നവരാത്രിയില്‍ കാളി, ലക്ഷ്മി, സരസ്വതി ആരാധന; ഇതൊക്കെ അറിയണം

നവരാത്രി ദിനങ്ങളില്‍ ആദ്യ മൂന്നു ദിവസം കാളിയായും അടുത്ത മൂന്നുദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു ദിവസം സരസ്വതിയായും ദേവിയെ ആരാധിക്കുന്ന പതിവുണ്ട്

author-image
RK
New Update
നവരാത്രിയില്‍ കാളി, ലക്ഷ്മി, സരസ്വതി ആരാധന; ഇതൊക്കെ അറിയണം

നവരാത്രി ദിനങ്ങളില്‍ ആദ്യ മൂന്നു ദിവസം കാളിയായും അടുത്ത മൂന്നുദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്നു ദിവസം സരസ്വതിയായും ദേവിയെ ആരാധിക്കുന്ന പതിവുണ്ട്. ഒരുവന്റെ കര്‍മ്മവുമായി ഈ ദേവീഭാവങ്ങള്‍ക്ക് അതിപ്രധാനമായ ബന്ധമുണ്ട്. നവരാത്രിപൂജയുടെ സൂക്ഷ്മമായ അര്‍ത്ഥതലവും ഇതാണ്. കാളി ആലസ്യവും മടിയും വെടിഞ്ഞ് ഒരുവനെ കര്‍മ്മം ചെയ്യാന്‍ അനുഗ്രഹിക്കുന്നു. പ്രതിബന്ധങ്ങളെ തട്ടിത്തകര്‍ത്തും ഉപദ്രവങ്ങളെയും ദോഷങ്ങളെയും നശിപ്പിച്ചും മുന്നോട്ടുപോകാനുള്ള കരുത്ത് കാളിയുടെ അനുഗ്രഹത്തിലൂടെ കൈവരുന്നു. കര്‍മ്മം എത്ര ഭംഗിയായി ചെയ്താലും അതിനുഫലം ലഭിക്കണമെങ്കില്‍ ലക്ഷ്മീദേവിയുടെ അനുഗ്രഹം കൂടിയേ കഴിയൂ.

ലക്ഷ്മീകടാക്ഷമില്ലാതായാല്‍ കര്‍മ്മങ്ങളൊക്കെ നിഷ്ഫലമാകും. കര്‍മ്മകുശലതയും സാമാര്‍ത്ഥ്യവും നല്‍കുന്നവളാണ് സരസ്വതീദേവി. ഏതു കര്‍മ്മവും എങ്ങനെ നിര്‍വ്വഹിക്കണമെന്ന അറിവു നല്‍കുന്നവളും അതു സമര്‍ത്ഥമായി നിര്‍വ്വഹിക്കുന്നതിനുള്ള കഴിവും അനുഗ്രഹവും നല്‍കുന്നവളും സരസ്വതീദേവിയാണ്. അതായത്, കാളിയുടെയും ലക്ഷ്മിയുടെയും സരസ്വതിയുടെയും അനുഗ്രഹം കൈവരുന്നവരുടെ കര്‍മ്മമണ്ഡലം അത്യന്തം ശോഭയാര്‍ന്നതായിരിക്കും എന്നു ചുരുക്കം. മറിച്ചായാല്‍ പരാജയങ്ങളായിരിക്കും ഫലം.

കര്‍മ്മമണ്ഡലത്തില്‍ വിജയം കൈവരുന്നതിനുവേണ്ടിയാണ് വിജയദശമിയില്‍ പര്യവസാനിക്കുന്ന നവരാത്രിയിലെ ദേവ്യുപാസന അനുഷ്ഠിക്കുന്നത്.

കാളിയെ ധ്യാനിക്കുന്നതിനുള്ള ശ്ലോകം
ഖഡ്ഗം ചക്രഗദേഷുചാപപരിഘാന്‍
ശൂലം ഭുശുണ്ഡീം ശിര:
ശംഖം സന്ദധതീം കരൈസ്ത്രിനയനാം
സര്‍വ്വാംഗഭൂഷാവൃതാം
നീലാശ്മദ്യുതി മാസ്യപാദദശകാം
സേവേ മഹാകാളികാം
യാമസ്തൗത് സ്വപിതേ ഹരൗ കമലജോ
ഹന്തും മധും കൈടഭം

മഹാലക്ഷ്മീധ്യാനം
അക്ഷസ്രക്പരശുംഗദേഷുകുലിശം
പത്മം ധനു: കുണ്ഡികാം
ദണ്ഡം ശക്തിമസിം ച ചര്‍മ്മജലജം
ഘണ്ടാം സുരാഭാജനം
ശൂലം പാശസുദര്‍ശനേ ച ദധതീം
ഹസ്‌തൈ: പ്രസന്നാനനാം
സേവേ സൈരിഭമര്‍ദ്ദിനീമിഹ മഹാ-
ലക്ഷ്മീം സരോജസ്ഥിതാം

മഹാസരസ്വതീധ്യാനം
ഘണ്ടാശൂലഹലാനി ശംഖമുസലേ
ചക്രം ധനു: സായകം
ഹസ്താബ്‌ജൈ: ദധതീം ഘനാന്തവിലസത്-
ശീതാംശൂതുല്യപ്രഭാം
ഗൗരീ ദേഹസമുദ്ഭവാം ത്രിജഗതാ-
മാധാരഭൂതാം മഹാ-
പൂര്‍വ്വാമത്ര സരസ്വതീ മനുഭജേ
ശുംഭാദിദൈത്യാര്‍ദ്ദിനീം

Astro navarathri prayer pooja