18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയുളള ശുചീന്ദ്രം സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം

അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രില്‍ ,മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.

author-image
parvathyanoop
New Update
18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയുളള ശുചീന്ദ്രം സ്ഥാണുമലയ പെരുമാള്‍ ക്ഷേത്രം

കന്യാകുമാരി ജില്ലയിലെ ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശുചീന്ദ്രം ക്ഷേത്രം.നാഗര്‍കോവില്‍ - കന്യാകുമാരിയ്ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനു ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

ത്രിമൂര്‍ത്തികളായ ശിവന്‍, വിഷ്ണു, ബ്രഹ്മാവ് എന്നിവരെ സങ്കല്‍പ്പിച്ചുള്ളതാണ് ഇവിടുത്തെ ദേവ പ്രതിഷ്ഠ.പരശുരാമന്‍ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് .

നൂറ്റി മുപ്പത്തിനാല് അടിയോളം ഉയരമുള്ള ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം കൊത്തുപണിയുടെ ഉദാത്ത മാതൃകയാണ്. ചുവര്‍ചിത്രങ്ങളും ശില്‍പങ്ങളും നിറഞ്ഞ ക്ഷേത്രം .

നൂറുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ശില്‍പികളുടെ കരവിരുതുകളാണ് ഇവിടെയുളളത്. ഹിന്ദു ദേവന്‍മാരുടേയും ദേവതകളുടേയും കൊത്തുപണികളാണ് ഗോപുരത്തിലെ മറ്റൊരു പ്രതേൃകത.

പ്രവേശന കവാടത്തിലെ കൊത്തുപണികളാല്‍ അലങ്കൃതമായ 25 അടിയോളം ഉയരമുള്ള വാതിലും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.

ക്ഷേത്രത്തിനുള്ളിലെ ഒറ്റക്കല്‍മണ്ഡപം ശില്‍പകലയുടെ മറ്റൊരു പ്രത്യേകതയാണ്.സപ്ത സ്വരങ്ങള്‍ കേള്‍ക്കുന്ന മണ്ഡപങ്ങളും ക്ഷേത്രത്തിലുണ്ട്. 18 അടിയോളം ഉയരമുള്ള ഹനുമാന്‍ പ്രതിഷ്ഠയും ക്ഷേത്രത്തിലെ പ്രതേൃകതകളിലൊന്നാണ്.

ഹനുമാന് വടമാല ചാര്‍ത്തുക എന്നത് ഇവിടുത്തെ പ്രധാന വഴിപാടുകളില്‍ ഒന്നാണ്.ശൈവ, വൈഷ്ണവ ഭക്തരെ ആകര്‍ഷിക്കുന്നതാണ് ഈ ക്ഷേത്രം.ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ മുപ്പതോളം ദേവി-ദേവന്‍മാരുടെ മറ്റു പ്രതിഷ്ഠകളുണ്ട്.

പ്രധാനമായും രണ്ട് ഉത്സവങ്ങളാണ് ഇവിടെയുള്ളത്. മാര്‍കഴിയും ചിത്തിരയും. ഡിസംബര്‍ , ജനുവരി മാസത്തിലാണ് ഒന്‍പത് ദിവസത്തെ മാര്‍കഴി ഉത്സവം നടക്കുക.

അവസാന ദിവസം ദേവന്മാരെ മൂന്ന് തേരുകളില്‍ നഗര പ്രദക്ഷിണം ചെയ്യിക്കുന്നു. തേരോട്ടമെന്നറിയപ്പെടുന്ന ഈ ചടങ്ങിന് ഭക്തജനത്തിരക്കുണ്ടാകാറുണ്ട്. ഏപ്രില്‍ ,മെയ് മാസത്തിലാണ് ചിത്തിര ഉത്സവം നടക്കുക.

ചരിത്രം

1874ല്‍ ശുചീന്ദ്രം ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനു പണം കണ്ടെത്താനായിട്ട് ആദ്യ ലോട്ടറി നറുക്കെടുപ്പ് കേരളത്തില്‍ (തിരുവിതാംകൂര്‍) ഔദ്യോഗികമായി നടത്തിയത്. ഗോപുര നിര്‍മ്മാണത്തിന് 40000 രൂപ സമാഹരിക്കുകയായിരുന്നു ആദ്യ ലോട്ടറിയുടെ ലക്ഷ്യം.

ഇതിന് 1874 ഓഗസ്റ്റ് 24ന് ആയില്യം തിരുനാള്‍ മഹാരാജാവ് അനുമതി നല്‍കി. പതിനായിരം രൂപയായിരുന്നു സമ്മാനത്തുക. ഇതിനായി ഒരു രൂപയുടെ അമ്പതിനായിരം ടിക്കറ്റുകളാണ് തിരുവതാംകൂറില്‍ വിറ്റത്. പതിനായിരം സമ്മാനവും നല്‍കിക്കഴിഞ്ഞപ്പോള്‍ 40000 രൂപ ഗോപുര നിര്‍മ്മാണത്തിനായി കണ്ടെത്തിയിരുന്നു.

ഐതിഹ്യം

അത്രി മഹര്‍ഷിയുടെ വാസകേന്ദ്രമായിരുന്നു പണ്ട് ജ്ഞാനാരണ്യം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം. ഭര്‍ത്താവിനെ ദൈവമായി കണ്ട് ആരാധിച്ചിരുന്ന അനസൂയമൊത്ത് അത്രി മഹര്‍ഷി കഴിയുമ്പോഴുണ്ടായ ഒരു സംഭവമാണ് ക്ഷേത്രോല്‍പ്പത്തിയ്ക്ക് കാരണമായി പറയുന്നത്.

ഒരിക്കല്‍ അവിടെ മഴ പെയ്യാതായി. അതിന്റെ കാരണമന്വേഷിച്ച് തപസനുഷ്ഠിച്ച മഹര്‍ഷിയ്ക്ക് ഉത്തരം നല്‍കാന്‍ ത്രിമൂര്‍ത്തികള്‍ക്കു പോലുമായില്ല.പിന്നീട് ദേവേന്ദ്രനെ പ്രീതിപ്പെടുത്തി മഴ പെയ്യിക്കാനായി അത്രി മഹര്‍ഷി ഹിമാലയത്തിലേയ്ക്ക് പോയി.

അനസൂയ ജ്ഞാനാരണ്യത്തില്‍ ഒറ്റയ്ക്കാണെന്ന ചിന്ത മഹര്‍ഷിയെ ആദ്യമതിന് സമ്മതിച്ചില്ല. എന്നാല്‍ മഹര്‍ഷിയുടെ ധര്‍മ്മസങ്കടം മനസ്സിലാക്കിയ ദേവി ഭര്‍ത്താവിനോട് ലോകനന്മയ്ക്കായി ഹിമാലയത്തില്‍ പോകാന്‍ അപേക്ഷിച്ചു.

മഹര്‍ഷി യാത്രയാകും മുമ്പ് അദ്ദേഹത്തിന്റെ കാല് കഴുകിയ വെള്ളമെടുത്ത് അനസൂയ സൂക്ഷിച്ചു. ഭര്‍ത്താവിന്റെ അഭാവത്തില്‍ തനിയ്ക്കിത് ശക്തി നല്‍കുമെന്നും അവര്‍ വിശ്വസിച്ചു.

ഭര്‍ത്താവിന്റെ അഭാവത്തിലും അദ്ദേഹത്തിനായി പൂജകളും പ്രാര്‍ഥനകളുമായിക്കഴിഞ്ഞ അനസൂയയുടെ കഥ ദേവ മഹര്‍ഷി നാരദന്‍ വഴി മൂന്ന് ദേവിമാരുടെ ചെവിയിലുമെത്തി.

അനസൂയയുടെ ഭര്‍ത്താവിനോടുള്ള ഭക്തിയും ആത്മവിശ്വാസവും അറിഞ്ഞ ദേവിമാര്‍ അവരെ പരീക്ഷിയ്ക്കാന്‍ തീരുമാനിച്ചു. ഇതിനായി മൂവരും അവരുടെ ഭര്‍ത്താക്കന്‍മാരെ അനസൂയയുടെ അടുത്തേക്ക് അയക്കാന്‍ തീരുമാനിച്ചു.

തുടര്‍ന്ന് ദേവിമാരുടെ വാക്കു കേട്ട് ത്രിമൂര്‍ത്തികളായ വിഷ്ണുവും ശിവനും ബ്രഹ്മാവും അനസൂയയുടെ അടുത്തെത്തി.സന്യാസിമാരുടെ വേഷത്തിലെത്തിയ ഇവര്‍ അനസൂയയോടെ ഭിക്ഷചോദിച്ചു. അനസൂയ അതിന് തയ്യാറായെത്തിയപ്പോള്‍ മൂവരും ഒരു കാര്യം കൂടി അവരോട് പറഞ്ഞു.

വിവസ്ത്രയായി വേണം ഞങ്ങള്‍ക്ക് ഭിക്ഷയും ആഹാരവും തരാന്‍. ഇതുകേട്ട അനസൂയ ഒരു നിമിഷം തന്റെ ഭര്‍ത്താവിന്റെ പാദ പൂജ ചെയ്ത ജലത്തില്‍ നോക്കി പ്രാര്‍ഥിച്ചു. നിമിഷനേരം കൊണ്ട് സന്യാസിമാരുടെ വേഷത്തിലെത്തിയ ത്രിമൂര്‍ത്തികള്‍ കൈക്കുഞ്ഞുങ്ങളായി മാറി. പിന്നീട് അനസൂയ വിവസ്ത്രയായി ആ കൈക്കുഞ്ഞുങ്ങളെ പരിചരിച്ചു.

ഇതറിഞ്ഞ് അവിടെയെത്തിയ ദേവിമാര്‍ ഭര്‍ത്താക്കാന്മാരെ പഴയ രൂപത്തില്‍ തിരിച്ചു നല്‍കണമെന്ന് അനസൂയ ദേവിയോട് അപേക്ഷിച്ചു. അനസൂയദേവിയുടെ സ്വഭാവ ശുദ്ധിയെ സംശയിച്ച അവരുടെ പ്രവൃത്തിയില്‍ അവര്‍ ക്ഷമ ചോദിച്ചു.

പിന്നീട് അനസൂയ ദേവി ത്രിമൂര്‍ത്തികളെ പഴയ രൂപത്തില്‍ ദേവിമാര്‍ക്ക് തിരിച്ചു നല്‍കി. അങ്ങനെ ശുചീന്ദ്രത്ത് ത്രിമൂര്‍ത്തികളുടെ സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം.

ക്ഷേത്രത്തിലെ പ്രതിഷ്ഠയില്‍ മുകള്‍ ഭാഗം ശിവനേയും, നടു ഭാഗം വിഷ്ണുവിനേയും താഴ്ഭാഗം ബ്രഹ്മാവിനെയും പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.

 

 

 

 

 

 

 

 

 

Sthanumalaya Perumal Temple kanyakumari