നാഗപൂജയ്ക്ക് ഏറ്റവും പ്രാധാന്യമുളള ദിവസമാണ് ആയില്യം നാള്‍. കന്നി, തുലാം നാളിലെ ആയില്യ പൂജയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ന് തുലാമാസത്തിലെ ആദ്യത്തെ ആയില്ല്യം.തുലാമാസത്തിലെ ആയില്യം മണ്ണാറശാല ആയില്യം എന്നാണ് അറിയപ്പെടുന്നത്.
ഈ വര്‍ഷം തുലാമാസത്തില്‍ 2 തവണ ആയില്യം നക്ഷത്രം വരുന്നുണ്ട്. ഇതില്‍ ആദ്യത്തേത് 2022 ഒക്ടോബര്‍ 20 ന് വ്യാഴാഴ്ചയാണ്. രണ്ടാമത്തേത് നവംബര്‍ 16 ന് വരുന്നു.ഈ ദിവസം ആയില്യപൂജ, നൂറുംപാലും എന്നിവ നടത്തിയാല്‍ വളരെ കൂടുതല്‍ ഫലസിദ്ധി ലഭിക്കും.
ഇതിന് പുറമെ സര്‍പ്പബലി, സര്‍പ്പപൂജ, കളമെഴുത്തും സര്‍പ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി ഇവയാണ് നാഗദേവതകള്‍ക്ക് നടത്തുന്ന പ്രധാന വഴിപാടുകള്‍. പാല്‍ അഭിഷേകം, മഞ്ഞള്‍പ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സര്‍പ്പദോഷം, രാഹുദോഷം എന്നിവ അകറ്റുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം എന്നിവ സിദ്ധിക്കുന്നതിനും ഉത്തമമാണ് ഈ വഴിപാടുകള്‍.
സര്‍പ്പദൈവങ്ങള്‍ സംതൃപ്തരായാല്‍ ദുരിതദുഃഖങ്ങള്‍ ഒഴിഞ്ഞു പോകും.നാഗങ്ങളെ പ്രീതിപ്പെടുത്തുവാന്‍ ഈ ദിവസങ്ങളില്‍ പൂജ നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം. ഇതാ നാഗാരാധനയ്ക്ക് ഏറ്റവും മഹനീയമായ നാളാണ് ആയില്യം. ആയില്യം നാളുകളില്‍ സര്‍പ്പക്കാവുകളിലും തറവാടുകളിലും നാഗക്ഷേത്രങ്ങളിലുമെല്ലാം പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടക്കാറുണ്ട്.
വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രാധാന്യമുള്ള ദിവസമാണ് തുലാ മാസത്തിലെ ആയില്യം. അന്നേ ദിവസം നാഗസംപ്രീതിക്കായി പൂജകളും വഴിപാടുകളും വിശ്വാസികള്‍ നടത്താറുണ്ട്.ഐശ്വര്യങ്ങള്‍ക്കും അഭിവൃദ്ധിക്കും നാഗപൂജകള്‍ നടത്താം. മാറാരോഗങ്ങളും കുടുംബ ശാപങ്ങളും ദുരിതവും മനക്ലേശവും എല്ലാം മാറി സമ്പത്തും ഐശ്വര്യവും ജീവിതത്തില്‍ ഉയര്‍ച്ചയും നാഗപൂജയിലൂടെ ലഭിക്കും. നാഗദോഷങ്ങള്‍ മാറുവാനും ശാപങ്ങള്‍ മാറുവാനും നാഗങ്ങളെ ആരാധിക്കുന്നത് അത്യുത്തമമാണ്.
ആയില്യക്കാര്‍ ശുക്ര, ചന്ദ്ര, രാഹു എന്നീ ദശാകാലങ്ങളില്‍ ദോഷപരിഹാരകര്‍മ്മങ്ങള്‍ ചെയ്യണം. അനുജന്മനക്ഷത്രങ്ങളായ തൃക്കേട്ട, രേവതി എന്നിവയിലും ആയില്യം ദിവസവും ശ്രീകൃഷ്ണ, നാഗരാജ ക്ഷേത്രദര്‍ശനം നടത്തണം. ബുധനാഴ്ച വ്രതം, ശ്രീകൃഷ്ണക്ഷേത്ര ദര്‍ശനവും അത്യുത്തമം ആകുന്നു. ആയില്യവും ബുധനും ചേര്‍ന്നുവരുന്ന ദിവസം പ്രത്യേകപൂജകള്‍ ചെയ്യണം.