നവഗ്രഹങ്ങളില്‍ നാലാമത്തെ ഗ്രഹമാണ് ബുധന്‍. ഐതീഹ്യം അനുസരിച്ച് ചന്ദ്രന്റെ മകനാണ് ബുധന്‍. ബൃഹസ്പതിയുടെ ഭാര്യ താര തന്റെ ഭര്‍ത്താവിന്റെ ശിഷ്യനായ ചന്ദ്രന്റെ സൗന്ദര്യത്തില്‍ ആകൃഷ്ടയായി ചന്ദ്രനുമായി രമിക്കുകയും അങ്ങനെ ബുധന്‍ ജനിക്കുകയും ചെയ്തു.
അതിനാല്‍ ജാരപുത്രനായി കല്‍പ്പിച്ച് ബുധനെ ആരും വിദ്യകള്‍ ഒന്നും പഠിപ്പിക്കാന്‍ തയ്യാറായില്ല. എന്നാല്‍, എല്ലാം സ്വന്തം ബുദ്ധി ഉപയോഗിച്ച് അഭ്യസിച്ച് സകലകലാവല്ലഭനായി മാറി.
ഗുരുക്കന്മാരില്ലാത്ത ഗ്രഹമായാണ് ബുധന്‍ അറിയപ്പെടുന്നത്. ബുദ്ധികൂര്‍മ്മതയാണ് ബുധന്റെ പ്രത്യേകത. ജാതകത്തില്‍ ബുധന് ബലം ഉണ്ടെങ്കില്‍ ബുദ്ധികൂര്‍മ്മത കാണും. നിരൂപണശക്തിയും വിവേക ശക്തിയും കൂടുതലായിരിക്കും. വിഷയങ്ങള്‍ വേഗം ഗ്രഹിക്കാനുള്ള കഴിവും ഉണ്ടാകും. വേണ്ട സമയത്ത് അത് പ്രകടമാക്കാനുള്ള ശേഷിയും ഉണ്ടാവും.
രഹസ്യവും ഗൂഢവുമായ വിഷയങ്ങള്‍ പഠിക്കാനും അറിയാനും ഒരു പ്രത്യേക കഴിവാണ് ബുധന്‍ ബലവാനായ ജാതകര്‍ക്ക് ഉണ്ടാവുക. അതിന് ഇവര്‍ക്ക് ഗുരുവിന്റെ സഹായം ആവശ്യമായി വരുന്നില്ല. മികച്ച പ്രാസംഗികരുടെയും വാഗ്മികളുടെയും ജാതകത്തില്‍ ബുധന്‍ ബലവാന്‍ ആയിരിക്കും.
രജോ ഗുണവാനായ ബുധന്‍, ആയില്യം, തൃക്കേട്ട, രേവതി എന്നീ നക്ഷത്രങ്ങള്‍ക്ക് അധിപതിയാണ്. 5 ആണ് സംഖ്യ. രത്‌നം മരതകമാണ്. ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയുടെ അധികാരിയുമാണ്.
സൂര്യ മണ്ഡലം ചുറ്റിവരാന്‍ 88 ദിവസം മതി ബുധന്. സ്വക്ഷേത്രങ്ങള്‍ മിഥുനവും കന്നിയുമാണ്. നീചരാശി മീനമാണ്. ഒരു പ്രത്യേക വ്യക്തിത്വവും ഈ ഗ്രഹത്തിനില്ല. അതുകൊണ്ട് പാപഗ്രഹങ്ങളുടെ ദൃഷ്ടി, യോഗം ഇവയാല്‍ പാപത്വവും ശുഭഗ്രഹങ്ങളുടെ ദൃഷ്ടി, യോഗം എന്നിവയാല്‍ ശുഭത്വവും വന്നു ചേരുന്നു.
തന്നെ ആരെങ്കിലും ഏല്‍പ്പിച്ച കാര്യം നിര്‍വഹിക്കുന്ന ദൂതനെ പോലെയാണ് ബുധന്‍. ചാഞ്ചല്യവും പരിവര്‍ത്തന ശീലവും ഇരട്ട സ്വഭാവവും ഉണ്ട്. ശനിയും ശുക്രനും ഗ്രഹങ്ങള്‍ മിത്രങ്ങളും ചൊവ്വ, വ്യാഴം എന്നിവ ശത്രുവാണ്.
വിഷ്ണുവിന്റെ കാരകനായ ബുധന് രാഹുദോഷം കളയാനും കഴിയും. സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാല്‍ ഒരു വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മൗഢ്യം സംഭവിക്കുന്നത് ബുധനാണ്.