ലോകരക്ഷാർഥം ഭഗവാൻ ശ്രീകൃഷ്ണൻ അവതരിച്ച ദിനമാണ് അഷ്ടമി രോഹിണി . ഈ വർഷം സെപ്റ്റംബർ 10 വ്യാഴാഴ്ചയാണ് അഷ്ടമി രോഹിണി വരുന്നത്. ഈ വർഷത്തെ ജന്മാഷ്ടമി വിഷ്ണു ഭഗവാന് പ്രധാനമായ വ്യാഴാഴ്ചയും രോഹിണിയും ചേർന്ന് വരുന്ന ദിനത്തിലായതിനാൽ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കുന്നത് ഇരട്ടി ഫലം നൽകും എന്നാണ് വിശ്വാസം. കൂടാതെ ഈ ദിനത്തിൽ വ്രതം അനുഷ്ഠിക്കുന്നവരുടെ ആഗ്രഹങ്ങൾ ഭഗവാന്‍ സാധിച്ചു തരും എന്നാണ് വിശ്വാസം.
വ്രതാനുഷ്ഠാനം ഇങ്ങനെ
അഷ്ടമിരോഹിണിയുടെ തലേന്ന് സൂര്യാസ്തമനം മുതൽ വ്രതം ആരംഭിക്കാം. അത്താഴത്തിനു ധാന്യ ഭക്ഷണങ്ങൾ ഒഴിവാക്കി പഴമോ പാലോ കഴിക്കാം. പിറ്റേന്ന് ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് ഒരിക്കലോടെയോ ലഘുഭക്ഷണം മാത്രം കഴിച്ചുകൊണ്ടോ വ്രതം അനുഷ്ഠിക്കാം. ഈ ദിനത്തിൽ കഴിയാവുന്നത്ര തവണ ഭഗവാന്റെ മൂലമന്ത്രങ്ങൾ ജപിക്കുന്നത് അത്യുത്തമമാണ്. ('ഓം നമോ നാരായണായ' എന്ന അഷ്‌ടാക്ഷരമന്ത്രവും 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷര മന്ത്രവുമാണ് മൂലമന്ത്രങ്ങള്‍).
ദിനം മുഴുവൻ ഭഗവൽ സ്മരണയിൽ കഴിച്ചു കൂട്ടുക. സാധിക്കുമെങ്കിൽ ശ്രീകൃഷ്ണ ക്ഷേത്രദർശനം നടത്തി വഴിപാടുകൾ സമർപ്പിക്കുക. പാൽപ്പായസം വഴിപാടാണ് ഇതിൽ ശ്രേഷ്ഠം. ഉണ്ണിയപ്പം, വെണ്ണ നിവേദ്യം എന്നിവയും പ്രധാനമാണ്. ഭഗവാന്റെ അവതാര സമയം അർധരാത്രിയായതിനാൽ ആ സമയം വരെ ഭഗവാനെ ഭജിക്കുന്നത് ഉത്തമമാണ്.
അഷ്ടമിരോഹിണി ദിനത്തിൽ ഭാഗവതം പാരായണം ചെയ്യുന്നതും ഭക്തിയോടെ ശ്രവിക്കുന്നതും ജന്മാന്തര പാപങ്ങൾ അകറ്റുമെന്നാണ് വിശ്വാസം. വിഷ്ണു സഹസ്രനാമം, ഹരിനാമകീർത്തനം, ഭഗവദ്ഗീത, നാരായണീയം എന്നിവ പാരായണം ചെയ്യുന്നതും നന്ന്. അഷ്ടഗോപാല മന്ത്രങ്ങൾ ഓരോന്നും നാല്പത്തൊന്നു തവണ ജപിക്കുന്നത് സദ്‌ഫലം നൽകും. പിറ്റേന്ന് കുളിച്ചു തുളസി വെള്ളമോ ക്ഷേത്ര ദർശനം നടത്തി തീർഥമോ സേവിച്ച് വ്രതം അവസാനിപ്പിക്കാം.