പല വ്രതങ്ങളും ഉത്തര ഇന്ത്യയില്‍ ആചരിക്കുന്നതായത് കൊണ്ട് കേരളീയര്‍ക്ക് ആചരിക്കുവാന്‍ പ്രയാസം നേരിടാറുണ്ട്. ഉദാഹരണത്തിനു കേരളീയര്‍ (ബ്രാഹ്മണര്‍ അല്ലാത്തവര്‍) പ്രതിമകളിലോ വിഗ്രഹങ്ങളിലോ അഭിഷേകവും പൂജയും നടത്താറില്ല. അത് കൊണ്ട് അതിനു പകരം കുളിച്ചു ശുദ്ധമായി ശിവ പാര്‍വ്വതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ധാരയ്ക്കും കൂവള മാലയ്ക്കും വഴിപാടു കഴിച്ചു പ്രാര്‍ത്ഥന നടത്തിയാലും മതി.
ദാമ്പത്യ വിജയത്തിനും , കുടുംബത്തില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താനും , ഐശ്വര്യം ഉണ്ടാകാനും വേണ്ടി പരമശിവനെയും പാര്‍വ്വതി ദേവിയെയും ഒരുമിച്ചു പ്രാര്‍ത്ഥിച്ചു കൊണ്ട് എടുക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം .ഒരിക്കല്‍ അരിഭക്ഷണം കഴിച്ചു ദിവസം മുഴുവന്‍ ഓം നമ ശിവായ ജപിക്കുന്നതും ശ്രേഷ്ഠകാരമാണ്.
ദാമ്പത്യ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നവരാണെങ്കില്‍ വൈശ്യ ഗണപതി സൂക്തപുഷ്പാഞ്ജലിയും ഐക്യമത്യ പുഷ്പാഞ്ജലിയും കഴിക്കുന്നത് പരസ്പര ബന്ധങ്ങള്‍ ദൃഡമാകുവാന്‍ സഹായിക്കും. വിവാഹം നടക്കുവാന്‍ താമസിക്കുന്നവര്‍ക്കും ഈ വ്രതം നോക്കാവുന്നതാണ്.ഭാദ്രപദത്തിലെ പൂര്‍ണ്ണിമ (വെളുത്ത വാവ്) ദിവസം അനുഷ്ഠിക്കേണ്ട വ്രതമാണ് ഉമാമഹേശ്വര വ്രതം.
പാര്‍വ്വതീമഹേശ്വരന്മാരെയാണ് ഈ ദിവസം പൂജിക്കുന്നത്. പ്രഭാതത്തില്‍ കുളിച്ചു ശുദ്ധമായി മഹേശ്വരപ്രതിമയുണ്ടാക്കി വച്ച് അഭിഷേകം നടത്തണം. തുടര്‍ന്നു കൂവളത്തില, പുഷ്പങ്ങള്‍ മുതലായവ അര്‍പ്പിച്ചു ആരാധന നടത്തണം. പ്രാര്‍ത്ഥനയും നടത്താം. രാത്രി ശിവക്ഷേത്രത്തില്‍ പോയി ദര്‍ശനം നടത്തിയിട്ട് ഉറക്കമിളയ്ക്കണം. ഈ വ്രതം തുടര്‍ച്ചയായി പതിനഞ്ചു വര്‍ഷം അനുഷ്ടിക്കണം.
പൂജാവസാനം യഥാശക്തി ബ്രാഹ്മണഭോജനവും ദക്ഷിണയും നല്‍കണം. ഇതു നിമിത്തം എല്ലാ വിധ ദാമ്പത്യ ഐശ്വര്യവും ഉണ്ടാകും. ജീവിതത്തിലുടനീളം സമ്പത്തും സമാധാനവും ലഭിക്കും.ഓം നമഃ ശിവായ' എന്ന മൂലമന്ത്രം 108 തവണ ജപിക്കുന്നതും താഴെ പറയുന്ന പ്രാര്‍ഥനാ മന്ത്രം ചൊല്ലുന്നതും ഉത്തമമാകുന്നു.
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
ഐതിഹ്യം
ഉമാമഹേശ്വര വ്രതം ദുര്‍വാസാവ് മഹര്‍ഷിയും മഹാവിഷ്ണുവുമായി ബന്ധപെട്ടു കിടക്കുന്നു . ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷി ഒരിക്കല്‍ കൈലാസത്തില്‍ ചെന്ന് പരമശിവനെയും പാര്‍വതി ദേവിയെയും ദര്‍ശിക്കുകയുണ്ടായി . തന്നെ വന്നു ദര്‍ശിച്ചതിന്റെ സന്തോഷസൂചകമായി പരമശിവന്‍ ദുര്‍വാസാവ് മഹര്‍ഷിക്ക് ഒരു കൂവളത്തു മാല പ്രസാദമായി നല്‍കുകയും ചെയ്തു .
കൈലാസത്തില്‍ നിന്ന് തിരിച്ചു വരും വഴി ദുര്‍വാസാവു മഹര്‍ഷി മഹാവിഷ്ണുവിനെ കാണുകയും , പരമശിവന്‍ അദ്ദേഹത്തിന് നല്‍കിയ കൂവളത്തു മാല സന്തോഷ സൂചകമായി മഹാവിഷ്ണുവിന് നല്‍കുകയും ചെയ്തു . എന്നാല്‍ മഹാവിഷ്ണു മാല തന്റെ കഴുത്തില്‍ അണിയുന്നതിന് പകരമായി , വാഹനമായ ഗരുഡന്റെ കഴുത്തിലാണ് അണിയിച്ചത് .
ഇത് കണ്ടു ക്ഷുഭിതനായ ദുര്‍വാസാവ് മഹര്‍ഷി , പരമശിവന്റെ പ്രസാദത്തെ മഹാവിഷ്ണു അപമാനിച്ചിരിക്കുകയാണ് എന്ന് പറഞ്ഞു കൊണ്ടദ്ദേഹത്തെ ശപിക്കുകയുണ്ടായി . മഹാവിഷ്ണുവിന് തന്റെ പത്‌നിയായ മഹാലക്ഷ്മിയെ ഉള്‍പ്പെടെ എല്ലാം നഷ്ടമാകും എന്ന് പറഞ്ഞു കൊണ്ടാണ് മഹര്‍ഷി ശാപം ചൊരിഞ്ഞത് .
ശാപത്താല്‍ ദു:ഖിതനായ മഹാവിഷ്ണു ദുര്‍വാസാവ് മഹര്‍ഷിയോട് തന്നെ പാപപരിഹാരം ആരാഞ്ഞപ്പോള്‍ , പരമശിവനെയും പാര്‍വതി ദേവിയെയും വ്രതം നോറ്റ് പ്രസാദിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് നഷ്ടമായതെല്ലാം തിരിച്ചു കിട്ടും എന്ന് പാപപരിഹാരം മാര്‍ഗം പറഞ്ഞു കൊടുക്കുകയും ചെയ്തു.