പരമശിവന്റെ ശാപം കൊണ്ട് പാതളത്തിൽ പോയി പന്ത്രണ്ട് വർഷം ഒളിച്ചിരിക്കുകയും കാലനില്ലാത്ത ജഗത്തിൽ എല്ലാവരും വിഷമിക്കുകയും ചെയ്തു.ത്രിമൂർത്തികൾ ഇടപ്പെട്ടതിനാൽ പന്ത്രണ്ട് വിധത്തിലുള്ള ഗുളികന്മാരായി ഗുളികൻ ഭൂമിയിലേയ്ക്ക് തിരിച്ച് വന്നു. അഷ്ടനാഗങ്ങളായ അനന്തൻ ,വാസുകി, തക്ഷകൻ, കാർക്കോടകൻ, പത്മൻ, മഹാപത്മൻ, ഗുളികൻ ശംഖ്പാലൻ, ഇങ്ങനെ അഷ്ട നാഗങ്ങളിൽ ഏഴാമൻ കൂടിയാണ്, ഗുളികൻ, ഗുളികന് " മാന്ദി " എന്ന് കൂടി പേരുണ്ട്. സൗത്ത് ഇന്ത്യൻ ജ്യോതിഷത്തിൽ , ഗുളികന് പ്രേത്യക പ്രാധാന്യം തന്നെ നൽകിയിരിക്കുന്നു. ജാതകം എഴുതുമ്പോൾ ഗ്രഹസ്ഥിതിയിൽ (ഗ്രഹനില) ഗുളികന് " മാ " എന്നാണ് അടയാളപെടുത്തുന്നത്, മാന്ദി എന്നത് ചുരുക്കി എഴുതുന്നതാണിത്.
ഒരാളുടെ ജയ പരാജയങ്ങൾ നിർണയിക്കുന്നത് അഷ്ടനാഗങ്ങളിൽ ഏഴാമനായ ഗുളികനാണ്. ഗുളികന്റെ ( മാ ) സാന്നിധ്യം ഇല്ലാത്ത ഗ്രഹനില അപൂർണ്ണമായിരിക്കും. നാഗരാജാവിന്റെ രൂപമാണ് ഗുളികന്. പുള്ളുവൻ പാട്ടിൽ നാഗോൽപത്തി പാടുമ്പോൾ അഷ്ട നാഗങ്ങളുടെ പേരുകളും, എല്ലാവരുടെയും ലക്ഷണവും നിറവും പാടുന്നുണ്ട്, അതിൽ ഗുളികന്റെ രൂപം വർണ്ണിക്കുന്നുണ്ട് പച്ച വർണ്ണമായിട്ടാണ്. നാഗപടത്തിന്റെ രൂപമാണ് മുടിയിൽ ശിവാംശ ജാതനായ ഗുളികൻ ജീവജാലങ്ങളുടെ മരണസമയത്ത് ജീവനെ കൊണ്ട് പോകുന്ന ദേവനാണെന്ന് വിശ്വസികപ്പെടുന്നു. ജ്യോതിഷികൾ ഗുളികൻ നില്കുന്നത് നോക്കി മരണം പോലും പ്രവചിക്കും.
ഗുളികൻ നിൽക്കുന്ന രാശിയുടെ അധിപന്റെ ശക്തിയും, കൂടെ നിൽക്കുന്ന ഗ്രഹത്തിന്റെ ശക്തിയും നശിപ്പിക്കുന്നു. ജോതിഷ തത്ത്വമനസരിച്ച് ഗുളികന്റെ ദൃഷ്ടി പതിക്കുന്നിടത്തു മരണമോ തത്തുല്യമായ ദോഷമോ ഉണ്ടാകുമെന്നാണ്. പുറംകാലനെന്നും ഗുളികന് പേരുണ്ട്. .കാലൻ , അന്തകൻ, യമൻ, കാലാന്തകൻ എന്നീ പേരുകളിലും ഗുളികൻ അറിയപ്പെടുന്നു. പരമശിവന്റെ ഇടതു തൃക്കാലിന്റെ പെരുവിരൽ പൊട്ടിപിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ ദേവനാണ് ഗുളികൻ. തന്റെ ഭക്തനായ മാർക്കണ്ഡേയന്റെ രക്ഷാർത്ഥം മഹാദേവൻ കാലനെ തന്റെ മൂന്നാം തൃക്കണ്ണ് തുറന്നു ഭസ്മമാക്കി. കാലനില്ലാത്തത് കാരണം എങ്ങും മരണമില്ലാതെയായി. ഭാരം സഹിക്കാൻ വയ്യാതെ ഭൂമി ദേവി ദേവന്മാരോടൊപ്പം മഹാദേവനോടു സങ്കടം ഉണർത്തിച്ചു .
മഹാദേവൻ തന്റെ പെരുവിരൽ ഭൂമിയിലമർത്തി. മഹാദേവന്റെ ഇടതു തൃക്കാൽ പൊട്ടി അതിൽ നിന്നും ഗുളികൻ അവതരിച്ചു. ത്രിശൂലവും കാലപാശവും നൽകി ഗുളികനെ കാലന്റെ പ്രവൃത്തി ചെയ്യാൻ നിർദേശിച്ചു. ആ കാലത്താണ് കുട്ടികളുണ്ടാകാൻ കശ്യപ മഹർഷി ഹോമം നടത്തിയത്. ഗുളികനെ ദക്ഷ പുത്രിയും, കശ്യപ മുനിയുടെ ഭാര്യയുമായ കദ്രുവിന്റെ ഗർഭത്തിലൂടെ നാഗരൂപത്തിൽ ഭൂമിയിലേക്കയച്ചു. കദ്രുവിന് ഉണ്ടായ ആയിരം സർപ്പങ്ങളിൽ ഏഴാമൻ ആയി ഗുളികൻ ഭൂമിയിൽ ജന്മം എടുത്തു. കദ്രുവിനുണ്ടായ ആയിരം സർപ്പ സന്തതികളിൽ നാഗരാജാവായ അനന്തനും, ഏഴാമൻ ഗുളികനും മാത്രമാണ്മ ഹാവിഷ്ണുവിന്റെ കൂടെ പാലാഴിയിൽ വസിക്കുന്നത്. ബാക്കിയുള്ള 998 സർപ്പങ്ങളും നാഗഭൂഷണനായ ശിവന്റെ ആഭരണങ്ങളായി കൈലാസത്തിൽ വസിക്കുന്നു.
ജാതക ദോഷ പരിഹാരം ചെയുമ്പോൾ അഷ്ട നാഗങ്ങൾക്ക് പൂജ ചെയുന്നത് ജാതകത്തിലെ ഗുളികന്റെ ദോഷം മാറുവാൻ വേണ്ടിയാണു. ക്ഷിപ്ര പ്രസാദിയാണ് നാഗരാജാവ് ഗുളികൻ, എട്ട് നാഗരാജാക്കമാരെ ഒന്നിച്ചു വിളിച്ചു നൂറും പാലും നൽകിയാണ് ഗുളികനെ പ്രീതി പെടുത്തുന്നത്. ഗുളികൻ നിൽകുന്നിടവും, ദൃഷ്ടി പതിക്കുന്നിടവും നശിക്കും എന്നാണ് വിശ്വാസം. ഗ്രഹനിലയിൽ ഗുളികൻ നിൽക്കുന്നതിന്റെ ഏഴാമത്തെ രാശിയിലാണ് ദൃഷ്ടി.ഗുളികന് നൂറും പാലും നൽകുന്നത് നാഗരാജാവ് അനന്തന്റെ പത്നിയും, നാഗലോകത്തിന്റെ ഐശ്വര്യ ദേവതയുമായ "നാഗലക്ഷ്മിയുടെ" പ്രതിഷ്ഠയുള്ള സർപ്പക്കാവുകളിൽ മാത്രമാണ്, നാഗലക്ഷ്മി 'അനന്തലക്ഷ്മി 'എന്ന പേരിലും അറിയപ്പെടുന്നു. കന്യാകുമാരി മുതൽ ഗോകർണം വരെയുള്ള പ്രേദേശത്തു ഒരു നാഗലക്ഷ്മി പ്രതിഷ്ഠയുള്ള സർപ്പക്കാവുണ്ട്.
നാഗലക്ഷ്മിയുടെ ജനനം
സന്തതി ഇല്ലാതിരുന്ന കശ്യപ മഹർഷി സന്താനം ഉണ്ടാകുവാൻ ഹോമം നടത്തി. ഹോമത്തിന്റെ ഹവിസ്സിൽ നിന്നും, രണ്ടു തവി ഭാര്യയായ വിനതക്കും, ബാക്കിയുള്ളത് പാത്രത്തോടെ കദ്രുവിനും കഴിക്കാൻ കൊടുത്തു. ഹവിസ് കഴിച്ച കദ്രുവിന്റെ ഗർഭത്തിൽ ശ്രീ മഹാവിഷ്ണു പ്രേവേശിച്ചു, കദ്രു ഗർഭിണി ആയി ഗർഭത്തിലൂടെ ഉണ്ടായത് 1000 മുട്ടകൾ ആയിരുന്നു. കന്നി മാസത്തിൽ, ആയില്യം നാളിൽ, ദ്വാദശി തിഥിയിൽ, വൃശ്ചിക ലഗ്നത്തിൽ വെള്ളിയാഴ്ച ദിവസം മുട്ടകൾ വിരിഞ്ഞു എന്ന് നാഗോൽപത്തിയിൽ പാടുന്നു. ശ്രീമഹാവിഷ്ണു ആദ്യ സന്താനമായി നാഗരൂപത്തിൽ ഭൂമിയിൽ അവതരിച്ചു, പിന്നാലെ 999 സർപ്പങ്ങളും മുട്ട വിരിഞ്ഞിറങ്ങി. മുട്ട വിരിഞ്ഞതിന്റെ 28 മത് ദിവസം തുലാം മാസം, ആയില്യം നാളിൽ, നാഗമാതാവ് നാഗങ്ങൾക്കു നാമകരണം നൽകി , അതിൽ ഒന്നാമന് " അനന്തൻ " എന്നാണ് പേരിട്ടത്.
ബ്രഹ്മാവിന്റെ നിർദേശ പ്രകാരം, ഉഗ്രമൂർത്തികളായ നാഗങ്ങൾക്കു വേണ്ടി വിശ്വകർമ്മാവ് പുതിയൊരു ലോകം തന്നെ നിർമിച്ചു നൽകി " നാഗലോകം " കദ്രുവിന്റെ പ്രഥമ പുത്രനായ അനന്തനെ നാഗലോകത്തിന്റെ രാജാവായി ബ്രഹ്മാവ് അഭിഷേകം ചെയ്തു. ശ്രീ മഹാവിഷ്ണു അനന്തനായി നാഗരൂപത്തിൽ ഭൂമിയിൽ അവതരിച്ചത് കണ്ട മഹാലക്ഷ്മി നാഗ രൂപം ധരിച്ചു, നാഗലോകത്തിൽ പ്രേവേശിച്ചു അനന്തനോട് ചേർന്നു, അനന്തന്റെ പത്നി ആയതിനാൽ "അനന്തലക്ഷ്മി " എന്നും അറിയപ്പെടുന്നു. അനന്തനും നാഗലക്ഷ്മിയും ഇരിക്കുന്നിടത്തു മാത്രമേ ഗുളികന് നൂറും പാലും കൊടുക്കുകയുള്ളു. വേറെ എവിടെ ചെയ്താലും ചെയുന്ന, സ്ഥലവും ചെയുന്ന ആളുടെയും ഏഴ് തലമുറ നശിക്കും എന്നാണ് വിശ്വാസം'. ഗുളികൻ നിൽക്കുന്ന രാശിയെയും, രാശിയുടെ അധിപനെയും, കൂടെയുള്ള ഗ്രഹങ്ങളെയും ബാധിക്കും എന്ന് ജോതിഷം.
രാജയോഗം
ലഗ്നത്തിൽ ഗുളികൻ ഒറ്റക്കു നിന്നാൽ അഷ്ട നാഗങ്ങളെ കൊണ്ടുള്ള രാജയോഗം സിദ്ധിക്കും. മലയസമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തി ഗുളികനാണ്. ജനനം മുതൽ മരണം വരെ ചെറുതും വലുതും നല്ലതും ചീത്തയുമായ എല്ലാ കർമ്മങ്ങളിലും ഗുളികന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പറയപ്പെടുന്നു.
ഗുളികൻ തെയ്യം
വെടിയിലും പുകയിലും കരിയിലുമടക്കം നാനാകർമ്മങ്ങളിലും വസിക്കുന്ന ദേവനാണ് താനെന്നു തെയ്യത്തിന്റെ വാമൊഴി ഗുളികൻ, മാരി ഗുളികൻ ,വടക്കൻ ഗുളികൻ, പുലഗുളികൻ, ജപ ഗുളികൻ, കരിംഗുളികൻ, കാര ഗുളികൻ, ജാതക ഗുളികൻ, ഉമ്മിട്ട ഗുളികൻ, തെക്കൻ ഗുളികൻ തുടങ്ങിയ സങ്കല്പങ്ങൾക്ക് കെട്ടിക്കോലമുണ്ട്. തെയ്യത്തെപ്പോലെ സമാന കലകളായ തിറയാട്ടത്തിലും, ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്. കുരുത്തോലയുടെ വഞ്ചിയും കയ്യിൽ ദണ്ഡും കുരുത്തോലകൊണ്ട് കെട്ടിയ ആകോലും അരിചാന്ത് പൂശിയ ദേഹത്ത് മൂന്ന് കറുത്ത വരകളുമായിട്ടാണ് ഗുളികന്റെ വേഷം പുരികത്തിനു തൊട്ടു മേലേന്നു തുടങ്ങി കണ്ണിനു താഴെ വരെ മഷി.
മുഖത്തും ദേഹത്ത് പൊക്കിൾ വരേയും അരിച്ചാന്തിടും. ഈർക്കിലുകൊണ്ട് മുഖത്തു നിന്നും വിരലുകൊണ്ട് ദേഹത്തുനിന്നും വരകളാവാൻ അരിച്ചാന്തുമാറ്റും. തലപ്പാളി കെട്ടി, തലത്തണ്ട കെട്ടും. കുരുത്തോല മടലോടെ ഈർക്കിൽ കളഞ്ഞ് അരയിൽ ചുറ്റിക്കെട്ടും.ഇതിനെ ‘’‘കുരുത്തോലവഞ്ചി‘’‘ എന്നും ‘’‘ഒലിയുടുപ്പ്’‘ എന്നും പറയും. കൈയിൽ കുരുത്തോല കൊണ്ട് നകോരം കെ ട്ടും. പിറകിൽ നിതംബം വരെ താഴ്ന്നു കിടക്കുന്ന ചാമരമുണ്ടാവും, കാലിൽ ചിലങ്കയും. വ്യത്യസ്ത രൂപങ്ങൾക്ക് വ്യത്യസ്ത വേഷങ്ങളാണ്. ഒട്ടുമിക്ക തെയ്യങ്ങളും മുഖപ്പാളയും,അരയിൽ കുരുത്തോല കൊണ്ടുള്ള ഒലിയുടുപ്പും, ധരിക്കും. അരിച്ചാന്തു കൊണ്ടാണ് മെയ്യെഴുത്ത്.
തെക്കൻ ഗുളികന് ഉയരമേറിയ തിരുമുടിയുണ്ടാകും. ഇത് ധരിച്ചുകൊണ്ടുതന്നെ പൊയ്ക്കാലിൽ നടക്കുകയും ചെയ്യാറുണ്ട്. കാരഗുളികനാകട്ടെ ,കാരമുള്ളുകളിലേക്ക് എടുത്തുചാടാറുണ്ട്. ശരീരമാസകലം കുരുത്തോല അണിഞ്ഞ രൂപത്തിലാണ് കാരഗുളികന്റെ വേഷം. തിറയാട്ടത്തിലാകട്ടെ, പാണ സമുദായക്കാർ കെട്ടിയാടുന്ന ഗുളികന് കഥകളിയിലെ കരിവേഷത്തോട് സാമ്യമുണ്ട്. ഗുളികന് ചൂട്ടും, ത്രിശൂലവുമാണ് പ്രധാന ആയുധങ്ങളുമായി ഗുളികൻ തെയ്യം നാഗരൂപത്തിൽ കെട്ടിയാടുന്നു.