ ഒരു വീടിന്റെയും കന്നിമൂല ഭാഗം താണ് കിടക്കാനും പാടില്ല. ഇങ്ങനെയുള്ള വീടുകളിൽ പൊതുവെ ഐശ്വര്യം കുറയും. എല്ലാക്കാര്യങ്ങൾക്കും
തടസം നേരിടും.