ഇന്നു ദുര്‍ഗാഷ്ടമി. നവരാത്രി പൂജയിലെ എട്ടാമത്തെ ദിനമാണിത്. മഹാഷ്ടമിയെന്നും മഹാ ദുര്‍ഗാഷ്ടമിയെന്നും ഇത് അറിയപ്പെടുന്നു. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനപ്പെട്ട ദിനമായി ഇത് കണക്കാക്കുന്നു. ഈ ദിവസം ദുര്‍ഗയുടെ ഒന്‍പതു ഭാവങ്ങളെ ആരാധിക്കുന്നു.
ദേവി ദുര്‍ഗയായി അവതരിച്ച ദിവസമായതു കൊണ്ടാണ് ഈ ദിവസം ദുര്‍ഗ പൂജ നടത്തുന്നതെന്നാണ് വിശ്വാസം.ഈ ദിവസം ചിലയിടങ്ങളില്‍ കുമാരി പൂജയും നടക്കും. പെണ്‍കുട്ടികളെ ദേവീ സങ്കല്‍പത്തില്‍ ആരാധിക്കുന്നതാണിത്. രണ്ടു മുതല്‍ ഒന്‍പതു 9 വയസുവരെയുളള കുട്ടികളെയാണ് കുമാരി പൂജയില്‍ ആരാധിക്കുന്നത്.ദുര്‍ഗയുടെ രൂപമായ സരസ്വതീ ദേവിയെയാണ് കേരളത്തില്‍ ആരാധിക്കുന്നത്. കേരളത്തില്‍ പൂജവയ്ക്കുന്നത് ദുര്‍ഗാഷ്ടമി ദിവസത്തിലാണ്.
ദുര്‍ഗാഷ്ടമി നാളില്‍ വൈകിട്ട് ഗ്രന്ഥങ്ങള്‍ പൂജയ്ക്കു വയ്ക്കും. സരസ്വതി വിഗ്രഹമോ ചിത്രമോ വച്ച് അതിനു മുന്നിലാണ് ഗ്രന്ഥങ്ങള്‍ പൂജയ്ക്കു വയ്‌ക്കേണ്ടത്. പൂജവയ്പു കഴിഞ്ഞ് പൂജയെടുക്കും വരെ എഴുത്തും വായനയും പാടില്ല. വിജയദശമിക്ക് പൂജയെടുപ്പും വിദ്യാരംഭവും നടത്തും.
മഹാനവമി ദിനത്തില്‍ തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും ദേവിക്ക് മുന്‍ മുന്‍പില്‍ സമര്‍പ്പിക്കുന്നു. ആയുധ പൂജയെന്നാണ് ഈ ദിവസത്തിന്റെ പേര്. ദുര്‍ഗ പൂജയ്ക്ക് ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട് വണങ്ങി തിരികെയെടുക്കുന്നു.
വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പുജയെടുപ്പ്. തുടര്‍ന്ന് വിദ്യാരഭം നടക്കും. വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പതിവ് പോലെ ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദുര്‍ഗാഷ്ടമി നാളില്‍ ദേവിയെ ദുര്‍ഗയായും മഹാനവമി ദിനത്തില്‍ മഹാലക്ഷ്മിയായും വിജയദശമി ദിനത്തില്‍ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടക്കുക.
കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ആഘോഷങ്ങളാണ് മഹാനവമി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.ഇച്ഛാ ശക്തി, ക്രിയാശക്തി, ജ്ഞാനശക്തി എന്നിങ്ങനെ മൂന്നു തരത്തിലാണ് ഈശ്വരശക്തിയുടെ പ്രഭാവം.
ഐതിഹ്യം
അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയത് മഹാനവമി ദിനത്തിലാണ്. മൈസൂരിലാണ് മഹിഷാസുരന്‍ ഉണ്ടായിരുന്നത് .ഈ കാരണത്താല്‍ ദേവിയുടെ ഈ വിജയം മൈസൂരിലെ ജനങ്ങള്‍ വിപുലമായി രീതിയില്‍ ആഘോഷിക്കുന്നു. ഈ ദിനങ്ങളിലെ മൈസൂര്‍ ദസറ ഏറെ പ്രസിദ്ധമാണ്.
രാവണനെ വധിക്കാനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിനത്തിലാണ് എന്നും ഒരു വിശ്വാസമുണ്ട്. ഉത്തരേന്ത്യക്ക് പുറമെ പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നിവയുള്‍പ്പെടെ സംസ്ഥാനങ്ങളും മഹാനവമി ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാറുണ്ട്.