എന്താണ് ഇന്ദിര ഏകാദശി? ഒരുപാട് ഏകാദേശികള്‍ നാം നോല്‍ക്കാറുണ്ട്, വൈകുണ്ഠ ഏകാദശി, തൃപ്രയാര്‍ ഏകാദശി, ഗുരുവായൂര്‍ ഏകാദശി അങ്ങനെ ഒരുപാട് ഏകാദശികള്‍.
ഈ ഏകാദശിയെ ചുറ്റിപറ്റി ഒരു കഥയുണ്ട്. വിഷ്ണുവുമായി ബന്ധപെട്ട കഥയാണ്. ബ്രഹ്‌മദേവന്‍ തന്റെ ശക്തിയുപയോഗിച്ച് താലജംഗന്‍ എന്ന അസുരനെ സൃഷ്ടിച്ചു. അസുരനില്‍ മുരന്‍ എന്നൊരു പുത്രന്‍ ജനിച്ചു. ഈ താലജംഗനും മുരനും കൂടി ചന്ദ്രാവതി കുലത്തില്‍ ആര്‍ഭാടത്തോടെ കഴിയവെ മുരന് ഇന്ദ്രപദവി കൈക്കലാക്കാന്‍ മോഹം. താമസിക്കാതെ അദ്ദേഹം ഇന്ദ്രലോകം ആക്രമിച്ചു. തുടര്‍ന്ന് ദേവന്മാരെയെല്ലാം അവിടെ നിന്ന് പുറത്താക്കി.
ഇന്ദ്രാദിദേവകള്‍ മഹേശ്വരന്റെ അടുത്ത് ചെന്ന് സങ്കടം പറഞ്ഞു. എന്തെങ്കിലും ചെയ്ത് ഈ മുരന്റെ അഹങ്കാരം അവസാനിപ്പിക്കണം എന്നവര്‍ അപേക്ഷിച്ചു. മഹേശ്വരന്‍ പറഞ്ഞു, അതിന് എന്നേക്കാള്‍ അനുയോജ്യന്‍ മഹാവിഷ്ണുവാണ്. നിങ്ങള്‍ മഹാവിഷ്ണുവിനെ സമീപിച്ചാലും. അവര്‍ മഹാവിഷ്ണുവിന്റെ അടുത്തെത്തി, തപസാരംഭിച്ചു. വിഷ്ണുദേവന്‍ പ്രത്യക്ഷപ്പെട്ടു. വിഷ്ണുദേവന്റെ വപുസ് നിന്ന് സുന്ദരിയും അതിതേജസിനിയുമായ ഒരു ദേവി ഉത്ഭവിച്ചു. ഏകാദശി നാളിലാണ് ഈ ദേവി ഉത്ഭവിച്ചത്. അതിനാല്‍ ദേവിക്ക് ഏകാദശി ദേവി എന്നദ്ദേഹം നാമകരണം ചെയ്തു.
ഏകാദശി ദേവിയോട് അദ്ദേഹം പറഞ്ഞു, നീ മുരന്റെ അഹങ്കാരം അവസാനിപ്പിക്കണം. ദേവി യാത്രയായി. താമസിയാതെ തന്നെ മുരനെ നിഗ്രഹിച്ച് മടങ്ങിയെത്തിയ ഏകാദശി ദേവിയെ കണ്ട് സംപ്രീതനായ വിഷ്ണു ഭഗവാന്‍ അവരോടു പറഞ്ഞു, എന്തു വരം വേണമെങ്കിലും ചോദിച്ചോളൂ. ഉടനെ ദേവി പറഞ്ഞു, മറ്റൊരു വരവും എനിക്ക് വേണ്ട. എന്റെ പേരില്‍ ഒരു വ്രതം ഉണ്ടായിരിക്കണം. അത് മറ്റു വ്രതങ്ങളെക്കാള്‍ ശ്രേഷ്ഠമായിരിക്കുരയും വേണം. ഈ വ്രതം ഭക്തിയോടെ ആചരിക്കുന്നവര്‍ വിഷ്ണുലോകം പൂകണം. ദേവന്‍ സമ്മതിച്ചു.
ഈ വ്രതം എങ്ങനെയാണ് അനുഷ്ഠിക്കേണ്ടത്? ഏകാദശിയുടെ തലേന്നും പിറ്റേന്നും അതായത് ദശമി, ദ്വാദശി, ഈ രണ്ട് ദിവസങ്ങളിലും ഒരിക്കല്‍ മാത്രം ഭക്ഷണം കഴിക്കണം. എന്നാല്‍, അതിന് കഴിയാത്തവര്‍ പാലും പഴങ്ങളും കഴിച്ച് വ്രതം എടുക്കാം.
കുറച്ചുകൂടി കഠിനമായ വ്രതമാണെങ്കില്‍ പാലും പഴങ്ങളും ഉപേക്ഷിച്ച് വെറും വെള്ളം മാത്രം കുടിച്ച് ഉപവാസിക്കാം. പൂര്‍ണമായും ഇച്ഛാശക്തി കൈവരിച്ചവര്‍ക്ക് വെള്ളവും ഉപേക്ഷിച്ച് ഉപവാസം അനുഷ്ഠിക്കാം.
ഇനി ഇന്ദിര ഏകാദശിയെപറ്റി പറയാം? ഭാദ്രപഥത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് ഇന്ദിര ഏകാദശി. ഇതിനെപ്പറ്റിയൊരു കഥയുണ്ട്. കഥ നടക്കുന്നത് സത്യയുഗത്തിലാണ്. മഹിഷ്മതി രാജ്യത്ത് ഇന്ദ്രസേന എന്നുപേരായ ഒരു രാജാവ് വളരെ സന്തോഷത്തോടെ രാജ്യം ഭരിച്ചുപോന്നു. അക്കാലത്ത് ഒരു ദിവസം അദ്ദേഹത്തിന് ഒരു സ്വപ്ന ദര്‍ശനം ഉണ്ടായി. സ്വപ്നത്തില്‍ പിതൃക്കള്‍ അദ്ദേഹത്തോട് വ്യസനസമേതം പറഞ്ഞു, തങ്ങള്‍ വല്ലാതെ സങ്കടം അനുഭവിക്കുന്നുണ്ട്.
അദ്ദേഹത്തിന് ഏറെ വിഷമമായി. സ്വപ്നത്തില്‍ കണ്ട കാര്യം അദ്ദേഹം വിദ്വല്‍സദസ്സിലെ പണ്ഡിതന്മാരുമായി ചര്‍ച്ചചെയ്തു. അവര്‍ അതിന് പരിഹാരവും നിര്‍ദ്ദേശിച്ചു- പത്‌നി സമേതനായി ഇന്ദിര ഏകാദശി വ്രതം നോക്കുക. പിതൃക്കള്‍ മോക്ഷകകവാടത്തില്‍ എത്തും. അദ്ദേഹം ആ നിര്‍ദ്ദേശം അനുസരിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ പിതൃക്കള്‍ മോക്ഷപ്രാപ്തിയിലെത്തി എന്നാണ് വിശ്വാസം.
ഇന്ദിര ഏകാദശി വ്രതം അശ്വമേധയജ്ഞത്തിന് തുല്യമാണ്. ഏകദേശിയുടെ അവസാനത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും ചേര്‍ന്ന സമയം ഏറ്റവും കൂടുതല്‍ പുണ്യകാലമാണ്. ഇതിന് ഹരിവാസരം എന്നും അറിയപ്പെടുന്നു.