കുഞ്ഞുങ്ങളെ കാത്തു സംരക്ഷിക്കുന്ന ദേവിയാണ് ദേവസേന എന്ന ഷഷ്ഠിദേവി. ഈ ദേവി കുഞ്ഞുങ്ങൾക്ക് അർത്ഥവും ആയുസ്സ് കൊടുത്ത് സദാ പെറ്റമ്മയെപ്പോലെ ആപത്തിൽ നിന്നും മറ്റും അവരം സംരക്ഷിക്കുന്നു. കുട്ടികളുടെ അടുത്ത് ഈ ദേവിയുടെ സാന്നിദ്ധ്യം എപ്പോഴും ഉണ്ടാകുമെന്നാണ് വിശ്വാംസം. യോഗസിദ്ധിയുള്ള ഈ ഭഗവതി സുബ്രഹ്മണ്യന്റെ ഭാര്യയും കുട്ടികളുടെ അധിഷ്ഠാന ദേവിയുമാണെന്നാണ് പുരാണത്തിൽ പറയുന്നത്.
എല്ലാസുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും ഭഗവാൻ്റെ ഇടതുവശത്ത് ഷഷ്ഠിദേവിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്നും വിശ്വാസമുണ്ട്. ഷഷ്ഠി ദേവിക്ക് പ്രത്യേകം പ്രതിഷ്ഠയുള്ള ക്ഷേത്രം ഇല്ലെന്നതാണ് അറിവ്. ആദിപരാശക്തിയുടെ, മൂലപ്രകൃതിയുടെ ആറിലൊന്നു ഭാഗം കൊണ്ടുണ്ടായ ദേവിയാണ് ഷഷ്ഠിദേവി. ആറിലൊന്നു ഭാഗം കൊണ്ട് ഉണ്ടായതിനാലാണ് ഷഷ്ഠിദേവി എന്ന പേര് ലഭിച്ചത്.
“ഞാൻ ബ്രഹ്മാവിൻ്റെ മാനസപുത്രിയും സ്കന്ദ ദേവൻ്റെ ധർമ്മപത്നിയുമാണ്. പുത്രനില്ലാത്തവർക്ക് സന്തതിയെയും ഭാര്യയില്ലാത്തവർക്ക് ഭാര്യയെയും, ഭർത്താവില്ലാത്തവർക്ക് ഭർത്താവിനെയും, ധനമില്ലാത്തവർക്ക് ധനത്തെയും, എല്ലാവർക്കും നല്ല കർമ്മഫലത്തെയും നൽകുന്നത് ഞാനാണ് ” എന്ന് ഷഷ്ഠിദേവി പറയുന്നുണ്ട്.
ഷഷ്ഠിവ്രതമെടുക്കുന്നവർ അന്ന് രാവിലെ കുളിച്ച് ശുഭവസ്ത്രം ധരിച്ച് സുബ്രഹ്മണ്യസ്വാമിയുടെ ചിത്രത്തിന് മുന്നിൽ എഴുതിരിയുള്ള നിലവിളക്ക് തെളിച്ച് “ഓം ഹ്രീം ഷഷ്ഠി ദേവ്യൈ നമഃ” എന്ന മന്ത്രം എട്ടു പ്രാവശ്യം ജപിച്ച ശേഷം ഷഷ്ഠി ദേവി സ്തോത്രം ജപിക്കണം.