ചന്ദ്രന്‍ പനയറക്കുന്ന്
സൂര്യഭഗവാനോ ഇഷ്ടദേവതകള്‍ക്കോ നേര്‍ച്ചക്കാര്‍ സ്വയം പാകം ചെയ്ത് സമര്‍പ്പിക്കുന്ന നെല്ലരി നിവേദ്യമാണ് പൊങ്കാല. കൂട്ടായ്മയുടെ നിവേദ്യ സമര്‍പ്പണമാണ് ഉത്സവ പറമ്പുകളിലെ പൊങ്കാല.
പൊങ്കാല എന്ന പദത്തിന് തമിഴിലെ പൊങ്കല്‍ എന്ന പദത്തോട് സാദൃശ്യവും ഉച്ചാരണത്തില്‍ സാമ്യതയുമുണ്ടെങ്കിലും ഇവ പര്യായപദങ്ങളല്ല. തമിഴില്‍ വ്യാപകമായ അര്‍ത്ഥമുള്ള പൊങ്കല്‍ ശബ്ദത്തിന് മലയാളത്തില്‍ പരിമിതമായ അര്‍ത്ഥമേയുള്ളൂ.
ഉലകുട പെരുമാളിന്റെ പാട്ടുകഥയില്‍ രാജ്ഞിയുടെ കടിഞ്ഞൂല്‍ ഗര്‍ഭധാരണത്തിന്റെ ഏഴാം മാസം നടത്തുന്ന ഒരു ചടങ്ങാണ് പൊങ്കാല കല്യാണം. നാട്ടുകാരുടെയിടയിലും ഉണ്ടായിരുന്ന ഈ ആചാരത്തിന് വയറ്റ് പൊങ്കാല എന്നായിരുന്നു പേര്. ഗര്‍ഭിണിയുടേയും ഗര്‍ഭസ്ഥ ശിശുവിന്റേയും സുസ്ഥിരതയ്ക്കും സുഖപ്രസവത്തിനും വരമേകാന്‍ ആദിത്യഭഗവാന് സമര്‍പ്പിക്കുന്ന നേര്‍ച്ചയായിരുന്നു ഇത്.
പൊങ്കുവാല എന്ന പദത്തില്‍ നിന്നാണ് പൊങ്കാല രൂപീകൃതമായത് എന്ന് സാരം. പെങ്കുവാലയിലെ വാല എന്ന പദത്തിന് പ്രത്യേക അര്‍ത്ഥമുണ്ട്. അടുപ്പിലിരിക്കുന്ന കലത്തിലെ അരി വെന്തു കഴിഞ്ഞാല്‍ കലത്തിലുള്ള വെള്ളം വാര്‍ത്ത് കളയണം. കലത്തിന് മുകളില്‍ ചെറിയ ദ്വാരങ്ങളുള്ള അടപ്പ് പാത്രം വച്ച് കലം കമഴ്ത്തി വെള്ളം വാര്‍ത്ത് കളയുന്നു. വെള്ളമെല്ലാം തോര്‍ന്ന ശേഷം കലം നിവര്‍ത്തി വയ്ക്കുന്നു. ഇതിനെയാണ് വാലയിടല്‍ എന്നു പറയുന്നത്. എന്നാല്‍ പൊങ്കാലയ്ക്ക് വാലയിടലോ നിവര്‍ത്തലോ ആവശ്യമില്ല. അധികമുള്ള വെള്ളം തിളച്ച് പൊങ്ങി പുറത്തേക്കൊഴുകി തീരുന്നു. അത് കൊണ്ടാകാം പൊങ്കുവാല എന്ന പദം പൊങ്കാലയായി രൂപപ്പെട്ടത്.
സൂര്യഭഗവാന് അഭിമുഖമായി തുറസ്സായ സ്ഥലത്ത് വച്ച് തയ്യാറാക്കുന്ന നിവേദ്യങ്ങള്‍ക്ക് മാത്രമേ പൊങ്കാലയെന്ന് മലയാളത്തില്‍ പറയുകയുള്ളൂ.
സൂര്യഭഗവാന് പൊങ്കാലയിടുന്ന സമ്പ്രദായം തെക്കന്‍ കേരളത്തില്‍ പ്രാചീന കാലം മുതല്‍ക്കേ വ്രതാനുഷ്ഠാനത്തോടെ നടന്നുവന്നിരുന്നതാണ്. വിളവെടുപ്പ് കാലത്തെ പുന്നെല്ലരി (പുത്തരി) വീട്ടില്‍ ആദ്യം ഉപയോഗിക്കുന്നത് പൊങ്കാലയിടാനാണ്. ശിശുക്കളുടെ നൂല് കെട്ടിന് (28 കെട്ട്) കുടുംബത്തിലെ സ്ത്രീകള്‍ വ്രതാനുഷ്ഠാനത്തോടെയാണ് പൊങ്കാലയിടാറുള്ളത്. നേര്‍ച്ചക്കാര്‍ തന്നെ നിവേദിക്കല്‍ കര്‍മ്മവും നടത്തുന്നു.
എന്നാല്‍ അമ്പലപറമ്പുകളിലെ സമൂഹ പൊങ്കാലകളില്‍ ബന്ധപ്പെട്ട ദേവാലയത്തിലെ ശാന്തിക്കാരനോ ഇതിനായി നിയോഗിക്കപ്പെട്ടയാളോ തീര്‍ത്ഥം തളിച്ചും പുഷ്പം സമര്‍പ്പിച്ചും നിവേദിക്കുന്നു. നിവേദ്യം കഴിഞ്ഞാല്‍ സംതൃപ്തിയോടെ വീട്ടിലെത്തുന്ന നേര്‍ച്ചക്കാര്‍ പൊങ്കാല പ്രസാദം വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും വിളമ്പിക്കൊടുക്കുന്നതോടെ വിഘ്‌നങ്ങള്‍ കൂടാതെ ആഗ്രഹം സാധിച്ച ചാരിതാര്‍ത്ഥ്യവുമായി അടുത്ത വര്‍ഷത്തെ പൊങ്കാലയ്ക്കായി കാത്തിരിക്കുന്നു.
നെല്ലരി വേവിച്ച് ചോറാക്കി എടുക്കുകയാണ് പൊങ്കലിലും പൊങ്കാലയിലും ചെയ്യുന്നത് അടുക്കളയിലോ മടപ്പള്ളിയിലോ വച്ച് തയ്യാറാക്കുന്നതിനെ പൊങ്കല്‍ എന്നുപറയും എന്നാല്‍ സൂര്യഭഗവാന് അഭിമുഖമായി തുറസ്സായ സ്ഥലത്ത് വച്ച് തയ്യാറാക്കുന്ന നിവേദ്യങ്ങള്‍ക്ക് മാത്രമേ പൊങ്കാല എന്ന പദം മലയാളത്തില്‍ പ്രയോഗിക്കാറുള്ളൂ.