വിഷ്ണു ഭഗവാന് ഏറെ പ്രിയപ്പെട്ടതാണ് തുളസി ചെടി. മഹാലക്ഷ്മിയുടെ അംശമാണ് തുളസി എന്നാണ് വിശ്വാസം. തുളസി വളര്‍ത്തി പൂജിക്കുന്ന വീടുകളില്‍ ലക്ഷ്മിദേവി അനുഗ്രഹം ചൊരിയും എന്നാണ് കരുതുന്നത്.
ലക്ഷ്മീദേവിയാണ് തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നത് എന്നാണ് ഹൈന്ദവവിശ്വാസം. ഇല, പൂവ്, കായ്, തൊലി, തടി, വേര് തുടങ്ങി തുളസിച്ചെടിയുടെ സകലഭാഗങ്ങളും പവിത്രമാണ്. തുളസി നില്‍ക്കുന്ന മണ്ണുപോലും പാവനമായി കരുതിവരുന്നു.
തുളസിത്തീ കൊണ്ട് വിഷ്ണുവിന് വിളക്കുവച്ചാല്‍ അനേക ലക്ഷം വിളക്കിന്റെ പുണ്യഫലം ലഭിക്കും. തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു ദിവസം കൊണ്ടുതന്നെ നൂറു പൂജയുടെയും നൂറു പശുദാനത്തിന്റെയും ഫലം നേടും എന്നാണ് വിശ്വാസം.
വിഷ്ണുപൂജയ്ക്ക് തുളസിയില അതിവിശിഷ്ടമാണ്. തുളസിച്ചെടിയുടെ ചുവട്ടില്‍ വെള്ളമൊഴിച്ച ശേഷം അതിനെ ഭക്തിപൂര്‍വ്വം പ്രദക്ഷിണം ചെയ്തിട്ടു വേണം തുളസിയില ഇറുത്തെടുക്കാന്‍. ദേഹശുദ്ധിയോടും മനഃശുദ്ധിയോടുംകൂടിവേണം തുളസിയെ സ്പര്‍ശിക്കാന്‍.
ഭവനത്തിന് മുന്നില്‍ തുളസിത്തറയില്‍ തുളസി നട്ടുവളര്‍ത്തുന്നതും അതിനെ പരിരക്ഷിക്കുന്നതും ഉത്തമമാണ്. ദിവസവും അതിന് ചുവട്ടില്‍ ശുദ്ധജലമൊഴിക്കുക, സന്ധ്യയ്ക്ക് തുളസിത്തറയില്‍ ദീപം തെളിയിക്കുക എന്നിവയൊക്കെ അനുഷ്ഠിക്കാം.
വ്യാഴം, ബുധന്‍, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ ദശാകാലങ്ങളുള്ളവര്‍ നിത്യവും ഭക്തിപൂര്‍വം തുളസിയെ പ്രദക്ഷിണം വയ്ക്കുന്നത് ദോഷശാന്തിയും ഐശ്വര്യലബ്ധിയും നല്‍കും. ഇവര്‍ തുളസിമാല ധരിക്കുന്നതും ഉത്തമം.
ഏകാദശി വ്രതമനുഷ്ഠിക്കുന്നവര്‍ തുളസിച്ചുവട്ടില്‍ വെള്ളമൊഴിക്കുകയും തുളസിയിലയിട്ട തീര്‍ത്ഥം സേവിക്കുകയും ചെയ്യുന്നത് അതിവിശേഷമാണ്.
വീടിന്റെ മുന്‍വശത്ത് മുറ്റത്തിന് നടുവിലായി തുളസിത്തറയുണ്ടാക്കി തുളസിച്ചെടി നട്ടുവളര്‍ത്തണം. ഈശ്വരാംശവും ഔഷധഗുണവും ഒത്തുചേര്‍ന്ന ദിവ്യസസ്യമാണ് തുളസി. ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്നെഴുന്നേറ്റ് തുളസിയെ പ്രദക്ഷിണം വയ്ക്കണം. സന്ധ്യക്ക് തുളസിത്തറയില്‍ തിരിവെച്ച് ആരാധിക്കുകയും വേണം.
പൂജയുടെ ഭാഗമായി തുളസിയില ഉപയോഗിക്കാറുണ്ടെങ്കിലും ഇവ കൊണ്ട് ആരാധിക്കേണ്ടത് ആരെയൊക്കെ ആണെന്ന കാര്യത്തില്‍ പലര്‍ക്കും അറിവില്ല. വൈഷ്ണവ പ്രധാനമായ ദേവന്മാരായ മഹാവിഷ്ണു, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍ എന്നിവരെയാണ് തുളസി കൊണ്ട് ആരാധിക്കേണ്ടത്. പരമശിവന്‍, ഗണപതി തുടങ്ങിയ ശൈവപ്രധാനമായ ദേവന്മാരെ പ്രീതിപ്പെടുത്താനോ ഇവര്‍ക്കായുള്ള പൂജകളിലോ തുളസി ഉപയോഗിക്കാനും പാടില്ല.
ദീര്‍ഘസുമംഗലിയായി ജീവിക്കാന്‍ തുളസീപൂജ സഹായിക്കുമെന്നാണ് വിശ്വാസം. തുളസിയിലയിട്ട വെള്ളം ഗംഗാതീര്‍ത്ഥം പോലെ പവിത്രമാണെന്ന് കരുതുന്നു. തുളസി വിഷ്ണുവിനെ ആരാധിച്ചിരുന്നതിനാല്‍ വിഷ്ണുപ്രിയ എന്നും തുളസിക്ക് പേരുണ്ട്.
സാക്ഷാല്‍ ശ്രീകൃഷ്ണനെ പൂജിക്കുന്നതിന് സമാനമാണ് തുളസിയെ പൂജിക്കുന്നത് എന്ന് പുരാണകഥകള്‍ പഠിപ്പിക്കുന്നു. 12 ആദിത്യന്മാര്‍, പതിനൊന്ന് രുദ്രന്മാര്‍, അഷ്ടവസുക്കള്‍, അശ്വനിദേവന്മാര്‍ എന്നിവരുടെ തുളസിയില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. വിഷ്ണുപാദങ്ങളെ സേവിക്കുന്ന ദേവിയായി തുളസിയെ സങ്കല്‍പിക്കുന്ന ഐതീഹ്യവുമുണ്ട്.