കൊച്ചി: ആള്‍ കേരളം ബ്രാഹ്മണ ഫെഡറേഷന്റെ (എ കെ ബി എഫ് ) ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25, 26 തീയതികളില്‍ കാലടിയില്‍ സംഘടിപ്പിക്കുന്ന അഖില ഭാരത ബ്രാഹ്മണ മഹാസംഗമത്തിന് മുന്നോടിയായി പഞ്ചദിന കര്‍മ്മത്തിന് തുടക്കമായി.ഇന്ന് ഗുരുവായൂരില്‍ നിന്നും പൂര്‍ണ്ണകുംഭ പ്രയാണം ആരംഭിക്കും. ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് തീര്‍ത്ഥപൂര്‍ണകുംഭം ആള്‍ ഇന്ത്യ ബ്രാഹ്മിണ്‍ ഫെഡറേഷന്‍ സെക്രട്ടറി മണി എസ് തിരുവല്ലയ്ക്ക് കൈമാറും.തൃപ്പയാര്‍, ഇരിഞ്ഞാലക്കുട, പായമ്മേല്‍, മൂഴിക്കുളം, കണ്ണന്‍കുളങ്ങര വഴി ആലുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വ്യാഴാഴ്ച രാവിലെ 10 ന് സമസ്ത ആചാര്യന്മാരെയും സ്മരിച്ച് ആചാര്യ ദക്ഷിണയും പഴവര്‍ഗ സമര്‍പ്പണവും നടക്കും. 24ന് ശിവരാത്രി ദിനത്തില്‍ പാപനാശിനി, പമ്പ, ത്രിവേണി തുടങ്ങിയ പുണ്യതീര്‍ഥങ്ങളെയും സ്മരിച്ച് പൂര്‍ണാ നദിയിലെ മുതലക്കടവില്‍ നദീസംയോജനവും പൂര്‍ണാരതിയും നടക്കും. തൃശൂര്‍ തെക്കേമഠ മൂപ്പില്‍ സ്വാമിയാര്‍ക്ക് ഭിക്ഷയും ആചാര്യ സ്വാമിയാര്ക്ക് ദക്ഷിണയും ഫെഡറേഷന്‍ നേതാക്കള്‍ക്ക് സ്വീകരണവും നടക്കും.
26 ന് രാവിലെ മഹാഗണപതി ഹോമം, പ്രതിനിധി സമ്മേളനം. ഉച്ചയ്ക്ക് 3 ന് നടക്കുന്ന ബ്രാഹ്മണ സംഗമത്തില്‍ ദേശീയ അധ്യക്ഷന്‍ പവര്‍ലാല്‍ ശര്‍മ്മ എം എല്‍ എ, ജനറല്‍ സെക്രട്ടറി മേജര്‍ എസ് ആര്‍ സിന്ധു, ഡോ. പ്രദീപ് ജ്യോതി, എ കെ ബി എഫ് നേതാക്കളായ രാമലിംഗം, സുബ്രഹ്മണ്യം മൂസത് തുടങ്ങിയവര്‍ പങ്കെടുക്കും. ബ്രാഹ്മണമഹാ സംഗമത്തിന് മുന്നോടിയായി എറണാകുളം ടി ഡി ക്ഷേത്രാങ്കണത്തില്‍ കാശി, പ്രയാഗ, ഹരിദ്വാര്‍ പുണ്യതീര്‍ഥ പുണ്യകലശം കേരളം ഗൗഡ സാരസ്വത ബ്രാഹ്മണ സേവാ സംഘം സംസ്ഥാന അധ്യക്ഷന്‍ ഡി. രംഗദാസ പ്രഭു ബ്രാഹ്മിണ ഫെഡറേഷന്‍ നേതാക്കളായ ബി രാമലിംഗം, എസ്. സുബ്രഹ്മണ്യം മൂസത് എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ എ ജെ രാധാകൃഷ്ണ കമ്മത്ത്, രാമനാരായണ പ്രഭു, ടി ജി രാജാറാം ഷേണായി, സി ജി രാജഗോപാല്‍, മണി എസ് തിരുവല്ല തുടങ്ങിയവര്‍ പങ്കെടുത്തു.