തുളസിക്കതിര്‍ നുള്ളിയെടുത്ത്... പുത്രലാഭം, സര്‍വൈശ്വര്യം, രോഗമുക്തി...

നിരവധി ഒൗഷധഗുണങ്ങളുള്ള സസ്യമാണ് തുളസി. വിശ്വാസികള്‍ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു.

author-image
Web Desk
New Update
തുളസിക്കതിര്‍ നുള്ളിയെടുത്ത്... പുത്രലാഭം, സര്‍വൈശ്വര്യം, രോഗമുക്തി...

നിരവധി ഒൗഷധഗുണങ്ങളുള്ള സസ്യമാണ് തുളസി. വിശ്വാസികള്‍ തുളസിയെ പാവനസസ്യമായി കരുതി ആദരിക്കുന്നു. മഹാവിഷ്ണുവിന്റെ പത്‌നിയായ ലക്ഷ്മീ ദേവിയാണ് ഭൂമിയില്‍ തുളസിച്ചെടിയായി അവതരിച്ചിരിക്കുന്നതെന്നാണ് ഹൈന്ദവ വിശ്വാസം. സരസ്വതീശാപം നിമിത്തം ലക്ഷ്മീദേവി ധര്‍മധ്വജനെന്ന രാജാവിന്റെ പുത്രിയായ തുളസിയായി ജനിക്കുകയും ബ്രഹ്‌മാവിന്റെ അനുഗ്രഹത്താല്‍ വിഷ്ണുവിന്റെ അംശമായ ശംഖചൂഢന്‍ എന്ന അസുരനെ വിവാഹം കഴിക്കുകയും ചെയ്തു.

പത്‌നിയുടെ പാതിവ്രത്യം നശിച്ചാല്‍ മാത്രമേ മരണമുണ്ടാവുകയുള്ളൂ എന്ന വരം ശംഖചൂഢന് ലഭിച്ചിരുന്നതിനാല്‍ ദേവന്മാര്‍ ശംഖചൂഢനെ വകവരുത്തുന്നതിനായി മഹാവിഷ്ണുവിന്റെ സഹായം അഭ്യര്‍ഥിച്ചു.

ശംഖചൂഢന്റെ രൂപം സ്വീകരിച്ച മഹാവിഷ്ണു തുളസീദേവിയെ കബളിപ്പിച്ചു. കബളിപ്പിക്കപ്പെട്ടു എന്നു മനസ്സിലാക്കിയ ദേവി കൃത്രിമ ശംഖചൂഢനെ ശപിക്കാന്‍ മുതിര്‍ന്നെങ്കിലും മഹാവിഷ്ണു സ്വരൂപം കൈക്കൊള്ളുകയും ദേവിയെ സമാശ്വസിപ്പിക്കുകയും ചെയ്തു. തുളസീദേവി ശരീരമുപേക്ഷിച്ച് വൈകുണ്ഠത്തിലേക്കു പോയപ്പോള്‍ ദേവിയുടെ ശരീരം ഗണ്ഡകി എന്ന പുണ്യനദിയായി തീര്‍ന്നുവെന്നും, തലമുടിയിഴകള്‍ തുളസിച്ചെടിയായി രൂപാന്തരപ്പെട്ടുവെന്നുമാണ് ഐതിഹ്യം.

തുളസിയുടെ ഇല, പൂവ്, കായ്, വേര്, ചില്ല, തൊലി, തടി, മണ്ണ് എന്നിവയെല്ലാം തന്നെ പാവനമായി കണക്കാക്കപ്പെടുന്നു. തുളസിത്തീ കൊണ്ട് വിഷ്ണുവിന് ഒരു വിളക്ക് വച്ചാല്‍ അനേകലക്ഷം വിളക്കിന്റെ പുണ്യഫലം നേടുമെന്നും തുളസി അരച്ച് ദേഹത്ത് പൂശി വിഷ്ണുവിനെ പൂജിച്ചാല്‍ ഒരു ദിവസംകൊണ്ടുതന്നെ നൂറു പൂജയുടേയും നൂറു ഗോദാനത്തിന്റേയും ഫലം ലഭിക്കുമെന്നും പദ്മപുരാണം 24 മത്തെ അധ്യായത്തില്‍ പ്രസ്താവിക്കുന്നു.

നാരദമുനി നിത്യേന തുളസിയെ പൂജിച്ചിരുന്നു. മഹാവിഷ്ണുവിന്റെയോ ശ്രീകൃഷ്ണ ഭഗവാന്റേയോ തൃപ്പാദങ്ങളില്‍ രണ്ടോ മൂന്നോ തുളസിയില സമര്‍പ്പിച്ചാല്‍ സകല പാപവും മാറും എന്നാണ് വിശ്വാസം.

തുളസീദേവിയെ തുളസീമന്ത്രം ജപിച്ച് ആരാധിച്ചാല്‍ പുത്രലാഭം, രോഗമുക്തി, ബന്ധുജനലാഭം, സന്തോഷം, കുടുംബത്തില്‍ ഐശ്വര്യം, സര്‍വൈശ്വര്യം എന്നിവയുണ്ടാകും എന്നാണ് വിശ്വാസം. തുളസീദേവിയെ നിത്യവും വിളക്കുകൊളുത്തി ധ്യാനിക്കണം. തുളസിച്ചെടിച്ച് പ്രദക്ഷിണം വയ്ക്കണം.

പ്രാര്‍ഥനാശ്ലോകം

തുളസീ ശ്രീസഖേ ശുഭേ
പാപഹാരിണീ, പുണ്യദേ
നമസ്‌തേ നാരദാമുദേ
നാരായണ മന: പ്രിയേ

 

Astro prayer tulsi plant gods