വീടുകളിലെ പൂജാമുറിയിൽ നമ്മുടെ മനസിന് ഏറ്റവും ഇഷ്ടമുള്ള ഏത് മൂർത്തിയുടെയും പടങ്ങൾ വയ്ക്കാം.അതിന് യാതൊരുവിധ തടസ്സവുമില്ല. എന്നാൽ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. സാക്ഷാൽ ഗണപതി ഭഗവാനെ ഒരു കാരണവശാലും ഒഴിവാക്കരുത്. ഒരു ചിത്രമെങ്കിലും നിർബന്ധമായും പൂജമുറിയിൽ വയ്ക്കണം.
ഗണപതിയുടെ ചിത്രത്തോടൊപ്പം തന്നെ പാർവ്വതി ദേവിയുടെ ഒരു ചിത്രം കൂടി വയ്ക്കുന്നതും ഉത്തമമാണ്. പാർവതി ദേവിയുടെ ഏത് രൂപത്തിലുള്ള, എത് ഭാവത്തിലുള്ള ചിത്രമായാലും പ്രശ്നമില്ല.ജീവിതത്തിലെ എല്ലാ തടസങ്ങളും മാറ്റി തരുന്നതിന് വേണ്ടിയാണ് ഗണപതി ഭഗവാന്റെ ചിത്രം വയ്ക്കുന്നത്.അതെസമയം അന്നപാനാദികൾ മുട്ടാതിരിക്കുന്നതിനും ഐശ്വര്യ സമ്പത്തിനും വേണ്ടിയാണ് സാക്ഷാൽ അന്നപൂർണ്ണേശ്വരിയായ പാർവതി ദേവിയുടെ ചിത്രം വയ്ക്കുന്നത്.
ഇഷ്ട ദേവതകളുടെ ചിത്രം വച്ച് ആരാധിക്കുന്ന പൂജാമുറിയിൽ എന്നും രണ്ടുനേരവും – രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തേണ്ടതുണ്ട്.നെയ്, എള്ളെണ്ണ ഒഴിച്ച് വേണം വിളക്ക് കൊളുത്താൻ. ചന്ദനത്തിരിയും കൊളുത്തിവച്ച് യഥാശക്തി ദിവസവും പ്രാർത്ഥിക്കണം.