പരമ്പരാഗത വിശ്വാസ പ്രകാരം മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങള്‍ക്ക് മഹാരോഗങ്ങളെ അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നാണ്. അത് ജീവിതത്തില്‍ പകര്‍ത്തി ഫലസിദ്ധി നേടിയ ഒട്ടനേകം പേരുണ്ട്. നമ്മുടെ ചുറ്റമുള്ള പ്രസിദ്ധ ക്ഷേത്രങ്ങളിലെ പ്രസാധങ്ങള്‍ക്ക് പല രോഗങ്ങളും മാറ്റാന്‍ കഴിയുമെന്നാണ് വിശ്വാസവും ധാരാളം പേരുടെ അനുഭവവും. പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ പ്രസാദവും അതിന്റെ ഫലവും.
ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വിന് സാരസ്വതം നെയ്യ് പ്രസാദം
കോട്ടയം ജില്ലയിലെ പനച്ചിക്കാട്ട് സ്ഥിതിചെയ്യുന്ന ദക്ഷിണമൂകാംബിക എന്ന പേരില്‍ അറിയപ്പെടുന്ന സരസ്വതിക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് സാരസ്വതം നെയ്യ്. ബുദ്ധിക്കും വിദ്യയ്ക്കും ഉണര്‍വ് നല്‍കുന്ന ഈ ഔഷധം സാരസ്വത സൂക്തം വിധിയാം വണ്ണം ജപിച്ച് ശുദ്ധവും പൂര്‍ണ്ണവും ആക്കിയതാണ്.
പ്രമേഹ രോഗത്തിന് പാവയ്ക്കായ പ്രസാദം
തമിഴ്‌നാട്ടില്‍ പുതുക്കോട്ട ജില്ലയിലെ ആവുടയാര്‍ ക്ഷേത്രത്തിലെ അര്‍ദ്ധയാമപൂജാവേളയില്‍ പാവയ്ക്കാ കറിയോടുകൂടി ചോറു നേദിച്ച പ്രസാദം പ്രമേഹത്തിന് ശമനം നല്‍കുന്നു. തുടര്‍ച്ചയായി നാല് ആഴ്ച ഇവിടെ ദര്‍ശനം നടത്തി മനസ്സുരുകി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പ്രസാദവും കഴിച്ചാല്‍ പ്രമേഹത്തിന് ശമനം കിട്ടുമെന്നാണ് വിശ്വാസം.
രക്തരോഗങ്ങള്‍ അകറ്റാന്‍ കര്‍ക്കടത്തിലെ താള്‍കറിപ്രസാദം
ആലപ്പുഴ ജില്ലയില്‍ മരുത്തോര്‍വട്ടം ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ താള്‍കറി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വഴിപാട് പ്രസാദത്തിന് രക്തസംബന്ധിയായ രോഗങ്ങളെ അകറ്റാനുള്ള അത്ഭുത ശക്തി ഉണ്ടെന്നാണ് വിശ്വാസം. കര്‍ക്കടത്തിലെ കറുത്തവാവിന്‍ നാളിലാണ് താള്‍കറി നിവേദിക്കപ്പെടൂന്നത്. കാട്ടുചേമ്പിലതണ്ട് ശേഖരിച്ച് നന്നായി അരിഞ്ഞ് ഒപ്പം ചില പച്ചിലകളും ചേര്‍ത്താണ് ഈ കറി തയ്യാറാക്കുന്നത്. വഴിപാട് കഴിഞ്ഞയുടന്‍ ഭക്തര്‍ക്ക് നേദ്യത്തോടൊപ്പം താള്‍കറിയും നല്‍കും. സ്വാതിതിരുനാള്‍ താള്‍കറി പ്രസാദം സേവിച്ച് രോഗമുക്തി നേടിയതായും പറയപ്പെടുന്നു.
സര്‍പ്പ വിഷബാധ അകറ്റാന്‍ ചന്ദന പ്രസാദം
അച്ചന്‍കോവില്‍ ശാസ്താവിന്റെ കൈക്കുമ്പിളില്‍ സൂക്ഷിച്ചിരിക്കുന്ന ചന്ദനമാണ് സര്‍പ്പവിഷത്തിന് എതിരെയുള്ള ഔഷധം. അത്താഴപൂജയ്ക്കു ശേഷം രാത്രിയില്‍ അവശ്യമാത്രയില്‍ നടതുറക്കുന്ന അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്നാണ് അച്ചന്‍കോവില്‍ ശാസ്താക്ഷേത്രം. വിഷ ബാധയേറ്റു വരുന്നവര്‍ക്ക് കിഴക്കേ ഗോപുരനടയിലെ മണിയടിച്ച് എപ്പോള്‍ വേണമെങ്കിലും സഹായമഭ്യര്‍ത്ഥിക്കാം. വിഷമേറ്റു വരുന്നവര്‍ക്ക് ശാസ്താ വിഗ്രത്തിന്റെ വലതു കൈക്കുമ്പിളിലെ ചന്ദനം തീര്‍ത്ഥത്തില്‍ ചാലിച്ച് നല്‍കും. ചികിത്സാസമയത്ത് ആഹാരത്തിന് കഠിന നിയന്ത്രണവും വേണം.
സംസാരശേഷിക്ക് കാളികാമ്പാള്‍ ക്ഷേത്രത്തിലെ തേന്‍ പ്രസാദം
തിരുച്ചിറപ്പള്ളിയില്‍ വെക്കാളിയമ്മന്‍ ക്ഷേത്രത്തിനടുത്തുള്ള കാളികാമ്പാള്‍ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച തോറും രാഹുകാലവേളയില്‍ ദുര്‍ഗ്ഗയ്ക്ക് ഇഞ്ചിനീരും തേനും ചേര്‍ത്ത് അഭിഷേകം ചെയ്ത് ആ അഭിഷേകദ്രവ്യം കുട്ടികളുടെ നാക്കില്‍ തടവുന്നു. തുടര്‍ച്ചയായി ഇങ്ങനെ ചെയ്താല്‍ സംസാരശേഷി ഇല്ലാത്ത കുട്ടികള്‍ സംസാരിച്ചു തുടങ്ങുമെന്നാണ് വിശ്വാസം.
ഉദര രോഗങ്ങള്‍ക്ക് കൂടല്‍മാണിക്യത്തിലെ മുക്കുടി നിവേദ്യം
ലോക പ്രസിദ്ധിയാര്‍ജ്ജിച്ചതാണ് ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യത്തിലെ തൃപ്പുത്തരിയും മുക്കുടിയും. തുലാം മാസത്തിലെ തിരുവോണനാളില്‍ പുത്തരിയും പിറ്റേന്ന് മുക്കുടിയും ആചരിക്കുന്നു. പ്രസിദ്ധ ഭിഷഗ്വരനായ കുട്ടഞ്ചേരി മൂസ് പ്രത്യേക പച്ച മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ദിവ്യ ഔഷധം തൈരില്‍ കലര്‍ത്തി ദേവന് നിവേദിച്ച ശേഷം ഭക്തര്‍ക്ക് നല്‍കും ഇത് സേവിക്കുന്നവര്‍ക്ക് ഒരു വര്‍ഷക്കാലത്തേക്ക് ഉദരസംബന്ധമായ യാതൊരു രോഗവും ഉണ്ടാവുകയില്ല എന്നതാണ് അനുഭവം. പാലക്കാട് നഗരത്തില്‍ കുന്നത്തൂര്‍മേട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കൃഷ്ണ ജയന്തിദിവസം രാത്രി 11നും12നും മദ്ധ്യേ നടത്തപ്പെടുന്ന ജന്മപൂജ ഏറെ പ്രസിദ്ധമാണ്. ചുക്ക്, തിപ്പലി, ഏലക്കായ്, പെരുങ്കായം, അയമോദകം, ശര്‍ക്കര എന്നിവ ചേര്‍ത്താണ് മുക്കുടി തയ്യാറാക്കുന്നത്. ഭഗവാന് നേദിച്ച ശേഷം മുക്കുടി പ്രസാദമായി ഭക്തര്‍ക്ക് നല്‍കുന്നു. ഈ പ്രസാദം സേവിച്ചാല്‍ പല രോഗങ്ങളും അകലുമെന്നാണ് വിശ്വാസം.