തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ച്‌നടത്തുന്ന പ്രധാന ചടങ്ങുകളിൽ ഒന്നാണ് കുത്തിയോട്ട വ്രതാരംഭത്തിന് ഇന്ന് തുടക്കം.43 ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്.12 വയസ്സിൽ തഴെയുള്ള ബാലന്മാരാണ് കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നത്.രാവിലെ 9.30ന് വ്രതം ആരംഭിച്ചു.
മഹിഷാസുര മർദിനിയുടെ മുറിവേറ്റ ഭടന്മാരായാണ് കുത്തിയോട്ട ബാലന്മാരെ സങ്കൽപിക്കുന്നത്.ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ ഏഴ് ദിവസം താമസിച്ച് 1008 നമസ്‌കാരം ദേവിയ്ക്ക് മുൻപിൽ പൂർത്തിയാക്കണം എന്നതാണ് ആചാരം.രാവിലെ പന്തീരടി പൂജകൾക്ക് ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുന്നത്.
ദേവിയെ കുടിയിരുത്തി മൂന്നാം ദിവസമാണ് വ്രതം തുടങ്ങുന്നത്.ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങിയ ശേഷം പള്ളിപ്പലകയിൽ 7 വെള്ളിനാണയങ്ങൾ വെയ്ക്കും.ശേഷം ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിക്കുക.
പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീസന്നിധിയിൽ ബാലന്മാർക്കു ചൂരൽ കുത്തും.ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളിപ്പിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മാരാണ്.തിരികെ ക്ഷേത്രത്തിലെത്തി ഈ ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കും.
മാർച്ച് ഏഴിനാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല.ഫെബ്രുവരി 27 മുതൽ മാർച്ച് എട്ടുവരെയാണ് പൊങ്കാല മഹോത്സവം നടക്കുന്നത്.കോവിഡ് നിയന്ത്രണങ്ങൾ മാറിയ സാഹചര്യത്തിൽ കൂടുതൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ പഴുതടച്ച സംവിധാനങ്ങളൊരുക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി.