പരമാത്മാവായ വിഷ്ണുഭഗവാന്റെ പ്രധാന അവതാരമായ ശ്രീരാമനാണ് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ശ്രീപരമേശ്വരനെ പ്രതിഷ്ഠിച്ചത്. പിതൃപ്രീതിക്കും പാപശാന്തിക്കുമായി ശ്രീരാമന്‍ പ്രാര്‍ഥിച്ച പുണ്യസ്ഥലമാണിത്. യുദ്ധത്തിനു മുമ്പായി സ്വന്തം പിതൃക്കള്‍ക്ക് ശ്രീരാമന്‍ ഇവിടെ വച്ച് ബലി കര്‍മ്മം നടത്തി. അതുകൊണ്ടാണ് രാമേശ്വരത്ത് ബലിയിടുന്നത് പിതൃക്കള്‍ക്ക് ഏറെ തൃപ്തിയേകുന്നതും പിതൃകര്‍മ്മത്തിന് ഇവിടം വളരെ പ്രസിദ്ധമായതും.
രാവണനെ വധിച്ച പാപം നശിക്കുന്നതിന് ശ്രീരാമന്‍ നടത്തിയ പ്രതിഷ്ഠയാണെന്ന ഐതിഹ്യത്തിലാണ് രാമേശ്വരം എന്ന് പേരുണ്ടായത്.
രാമേശ്വരത്ത് ഒരു മതില്‍ക്കെട്ടില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട്. ഒന്ന് കാശി വിശ്വനാഥക്ഷേത്രവും മറ്റൊന്ന് സീതാദേവി മണല്‍ കൊണ്ട് ശിവലിംഗമുണ്ടാക്കി പ്രതിഷ്ഠിച്ചെന്ന് വിശ്വസിക്കുന്ന രാമേശ്വരം ക്ഷേത്രവും. ക്ഷേത്രത്തിനകത്ത് 23 തീര്‍ഥങ്ങളുണ്ട്. കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന ഈ തീര്‍ഥങ്ങളിലെ ജലത്തിന് ഉപ്പ് രസമില്ല.
ദ്വാദശജ്യോതിര്‍ ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നായും രമേശ്വരം ക്ഷേത്രത്തെ കണക്കാക്കുന്നു. ക്ഷേത്രത്തിന് മുന്‍പിലുള്ള കടല്‍ത്തീരത്ത് വച്ചാണ് ഇവിടെ ബലികര്‍മ്മങ്ങള്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെ രാമേശ്വരം ക്ഷേത്രം പോലെ പ്രധാനപ്പെട്ടതായി കേരളത്തിലും ചില രാമേശ്വരം ക്ഷേത്രങ്ങളുണ്ട്.