ശബരിമല തീര്‍ത്ഥാടനം പൂര്‍ത്തിയാകുന്നത് എപ്പോഴാണ്? അയ്യപ്പദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോഴാണ് ദര്‍ശനം പൂര്‍ത്തിയാകുന്നത്. മാളികപ്പുറത്തമ്മയ്ക്ക് പുഷ്പാഞ്ജലി, പായസം, പട്ട്ചാര്‍ത്തുക, ത്രിമധുരം, പട്ടും താലിയും നടയ്ക്ക് വയ്ക്കുക എന്നിവ പ്രധാന വഴിപാടുകളാണ്.
മാളികപ്പുറത്തമ്മയ്ക്ക് പട്ടും താലിയും ചാര്‍ത്തുന്നത് വിവാഹ തടസം നീങ്ങുന്നതിനും പെട്ടെന്നുള്ള മംഗല്യസിദ്ധിക്കും ഇഷ്ടവിവാഹത്തിനും ഏറ്റവും നല്ലതാണ്. മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്നത് ശത്രുദോഷം, കാലദോഷം, ദൃഷ്ടിദോഷം എന്നിവയ്ക്ക് പരിഹാരമാണ്.
രാത്രി അയ്യപ്പസന്നിധിയിലെപ്പോലെ മാളികപ്പുറത്തും ഹരിവരാസനം ചൊല്ലിയാണ് നട അടയ്ക്കുന്നത്. രാവിലെ 5 മണിക്ക് നട തുറക്കും. തുടര്‍ന്ന് അഭിഷേകം അലങ്കാരം, ഗണപതിഹോമം. 7 മണിക്ക് ഉഷപൂജ, 11 മണിക്ക് ഉച്ച പൂജ, 1 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് നട തുറക്കും. 6.45 ന് ദീപാരാധന, 7 ന് ഭഗവതിസേവ, 8 ന് അയ്യപ്പസന്നിധിയിലേക്ക് പോയി കിഴിപ്പണം സമര്‍പ്പിക്കും. തുടര്‍ന്ന് തന്ത്രിയെ കണ്ട് ഭഗവതി സേവയുടെ പ്രസാദം നല്‍കണം.
9 മണിക്ക് അത്താഴപൂജകഴിഞ്ഞ് 10 മണിക്ക് നട അടയ്ക്കും. മണ്ഡലകാലത്തും വിശേഷപൂജാ ദിവസങ്ങളിലും സമയം മാറും. മണ്ഡലകാലത്ത് വെളുപ്പിന് 3 മണിക്ക് നട തുറന്ന് ഉച്ചക്ക് 2 മണിക്ക് അടയ്ക്കും. ഉച്ചക്ക് 3 ന് തുറന്ന് തന്ത്രി 11 ന് അടയ്ക്കും.