പൂവാര്‍: അറിവിന്റെ സാംസ്‌കാരികോല്‍സവത്തിനായി , ത്രയോദശി ദിനമായ 11 ന് പൂജാവിഗ്രഹങ്ങള്‍ തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്രതിരിക്കും. ശുചീന്ദ്രം സ്ഥാണുമാലയ ക്ഷേത്രത്തില്‍ നിന്നും മുന്നൂറ്റി നങ്ക ദേവി 11 ന് പത്മനാഭപുരം കൊട്ടാരത്തിലെത്തിച്ചേരും.
അവിടെ നിന്നും 12 ന് കൊട്ടാരത്തിലെ തേവാരക്കെട്ടില്‍ നിന്നും സരസ്വതീ ദേവി , വേളിമലയിലെ കുമാരകോവിലില്‍ നിന്നും വേലായുധ സ്വാമി തുടങ്ങിയ വിഗ്രഹങ്ങളാണ് പാരമ്പര്യത്തനിമയോടെ അനന്തപുരിയിലേയ്ക്ക് എഴുന്നള്ളുന്നത്.
പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ കേരള ദേവസ്വം മന്ത്രിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തില്‍ തമിഴ്‌നാട് ദേവസ്വം കമ്മീഷണര്‍ വലിയ കാണിക്ക അര്‍പ്പിച്ച് ഉടവാള്‍ ഏറ്റുവാങ്ങുന്നതോടെ നവരാത്രി പൂജാവിഗ്രഹ ഘോഷയാത്രയ്ക്ക് തുടക്കമാകും.
സരസ്വതീ ദേവിയെ ആനപ്പുറത്തും കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്തും മുന്നൂറ്റി നങ്കയെ പല്ലക്കിലുമാണ് എഴുന്നള്ളിക്കുക. വേലുത്തമ്പി ദളവയുടെ അമ്മ കാണിക്ക വച്ചതാണ് കുമാരസ്വാമിയെ എഴുന്നള്ളിക്കുന്ന വെള്ളിക്കുതിര.. നവരാത്രി കാലത്ത് തിരുവനന്തപുരത്തേയ്ക്ക് വിഗ്രഹങ്ങള്‍ ലോഷയാത്രയായ് എഴുന്നള്ളിക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കിയത് 1839 - ല്‍ സ്വാതിതിരുനാള്‍ മഹാരാജാവായിരുന്നു.
വിദ്യയുടെയും സുകുമാരകലകളുടെയും പ്രതീകമായി സരസ്വതീവിഗ്രഹവും ആയുധവിദ്യയുടെ പ്രതീകമായി കുമാരസ്വാമി യും ശക്തി പൂജയുടെ പ്രതീകമായി മുന്നൂറ്റി നങ്കയേയും ആചാരപരമായി എഴുന്നള്ളിച്ചു കൊണ്ടുവരുന്ന രീതിയാണിവിടെ അവലംബിക്കപ്പെട്ടിട്ടുളളത്.
കുഴിത്തുറ (കോതയാര്‍ ) നെയ്യാറ്റിന്‍കര (നെയ്യാര്‍ ) കരമനയാര്‍ തുടങ്ങി മൂന്ന് ആറുകള്‍ കടന്നാണ് പൂജാവിഗ്രഹങ്ങള്‍ അനന്തപുരിയിലെത്തുക.
കേരളാ പോലീസിന്റെ അശ്വാരൂഡ സേനയാണ് അകമ്പടി സേവിക്കുക. പല്ലക്കിലെത്തിച്ചേരുന്ന വിഗ്രഹങ്ങളും വെള്ളിക്കുതിരയും ഗജവീരന്‍മാരും അകമ്പടി സേവകന്‍മാരും വിവിധ ആരാധനാലയങ്ങളായ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെയും ഇറക്കി പൂജകള്‍ക്ക് ശേഷം കരമന ആവടിയമ്മന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു.
ഘോഷയാത്ര കോട്ടയ്ക്കകത്ത് എത്തിച്ചേരുമ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്ര സ്ഥാനി ഉടവാള്‍ ഏറ്റുവാങ്ങി വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കും.
തുടര്‍ന്ന് പത്മതീര്‍ത്ഥക്കുളത്തില്‍ ആറാടിയ ശേഷം സരസ്വതീവിഗ്രഹത്തെ കിഴക്കേ നടയിലെ കരുവേലപ്പുര മാളികയിലുള്ള ചെക്കട്ടാ മണ്ഡപത്തില്‍ ( നവരാത്രി മണ്ഡപം) പ്രതിഷ്ഠിക്കും. തിരുവിതാംകൂര്‍ രാജകുടുംബംഗങ്ങള്‍ ഗ്രന്ഥങ്ങളും ആയുധക്കെട്ടുകളും ഇവിടെയാണ് പൂജവയ്ക്കുക.
കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റി നങ്കയെ ചെന്തിട്ട ക്ഷേത്രത്തിലും കുടിയിരുത്തും. ഇതോടെ ഒന്‍പത് നാളുകള്‍ നീളുന്ന നവരാത്രി ആഘോഷങ്ങള്‍ക്കും നവരാത്രി സംഗീതോല്‍സത്തിനും തുടക്കമാകും
തമിഴ്‌നാട് - കേരള സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക വിനിമയത്തിന്റെയും സൗഹൃദത്തിന്റെ യും പ്രതീകമായി നിലകൊള്ളുന്ന ഈ പൈതൃകം സ്വാതിതിരുനാള്‍ മഹാരാജാവാണ് ചിട്ടപ്പെടുത്തിയത്.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ കൊണ്ട് രണ്ടായിപ്പോയ പഴയ തിരുവിതാംകൂര്‍ പ്രദേശത്തിലുള്‍പ്പെട്ടിരുന്ന ജനത ഹൃദയം കൊണ്ട് ഐക്യപ്പെടുന്ന കാഴ്ച്ചയാണ് നവരാത്രികളില്‍ നമുക്ക് കാണാനാകുന്നത്
നവരാത്രി പൂജകള്‍ക്ക് ശേഷം നല്ലിരുപ്പ് കഴിഞ്ഞ് ദ്വാദശി ദിനമായ 26 ന് ദേവീ ദേവന്‍മാര്‍ ഘോഷയാത്രയായി തിരികെ പത്മനാഭപുരത്തേയ്ക്ക് യാത്രയാകും.