പെരിങ്ങോട്ടുകര: ദേവസ്ഥാനത്ത് ഗുരു ദക്ഷിണയായി ശിഷ്യന്റെ സംഗീതസമര്‍പ്പണം വേറിട്ട അനുഭൂതി ഉണര്‍ത്തി. 'ഗുരുവന്ദന'മെന്ന പേരില്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ പ്രിയ ശിഷ്യനായ മിഥുന്‍ ജയരാജാണ് നാദാര്‍ച്ചന കൊണ്ട് തന്റെ ഗുരുനാഥന്‍ കൂടിയായ ദക്ഷിണാമൂര്‍ത്തിയ്ക്ക് ഗുരുദക്ഷിണ ഒരുക്കിയത്.
ഗാവതി രാഗത്തില്‍ ജി.എന്‍. ബാലസുബ്രഹ്‌മണ്യം രചിച്ച വര്‍ണ്ണത്തോടെയാണ് കച്ചേരി തുടങ്ങിയത്. നാട്ട യില്‍ ദക്ഷിണാമൂര്‍ത്തി സ്വാമി ചിട്ടപ്പെടുത്തിയ 'മംഗള ലയകര...' എന്ന കൃതിയും വസന്ത യില്‍ 'ഹിമാചല സുതേ...' എന്ന കീര്‍ത്തനവുമാണ് തുടര്‍ന്നു പാടിയത്. ത്യാഗരാജ സ്വാമികള്‍ ചന്ദ്ര ജ്യോതി രാഗത്തില്‍ രചിച്ച 'ഭാഗായനയ്യ...' എന്നു തുടങ്ങുന്ന കീര്‍ത്തനവും ദക്ഷിണാമൂര്‍ത്തി ശങ്കരാഭരണ രാഗത്തില്‍ രചിച്ച 'കമലാസനേ...' എന്ന കീര്‍ത്തനങ്ങളായിരുന്നു തുടര്‍ന്ന് ആലപിച്ചത്.
ഒടുവില്‍ ബിഹാഗ് രാഗത്തില്‍ ഇളക്കം വരാമല്‍...' എന്ന കൃതിയും ദുര്‍ഗ്ഗ രാഗത്തില്‍ 'ബജാവോ കൃഷ്ണ തു' എന്ന കൃതിയുമാണ് ആലപിച്ചത്. വിഷ്ണുമായാ മംഗള സ്തുതിയോടെയാണ് കച്ചേരി സമാപിച്ചത്.
വിശ്വേഷ് സ്വാമിനാഥന്‍ (വയലിന്‍), പാലക്കാട് ജയകൃഷ്ണന്‍ (മൃദംഗം) ആലപ്പി മനോഹര്‍ (ഘടം)
ഇരിങ്ങാലക്കുട മുരളീധരന്‍ (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളമാരുക്കി. രാവിലെ ശ്രീഷ്മ - നിധിന്‍ മാധവ് എന്നിവര്‍ വീണദ്വയം അവതരിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ കൃഷ്ണാര്‍പ്പണത്തിന്റെ അഷ്ടപദി അവതരണവും ദേവസ്ഥാനം കലാപീഠത്തിലെ ആരതി ജയന്റെ ശാസ്ത്രീയസംഗീതാര്‍ച്ചനയും നടന്നു. വൈഷ്ണവ തിരുവാതിര സംഘത്തിന്റെ തിരുവാതിക്കളിയും നടന്നു. കലാകാരന്മാര്‍ക്ക് മഠാധിപതി ഉണ്ണി ദാമോദരസ്വാമികള്‍ പൊന്നാടയും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കി ആദരിച്ചു.