ലൗകിക സുഖങ്ങള്‍ക്കും ആത്മീയ ഉന്നതിക്കും അയ്യപ്പനെ പ്രാര്‍ത്ഥിക്കാം. നിത്യജീവിതത്തിലെ എല്ലാ സാധാരണ പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും പരിഹരക്കാനും അയ്യപ്പപ്രാര്‍ത്ഥന ഉത്തമം. അയ്യപ്പനെ പ്രാര്‍ത്ഥിച്ചാല്‍ മന:സമാധാനവും അഭീഷ്ടസിദ്ധിയും പാപശാന്തിയും ലഭിക്കും. ശനിദോഷം കാരണം കഷ്ടപ്പെടുന്നവര്‍ക്ക് ദുരിതശാന്തിക്ക് അയ്യപ്പപ്രാര്‍ത്ഥനയും ശരണം വിളിയും ഏറ്റവും ഗുണകരമാണ്.
ജപങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും പൂര്‍ണ്ണ ഫലം ലഭിക്കാന്‍ വ്രതനിഷ്ഠ പാലിക്കേണ്ടതുണ്ട്. അയ്യപ്പ മൂലമന്ത്രം, ശാസ്തൃ ഗായത്രി എന്നിവ ജപിക്കുന്നവരും ഇതു പാലിക്കണം.
മണ്ഡല മകര വിളക്ക് കാലത്ത് ശബരിമല ദര്‍ശനത്തിന് പോകുന്നവര്‍ വ്രതനിഷ്ഠ പാലിക്കണം. ഇക്കാലത്തെ അയ്യപ്പ പ്രാര്‍ത്ഥനകള്‍ക്ക് അതിവേഗം ഫലം ലഭിക്കും.
ശബരിമല തീര്‍ത്ഥാടനത്തിന് പോകാത്തവര്‍ക്കും ഈ കാലത്ത് 41 ദിവസം വ്രതം എടുക്കാം. അവര്‍ അടുത്തുള്ള അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി നെയ്യഭിഷേകം, നീരാജനം തുടങ്ങിയ വഴിപാടുകള്‍ സമര്‍പ്പിക്കണം.
മണ്ഡല മകരവിളക്ക് കാലത്ത് മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്, ബ്രഹ്‌മചര്യവും സത്യനിഷ്ഠയും പാലിച്ച്, എന്നും രാവിലെയും വൈകിട്ടും കുളിച്ച്, ശരണം വിളിച്ച് 108 തവണ വീതം രണ്ടുനേരവും അയ്യപ്പ മൂലമന്ത്രവും ശാസ്തൃ ഗായത്രിയും ജപിച്ചാല്‍ എല്ലാത്തരം ദുരിതങ്ങളും മാറി ജീവിതവിജയം ലഭിക്കും.
അയ്യപ്പമൂല മന്ത്രജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. കടുത്ത കഷ്ടപ്പാടുകള്‍ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തില്‍ വച്ചും ക്ഷേത്രത്തില്‍ നിന്നും ജപിക്കാം. ദര്‍ശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്.
ജപവേളയില്‍ വെളുത്ത വസ്ത്രമോ കറുത്ത വസ്ത്രമോ ധരിക്കാം. ജപം 41 ദിവസം എത്തുമ്പോഴേക്കും മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ജപിക്കാം.
അയ്യപ്പ മൂലമന്ത്രം
ഓം ഘ്രൂം നമഃ പരായ ഗോപ്‌ത്രേ
ശാസ്തൃ ഗായത്രി
ഭൂതനാഥായ വിദ്മഹേ
ഭവ പുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാത്