പന്തളം കൊട്ടാരത്തില്‍ തിരുവാഭരണഘോഷയാത്രയ്ക്ക് ഒരുങ്ങി

ഒരു മണിക്ക് തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റി ഘോഷയാത്രാസംഘം ശബരിമലയിലേക്ക് പോകും

author-image
parvathyanoop
New Update
പന്തളം കൊട്ടാരത്തില്‍ തിരുവാഭരണഘോഷയാത്രയ്ക്ക് ഒരുങ്ങി

ജനുവരി മാസം 12ന് തുടങ്ങുന്ന തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കത്തിലാണ് പന്തളം . മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായിരിക്കുന്നതിനേക്കാള്‍ തിരക്ക് കാരണമാണ് കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ ദേവസ്വം ബോര്‍ഡും കൊട്ടാരവും തയ്യാറെടുപ്പ് നടത്തുന്നത്.

പന്തളം കൊട്ടാരത്തില്‍ തിരുവാഭരണ ദര്‍ശനം നടക്കുന്നു. തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയുടെ നവീകരണം തിങ്കളാഴ്ച ആരംഭിക്കും. പന്തളം വലിയപാലം മുതല്‍ മെഴുവേലി പഞ്ചായത്തിന്റെ അതിര്‍ത്തിയായ ആര്യാട്ട് മോടി വരെയുള്ള ഭാഗത്തെ പുനരുദ്ധാരണപ്പണികള്‍ ഒരാഴ്ചകൊണ്ട് പൂര്‍ത്തിയാക്കാനാണ് തീരുമാനം.

ടാറിങ്, കോണ്‍ക്രീറ്റ്, കാട് വെട്ടിത്തെളിക്കല്‍ തുടങ്ങിയ ജോലികളാണ് ചെയ്യുന്നത്. പഞ്ചായത്തുകള്‍ പാത വൃത്തിയാക്കുന്നതുകൂടാതെ നാട്ടുകാര്‍ എല്ലാ വര്‍ഷവും ശ്രമദാനമായി തിരുവാഭരണപാത കാടുവെട്ടി വൃത്തിയാക്കുക പതിവ് രീതിയാണ്.

രാജപ്രതിനിധിയെ നിശ്ചയിച്ചുകഴിഞ്ഞതോടെ അടുത്തത് ഘോഷയാത്രാസംഘത്തെയും പല്ലക്കുവാഹകസംഘാംഗങ്ങളെയും നിശ്ചയിക്കലാണ്. മണികണ്ഠനാല്‍ത്തറ ക്ഷേത്രത്തില്‍ അന്നദാനത്തിനായി കൂടുതല്‍ ഭക്തര്‍ എത്തുന്നുണ്ട്. ജനുവരി ഒന്നുമുതല്‍ മണികണ്ഠ ഉത്സവം ആരംഭിച്ചു.

 

ജനുവരി 11 വരെയാണ് പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ തിരുവാഭരണങ്ങള്‍ ദര്‍ശിക്കാന്‍ അവസരം ലഭിക്കുക. 12ന് പുലര്‍ച്ച ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മശാസ്ത ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

അന്ന് രാവിലെ 11 മണിവരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കുവാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും.

ഒരു മണിക്ക് തിരുവാഭരണ പേടകങ്ങള്‍ ശിരസ്സിലേറ്റി ഘോഷയാത്രാസംഘം ശബരിമലയിലേക്ക് പോകും. തിരുവാഭരണങ്ങള്‍ അയ്യപ്പന് ചാര്‍ത്തുന്നതോടെ ദീപാരാധന നടക്കും. പൊന്നമ്പലമേട്ടില്‍ അതേ സമയം മകര ജ്യോതി തെളിയും.

Sabarimala pandalam palace