തിരുവനന്തപുരത്തെ വെങ്ങാനൂരിലെ ചാവടിനടയില്‍ സ്ഥിതി ചെയ്യുന്ന പൗര്‍ണമിക്കാവ് ക്ഷേത്രത്തിലാണ് 51 അക്ഷരങ്ങളെ ഉപാസനാ മൂര്‍ത്തികളാക്കി പ്രതിഷ്ഠിച്ചിരിക്കുന്നത്.
ക്ഷേത്രത്തിനുള്ളില്‍ മുന്‍ഭാഗത്തെയും ഇരുവശങ്ങളിലെയും ചുമരുകളിലാണ് സ്വര, വ്യഞ്ജന സ്വരൂപത്തിലുള്ള ദേവതമാരെ പ്രതിഷ്ഠിച്ചത്.
കന്യാകുമാരിയിലെ മയിലാടി ഗ്രാമത്തില്‍ നിന്ന് കൃഷ്ണശിലയില്‍ നിര്‍മിച്ച വിഗ്രഹങ്ങളെയാണ് അക്ഷര ക്രമത്തില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്. അ എന്ന അക്ഷരത്തിന് അമൃത ദേവി, ആ എന്ന അക്ഷരത്തിന് ആകര്‍ഷിണി ദേവി എന്നിങ്ങനെ 51 അക്ഷരങ്ങളും ഓരോ ദേവതകളുടെ രൂപത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
മൂന്നര അടി വലിപ്പത്തിലുള്ളതാണ് ഓരോ വിഗ്രഹങ്ങളും.ഇവിടെ പൗര്‍ണമിക്കാവില്‍ മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ആറു വരെ നടക്കുന്ന പ്രപഞ്ച യാഗത്തിനു മുന്നോടിയായി പഞ്ചഭൂതശക്തി പൂജ രാമേശ്വരത്ത് നടന്നു.
അഘോരി സന്യാസിമാരുടെ മഹാകാല്‍ ബാബയായ കൈലാസപുരി സ്വാമിയാണ് ഇന്നലെ രാമേശ്വരം ക്ഷേത്രത്തിലും കടലിലും പൂജ നടത്തിയത്.
നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തില്‍ മന്ത്രങ്ങളാല്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തിലാണ് ഹിമാലയത്തില്‍ നിന്നും വന്ന കൈലാസപുരി സ്വാമി രാമേശ്വരത്ത് പൂജ നടത്തിയത്.രാവണ അനുഗ്രഹത്തിന് ശേഷം ശ്രീരാമന്റെ ജഡയില്‍ പുരണ്ട രക്തം കഴുകി കളഞ്ഞ ധനുഷ്‌കോടിയിലെ ജഡതീര്‍ത്ഥത്തില്‍ പ്രത്യേക പൂജയും നടത്തി.
നിരവധി സന്യാസിമാരാണ് ജഡാ തീര്‍ത്ഥത്തിലെ പൂജയില്‍ പങ്കെടുത്തത്.നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായാണ് രാമേശ്വരം ധനുഷ്‌കോടിയിലെ ജഡാതീര്‍ത്തത്തില്‍ ശ്രീരാമ സങ്കല്പവും യാഗവും സങ്കല്‍പ്പിച്ച് ഹിമാലയത്തില്‍ നിന്നുള്ള ഒരു സന്യാസി പൂജ നടത്തിയത്.
പ്രപഞ്ചത്തിലെ മാലിന്യങ്ങള്‍ നശിപ്പിക്കാനുള്ള സങ്കല്‍പ്പ പൂജയാണ് ജഡാ തീര്‍ത്ഥത്തില്‍ നടത്തിയത്.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള പഞ്ചഭൂതശക്തി പൂജ നടത്തിയ മണ്ണും വെള്ളവും പൗര്‍ണമി കാവില്‍ മാര്‍ച്ച് 5 മുതല്‍ എത്തി തുടങ്ങുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.