ഇന്ന് വൃശ്ചികം ഒന്ന്; ശരണമന്ത്രങ്ങളുടെ മണ്ഡലകാലം

കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ ഒരുങ്ങി. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര്‍ പറയുന്നത്.

author-image
parvathyanoop
New Update
ഇന്ന് വൃശ്ചികം ഒന്ന്; ശരണമന്ത്രങ്ങളുടെ മണ്ഡലകാലം

വീണ്ടും ഒരു വൃശ്ചികമാസം കൂടി എത്തി. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ പുണ്യദര്‍ശനം നേടാന്‍ മണ്ഡലവ്രതമെടുത്ത് മലചവിട്ടാന്‍ ഭക്തര്‍ ഒരുങ്ങി. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്നാണ് ഋഷീശ്വരന്മാര്‍ പറയുന്നത്.

വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. ഒന്നിന് രാവിലെ ക്ഷേത്രത്തില്‍ വെച്ച് രുദ്രാക്ഷം, തുളസിമാല എന്നിവയിലേതെങ്കിലും ധരിച്ചുകൊണ്ട് വ്രതം ആരംഭിക്കുന്നു. മദ്യം, മാംസാഹാരം, പകലുറക്കം തുടങ്ങിയവ പൂര്‍ണ്ണമായി ഒഴിവാക്കി അഹിംസ, സത്യം, ആസ്തേയം, ബ്രഹ്മചര്യം, സരളത എന്നിവ പാലിച്ചുകൊണ്ടാണ് വ്രതം അനുഷ്ഠിക്കേണ്ടത്.

പ്രാതസന്ധ്യയിലും സായംസന്ധ്യയിലും ശരണം വിളിക്കണം. ആചാരപ്രകാരം ശബരിമല ദര്‍ശനം കഴിഞ്ഞ ശേഷം ക്ഷേത്രസന്നിധിയിലെത്തി മാല ഊരി വ്രതം അവസാനിപ്പിക്കാം.

ഋഷിഋണം, ദേവഋണം, പിതൃഋണം എന്നീ മൂന്ന് കടങ്ങളാണ് മനുഷ്യനുള്ളത്. ശബരിമല യാത്രയില്‍ ഇവ മൂന്നില്‍ നിന്നും ഒരുമിച്ച് മോചനം നേടാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

മണ്ഡല കാലത്തെ ബ്രഹ്മചര്യവ്രതം കൊണ്ട് ഋഷികടവും, പുണ്യപാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശാസ്താവിനു സമര്‍പ്പിക്കുമ്പോള്‍ ദേവകടവും, പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം ചെയ്യുമ്പോള്‍ പിതൃകടവും തീരുന്നു. അങ്ങനെ പുണ്യാഭിവൃദ്ധിയും പാപമോചനവും സാധ്യമാവുന്നു. ധനു പതിനൊന്നിന് നടക്കുന്ന മണ്ഡലപൂജയോട് കൂടി മണ്ഡലകാലം പരിസമാപ്തിയിലെത്തുന്നു.

തീര്‍ഥാടകരെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് അയ്യപ്പന്റെ ജന്മനാടായ പന്തളം. ശബരിമല തീര്‍ഥാടകര്‍ക്ക് പുറമെ അയ്യപ്പന്‍ ജനിച്ച കൊട്ടാരവും അണിഞ്ഞിരുന്ന ആഭരണങ്ങളും, ജീവിച്ച ദേശവും ഒക്കെ കാണാനും നിരവധി ആളുകളാണ് പന്തളത്തേക്ക് എത്തുക.ഓരോ മണ്ഡല മകര വിളക്ക് തീര്‍ഥാടന കാലവും പന്തളത്തുകാര്‍ക്ക് ആതിഥേയ കാലം കൂടിയാണ്.

പന്തളത്തെ കൈപ്പുഴ കൊട്ടാരത്തിലാണ് അയ്യപ്പന്‍ ബാല്യകാലം ചിലവിട്ടത്. കൈപ്പുഴ കൊട്ടാരം, കൊട്ടാരത്തിനകത്ത് അയ്യപ്പന്‍ കുളിച്ചു എന്ന് വിശ്വസിക്കുന്ന കുളം, ആയോധന കലകളിലടക്കം പരിശീലനം ആരംഭിച്ച ഗുരുനാഥന്‍ മുടി. മകരവിളക്ക് തീര്‍ഥാടനകാലത്ത് അയ്യപ്പന് ചാര്‍ത്താറുള്ള തിരുവാഭരണം സൂക്ഷിച്ച തിരുവാഭരണ മാളിക തുടങ്ങി നിരവധി കാഴ്ച്ചകളാണ് പന്തളത്ത് തീര്‍ഥാടകര്‍ തേടിയെത്തുന്നത്.

പന്തളത്ത് നിന്നും ശബരിമലയിലേക്ക് കൊണ്ടുപോകുന്ന തീരുവാഭരണങ്ങള്‍ ഒരച്ഛന് മകനോടുള്ള സ്‌നേഹത്തിന്റെ അടയാളം കൂടിയാണ്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ശരണമന്ത്രങ്ങളാല്‍ മുഖരിതമാവുന്ന പന്തളം അവസാന വട്ട ഒരുക്കത്തിലാണ്.

 

പതിനെട്ടു മലകളുടെ നടുവില്‍ പൂങ്കാവനത്തിനരികിലാണ് ശബരിമല. പന്തളം രാജകുമാരനായ അയ്യപ്പന്‍ മഹിഷീ വധത്തിനു ശേഷം ധ്യാനമിരുന്നത് ശബരിമലയിലാണ്. അഭയമുദ്രയില്‍ അനുഗ്രഹം ചൊരിയുന്ന അയ്യപ്പന്റെ സന്നിധാനമെത്താന്‍ പടികള്‍ പതിനെട്ടു കയറണം.

കെട്ടുമുറുക്കി ശരണം വിളിച്ച് പടി കടന്നെത്തുന്നവര്‍ ഈരേഴു പതിനാലു ലോകങ്ങളും താണ്ടിയെന്നു വിശ്വാസം.പതിനെട്ടു മലദൈവങ്ങളുടെ പ്രതീകമാണു പതിനെട്ടാംപടി. പതിനെട്ടു മലകളിലും ക്ഷേത്രങ്ങളുണ്ടായിരുന്നത്രെ.
ശരണം വിളിക്കുമ്പോള്‍ ദീര്‍ഘമായി ശ്വാസം വലിച്ചു വിടേണ്ടിവരും; അപ്പോള്‍ മലകയറ്റം എളുപ്പമാകുമെന്നു ശാസ്ത്രം.

 

 

കാളകെട്ടി പേരൂര്‍ തോട്ടില്‍ നിന്നാണ് പരമ്പരാഗത പാത ആരംഭിക്കുന്നത്. ഇരുമ്പൂന്നിക്കര എത്തുന്നതുവരെ സാധാരണ വഴികളിലൂടെ നടത്തം. മുന്‍വര്‍ഷങ്ങളില്‍ മലയ്ക്കു പോയവരുടെ കാലടികള്‍ പിന്തുടര്‍ന്ന്, അയ്യപ്പന്റെ കഥകള്‍ കേട്ടു നടക്കുന്നതിലൊരു സുഖമുണ്ട്.

ഉത്രം നാളാണ് മാലയിടാന്‍ ഉത്തമം. തുളസി മാലയോ രുദ്രാക്ഷ മാലയോ അണിയാം. മാല ധരിച്ചു കഴിഞ്ഞാല്‍ സ്വാമിയാണ്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ലാളിത്യം വേണം. ബ്രഹ്മചര്യം നിര്‍ബന്ധം.

ഇരുമ്പൂന്നിക്കര താണ്ടി കാനനത്തിലേക്കു കടക്കുകയാണ്. ചെറിയാനവട്ടം വരെ ഈ തണുപ്പിനെ കുടയാക്കി നടക്കണം. കുറച്ചു കുന്നുകളും പുല്‍മേടും കടന്നാല്‍ അരശുമുടി. അവിടം വിട്ടാല്‍ കാളകെട്ടി.

കാളകെട്ടി ഐതിഹ്യം

അയ്യപ്പന്റെ ബാലരൂപമായ മണികണ്ഠന്‍ മഹിഷിയെ വധിക്കുന്നതു കാണാന്‍ പരമശിവന്‍ എത്തിയെന്നാണ് ഐതിഹ്യം. ശിവന്‍ അന്നു കാളയെ കെട്ടിയ സ്ഥലമാണ് കാളകെട്ടിയാശ്രമമായി മാറിയതെന്ന് സ്ഥലപുരാണം. കാളകെട്ടിയില്‍ ക്ഷേത്രമുണ്ട്. അവിടെ ദര്‍ശനം നടത്തിയ ശേഷമുള്ള യാത്ര അഴുതാ നദിക്കരയില്‍ എത്തുന്നു. സ്വാമിമാര്‍ അഴുതയില്‍ മുങ്ങി കല്ലെടുത്ത് അതു തോള്‍സഞ്ചിയില്‍ സൂക്ഷിച്ച ശേഷം അന്നു രാത്രി നദീ തീരത്ത് അന്തിയുറങ്ങും.

 

മുക്കുഴി ശിവക്ഷേത്രം

അഴുതയില്‍ നിന്ന് വലിയാനവട്ടം വരെയുള്ള നടത്തമാണ് പരമ്പരാഗത പാതയില്‍ പ്രധാനം. മണ്ണും വിണ്ണും കേള്‍ക്കും വിധം സ്വാമിയെ സ്തുതിച്ചുള്ള ശരണം വിളികളില്‍ പതിനെട്ടു മലകളും ഭക്തിയില്‍ ലയിക്കും. ആ നിമിഷങ്ങളില്‍, കുത്തനെയുള്ള കയറ്റങ്ങളില്‍ പുണ്യപാപങ്ങള്‍ ഉരുകിയൊലിക്കും.

ഓരോ മലകളുടേയും പേരെടുത്തു പറഞ്ഞ് മലദൈവങ്ങളെ സ്തുതിക്കുന്ന ഗുരുസ്വാമിമാരുണ്ട്. ശബരിമല, പൊന്നമ്പലമേട്, ഗൗണ്ഡന്‍മല, നാഗമല, സുന്ദരമല, ചിറ്റമ്പലമേട്, ഖല്‍ഗിമല, മാതാംഗമല, മയിലാടുംമേട്, ശ്രീപാദമല, തേവര്‍മല, നിലക്കല്‍മല, തലപ്പാറമല, കരിമല, നീലിമല, പുതശ്ശേരിമല, കാളകെട്ടിമല, ഇഞ്ചിപ്പാറമല .

പമ്പയിലെ കെട്ടുനിറ മണ്ഡപം

മൂന്നു മാസത്തിനുള്ളില്‍ അഞ്ചു കോടിയിലേറെ ആളുകളുടെ കാല്‍പ്പാടുകള്‍ പതിയുന്ന സ്ഥലമാണു പമ്പാ തീരം. പുരാണത്തിലെ ഭാരതഖണ്ഡത്തിനു ഗംഗ പോലെ, മലയാള നാടിന്റെ പുണ്യമാണു പമ്പ.

പമ്പ, കല്ലാര്‍, ഞുണങ്ങാര്‍ എന്നീ നദികള്‍ ചേര്‍ന്നൊരുക്കുന്ന ത്രിവേണീ സംഗമമാണ് പമ്പയെ വിശുദ്ധയാക്കുന്നത്. തീര്‍ഥാടന പാതയില്‍ തടസ്സങ്ങളുണ്ടാകാതിരിക്കാന്‍ പമ്പയില്‍ നിന്നു പുറപ്പെടുന്നവര്‍ ഗണപതി ക്ഷേത്രത്തിനു മുന്നില്‍ നാളികേരം ഉടയ്ക്കാറുണ്ട്.

അപ്പവും അരവണയും വാങ്ങാന്‍ പമ്പയിലെ ഓഫീസില്‍ നിന്നു ശീട്ടെടുത്താണ് തുടര്‍യാത്ര. സിമന്റ് പടികള്‍ ചവിട്ടിക്കയറി മണ്‍പാതയും കടന്ന് സ്വാമി അയ്യപ്പന്‍ റോഡിലേക്ക് പ്രവേശം.

 വാവരുസ്വാമി നട

അയ്യപ്പന്റെ പിതൃസ്ഥാനം അലങ്കരിക്കുന്ന പന്തളം രാജാവിന്റെ മണ്ഡപമാണ് ആദ്യത്തെ സന്ദര്‍ശന സ്ഥലം. അവിടം കടന്ന്, കല്ലും മണ്ണും സിമന്റും മെറ്റലുമൊക്കെ പതിഞ്ഞ പാതയിലൂടെ നീലീമല കയറ്റം. പമ്പയില്‍ നിന്നു സന്നിധാനത്തേക്കുള്ള പാതയില്‍ ആദ്യത്തെ വലിയ കുന്നാണു നീലിമല.

രണ്ടു കയറ്റങ്ങളായാണു നീലിമല നിലനില്‍ക്കുന്നത്. അതു താണ്ടുന്നതോടെ ദര്‍ശനപുണ്യത്തിലേക്കുള്ള ആദ്യ പടവുകള്‍ കടക്കുന്നു. അഭിഷേകം ചാര്‍ത്തി പുഞ്ചിരി തൂകുന്ന അയ്യപ്പ വിഗ്രഹം മനസ്സില്‍ വിചാരിച്ച് നടത്തം തുടരാം; അതു മാത്രമാണ് അപ്പാച്ചിമേടിന്റെ നെടുംകയറ്റത്തിലെ പിടിവള്ളി

 

അപ്പാച്ചിമേട്

അയ്യപ്പന്റെ സഹായിയായ കടുരവന്‍ തന്റെ ദുര്‍ദേവതകളെ അടക്കി നിര്‍ത്തുന്ന സ്ഥലമാണ് അപ്പാച്ചി - ഇപ്പാച്ചി കുഴികള്‍. ഇരുമുടിയേന്തിയവര്‍ അപ്പാച്ചിമേട്ടില്‍ 'ഉണ്ട വഴിപാട് ' നടത്തി മലകയറ്റം തുടരുന്നു.

പല നാടുകളില്‍ നിന്ന് അയ്യപ്പനെ കാണാനെത്തിയ, പലതരം ഭാഷക്കാരുടെ ശരണം വിളി സംഗീതമായി മാറുന്ന കൗതുകം ഈ നടവഴികളില്‍ കാതിന് ഇമ്പം പകരുന്നു. ഇരുമുടിയിലെ മുപ്പത്തിരണ്ടു ദ്രവ്യങ്ങളും പേരെടുത്തു പറഞ്ഞ് സ്വാമിക്ക് എന്നു
പ്രതിവാചകം ചൊല്ലിയാണു ശരണം വിളി.

Sabarimala pandalam mandalakalam