ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൈങ്കുനി ഉത്സവത്തിന് തുടക്കമായി. തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ കൊടിയേറ്റിയതോടെയാണ് 10 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിന് തുടക്കമായത്.
ഏപ്രില്‍ 3 ന് വലിയ കാണിക്ക. 4 ന് സുന്ദര വിലാസം കൊട്ടാരത്തിനു മുന്നില്‍ തയാറാക്കുന്ന വേട്ടകളത്തില്‍ പള്ളിവേട്ട. 5 ന് ശംഖുമുഖം കടലില്‍ ആറാട്ട്. രാവിലെ ശ്രീകോവിലിനുള്ളിലെ ആവാഹനം കഴിഞ്ഞ് തന്ത്രിക്കു പിന്നാലെ പെരിയ നമ്പി കൊടിക്കൂറയും കൊടിക്കയറും കിഴക്കേ നടയ്ക്ക് പുറത്തെ കൊടിമരച്ചുവട്ടില്‍ എഴുന്നള്ളിച്ചു. പുണ്യാഹവും നാന്ദീമുഖ ദക്ഷിണയും കഴിഞ്ഞാണ് കൊടിയേറ്റ് നടത്തിയത്. തുടര്‍ന്ന് തിരുവാമ്പാടിയിലും കൊടിയേറ്റി.
ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍ ബി. മഹേഷ് വാര്യമുറക്കാര്‍ക്കും ക്ഷേത്രകാര്യക്കാര്‍ക്കും ദക്ഷിണ നല്‍കി.
രാത്രി സിംഹാസന വാഹനത്തിലായിരുന്നു എഴുന്നള്ളത്ത്. ചൊവ്വാഴ്ച അനന്ത വാഹനത്തിലും ബുധനാഴ്ച കമല വാഹനത്തിലും 30 ന് പല്ലക്കിലും 31 ന് ഗരുഡ വാഹനത്തിലും ഒന്നിന് ഇന്ദ്ര വാഹനത്തിലും രണ്ടിന് പല്ലക്കിലും 3 ന് ഗരുഡ വാഹനത്തിലും എഴുന്നള്ളത്ത് നടത്തും.
ഉത്സവദിവസങ്ങളില്‍ ക്ഷേത്രത്തിലെ ദര്‍ശന സമയത്തില്‍ മാറ്റമുണ്ട്. രാവിലെ 3.30 മുതല്‍ 4.45 വരെയും 6.30 മുതല്‍ ഏഴു വരെയും വൈകുന്നേരം 5.30 മുതല്‍ 6 മണി വരെയുമാണ് ദര്‍ശന സമയം. രാവിലെ 8 മുതല്‍ 9.30 വരെ കലശാഭിഷേകത്തിന് ദര്‍ശനം അനുവദിക്കും.