പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: ഈ പുത്തന്‍ ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്കും കയറാം. ശബരിമല ക്ഷേത്രത്തിന്റെ തനി പ്രതിരൂപമായ പുത്തന്‍ ശബരിമല ക്ഷേത്രം. തിരുവല്ല-റാന്നി റൂട്ടില്‍ തിരുവല്ലയില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരെ തടിയൂര്‍ എന്ന ഗ്രാമത്തിലാണ് പുത്തന്‍ ശബരിമല സ്ഥിതി ചെയ്യുന്നത്.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം സാധ്യമാണ് എന്നതാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. 18 പടികളും ഇരുമുടി കെട്ടും മാളികപ്പുറത്ത് അമ്മയുമെല്ലാം ഈ ക്ഷേത്രത്തിലുണ്ട്. അയിരൂര്‍ പഞ്ചായത്തിലെ തടിയൂര്‍ ഗ്രാമത്തില്‍ ഒരു കുന്നിന്മുകളിലാണ് അയ്യപ്പക്ഷേത്രം. പഞ്ചലോഹപ്രതിഷ്ഠയാണിവിടെ.
ശബരിമലയിലെപ്പോലെ തന്നെ കന്നിരാശിയില്‍ ഗണപതിപ്രതിഷ്ഠ, കുംഭരാശിയില്‍ മാളികപ്പുറത്തമ്മ, മീനം രാശിയില്‍ വാവരുസ്വാമി, പതിനെട്ടാംപടിക്കു താഴെ ഇരുവശത്തുമായി കറുപ്പന്‍ സ്വാമി, കറുപ്പായി അമ്മ, വലിയകടുത്തസ്വാമി, യക്ഷി, സര്‍പ്പം എന്നീ പ്രതിഷ്ഠകളുണ്ട്.
ശബരിമലയിലെ അതേയളവിലും രൂപത്തിലുമുള്ളതാണ് പതിനെട്ടാംപടി. ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ഇവിടെ ദര്‍ശനം നടത്താം. ക്ഷേത്രത്തിന്റെ വടക്കേനടയില്‍ക്കൂടി അകത്തേക്ക് പ്രവേശിക്കാം. എന്നാല്‍, പതിനെട്ടാംപടി ചവിട്ടുന്നതിന് ശബരിമല ക്ഷേത്രത്തിലെ എല്ലാ നിയമങ്ങളും ഇവിടെയും ബാധകമാണ്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ തന്ത്രിസ്ഥാനവും ശബരിമലയിലെ താന്ത്രികരായ താഴ്മണ്‍മഠത്തിന് തന്നെയാണ്. ഒരുകാലത്ത് നിബിഡവനമായിരുന്ന പുത്തന്‍ശബരിമലയില്‍, മണികണ്ഠന്‍ പുലിപ്പാല്‍ അന്വേഷിച്ചുള്ള യാത്രയ്ക്കിടെ ഋഷീശ്വരന്മാരുടെ ആശ്രമത്തില്‍ താമസിച്ചതായാണ് ഐതിഹ്യം.