തിരുവനന്തപുരം: കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രോത്സവം നാലാം ദിവസത്തിലേയ്ക്ക്.
ഈ വര്‍ഷത്തെ ഉത്സവത്തോടനുബന്ധിച്ചുള്ള ദേവിയുടെ പുറത്തെഴുന്നെള്ളത്ത് കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പരിമിതപ്പെടുത്തി. ആറാം ഉത്സവ ദിനമായ വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി പുറപ്പെടുന്നതാണ്.
നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ നേര്‍ച്ചതാലപ്പൊലി ഘോഷയാത്രയ്‌ക്കൊപ്പം അനുവദിക്കില്ല. താലപ്പൊലി ക്ഷേത്രത്തില്‍ വന്ന് ദര്‍ശനത്തോടൊപ്പം എടുക്കാവുന്നതാണ്.
ഏഴാം ഉത്സവദിവസമായ 26നാണ് പ്രസിദ്ധമായ കരിക്കകം പൊങ്കാല. മഹോത്സവത്തോട് അനുബന്ധിച്ച് ഉത്സവ ദിവസങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലും ദേവിക്ക് ചാര്‍ത്താനുള്ള തിരുവാഭരണങ്ങളും സ്വര്‍ണം കെട്ടിയ ശംഖും ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രാവിലെ ദേവിക്ക് സമര്‍പ്പിച്ചിരുന്നു.
ക്ഷേത്ര തറവാടായ കാട്ടിലെ വീട്ടില്‍ നിന്നും ഘോഷയാത്രയായി കൊണ്ടുവന്നാണ് തിരുവാഭരണം ദേവിക്ക് സമര്‍പ്പിച്ചത്. ഉത്സവത്തോട് അനുബന്ധിച്ച് പൂജകള്‍, പുറത്തെഴുന്നള്ളത്ത്, പൊങ്കാല, ഗുരുതി, എന്നിവ ഉണ്ടാകും. കോവിഡിനെ തുടര്‍ന്ന് ഈ വര്‍ഷം നിരത്തുകളിലും പൊതുസ്ഥലങ്ങളിലും പൊങ്കാല അനുവദിക്കില്ല.
ക്ഷേത്രത്തില്‍ നിന്നും പൂജാരിമാര്‍ വന്ന് പൊങ്കാല നിവേദിക്കുന്നതല്ല. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ ഇത്തവണ ക്ഷേത്രത്തിലെ പൊങ്കാല സമര്‍പ്പണം പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പകരം ഭക്തര്‍ അവരവരുടെ വീടുകളില്‍ പൊങ്കാലയിടണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.