വ്രതാനുഷ്ഠാനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് ഏകാദശി വ്രതം. ഏകാദശികളില്‍ പ്രധാനപ്പെട്ടതാണ് വൈകുണ്ഠ ഏകാദശി അഥവാ സ്വര്‍ഗവാതില്‍ ഏകാദശി. ധനുമാസത്തിലെ വെളുത്ത ഏകാദശിയാണ് വൈകുണ്ഠ ഏകാദശിയായി ആചരിച്ചുവരുന്നത്. വൈഷ്ണവര്‍ക്ക് വളരെ പ്രധാനപ്പെട്ട ദിവസമാണിത്. 2023 ഡിസംബര്‍ 22 നാണ് സ്വര്‍ഗവാതില്‍ ഏകാദശി.
വിഷ്ണുഭഗവാന്‍ വൈകുണ്ഠത്തിലേയ്ക്കുള്ള ദ്വാരം തുറക്കുന്ന ദിവസമാണ് ഇതെന്നും അന്ന് മരിക്കുന്നവര്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. ശ്രീരംഗം, തിരുപ്പതി തുടങ്ങി എല്ലാ വൈഷ്ണവ ദേവാലയങ്ങളിലും വളരെയധികം പ്രാധാന്യത്തോടെ ഈ ദിവസം ആചരിച്ചുവരുന്നു.
ഏകാദശി നാള്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ ഉപവാസം കഴിയാത്തവര്‍ ഒരു നേരം പഴങ്ങള്‍ ഉപയോഗിക്കാം. ഏകാദശിദിനം മുഴുവന്‍ ഉണര്‍ന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂര്‍) സമയത്തെ ഹരിവരാസരം എന്നാണു പറയുക.
ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവരാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.
ഏകാദശി ദിവസം തുളസി നനയ്ക്കുന്നതും തുളസിത്തറയ്ക്കു പ്രദക്ഷിണം വെച്ച് തൊഴുന്നതും നന്ന്. തുളസിക്കു ചുറ്റും മൂന്ന് പ്രദക്ഷിണമാണ് വയ്ക്കേണ്ടത്.
ഏകാദശിയുടെ പിറ്റേന്ന് (ദ്വാദശി ദിവസം) രാവിലെ പാരണ വീടി വ്രതം അവസാനിപ്പിക്കണം. അല്‍പം ജലത്തില്‍ രണ്ടു തുളസീദളം, ഒരു നുള്ള് ചന്ദനം, ലേശം ഉണക്കലരി ചേര്‍ത്ത് ഭഗവത് സ്മരണയോടെ സേവിക്കുന്നതാണ് പാരണ. പിന്നീട് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്. ദ്വാദശി നാളിലും ഒരു നേരത്തെ ഭക്ഷണമേ പാടുള്ളു.