ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തില്‍ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ദേവീക്ഷേത്രമാണ് ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം. മുഖ്യ പ്രതിഷ്ഠ ദുര്‍ഗ്ഗാദേവിആണ്. വനദുര്‍ഗ്ഗ സങ്കല്‍പ്പത്തില്‍ കിഴക്കോട്ടാണ് ദര്‍ശനം. ഈ ക്ഷേത്രത്തില്‍ ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, ഹനുമാന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.
വൃശ്ചികമാസത്തില്‍ തൃക്കാര്‍ത്തിക ദിവസം ചക്കുളത്തുകാവ് പൊങ്കാല ഇവിടെ നടക്കുന്നു. കാര്‍ത്തികസ്തംഭം, ലക്ഷദീപം, നാരീപൂജ, ലഹരിവിമോചന പ്രതിജ്ഞ തുടങ്ങിയ ചടങ്ങുകളും ഇവിടെയുണ്ട്.
മദ്ധ്യ തിരുവതാംകൂറിലെ സ്ത്രീകളുടെ ശബരിമല എന്നാണു ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത് .പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിര്‍ത്തിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ 12 നോമ്പ് നോമ്പ് ഉത്സവത്തോടനുബന്ധിച്ച് ഇന്ന് നാരീപൂജ നടക്കും .9 .30ന് ആരംഭിക്കും. കളരി ഗുരുക്കളും പത്മശ്രീ ജേതാവുമായ മീനാക്ഷി അമ്മയുടെ പാദം കഴുകി മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി പൂജ നടത്തും .
സാംസ്‌കാരിക സമ്മേളനം തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ. ശേഖര്‍ ബാബു ഉദ്ഘാടനം ചെയ്യും. കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി അധ്യക്ഷത വഹിക്കും. തുടര്‍ന്ന് 12ന് പുഴുക്ക് സദ്യ.
ചക്കുളത്തുകാവിലെ ഏറ്റവും ശ്രദ്ധേയമായ അനുഷ്ഠാനമാണ് നാരീപൂജ. അന്നേദിവസം ഇന്ത്യയിലെ അതിപ്രശസ്തരായ വനിതകളെ അതിഥിയായി ക്ഷണിച്ച് ഇവിടെ നാരീ പൂജയ്ക്കിരുത്താറുണ്ട്.
അലങ്കൃത പീഠത്തില്‍ സ്ത്രീകളെ ഇരുത്തി, ഭക്ത്യാദരപൂര്‍വ്വം പൂജാരി ഇവരെ പൂജിക്കുന്നു. സ്ത്രീകള്‍ എവിടെ മാനിക്കപ്പെടുന്നുവോ അവിടെ ദേവതമാര്‍ ആനന്ദിക്കുന്നുവെന്ന സങ്കല്പവും സ്ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന താന്ത്രിക സങ്കല്പവുമാണ് ഇത്തരമൊരു പൂജയുടെ പൊരുള്‍.
ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ധനു ഒന്നുമുതല്‍ പന്ത്രണ്ടു വരെ നടക്കുന്ന ഉത്സവം പന്ത്രണ്ടു നോയമ്പ് മഹോത്സവം എന്ന് അറിയപ്പെടുന്നു. എല്ലാ മലയാളമാസത്തിലെയും ആദ്യ വെള്ളിയാഴ്ച വിളിച്ചുചൊല്ലി പ്രാര്‍ത്ഥന നടക്കും.
ഈ അവസരത്തിലാണ് മദ്യവിമുക്ത പ്രതിജ്ഞ.പന്ത്രണ്ട് നോയമ്പ് ഇവിടത്തെ ഒരു വ്രതാനുഷ്ഠാനമാണ് . ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്.തിരുവല്ല നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ മാറിയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .
ക്ഷേത്ര ഐതിഹ്യം
കാട്ടില്‍ വിറക് വെട്ടാന്‍ പോയ ഒരു വേടന്‍ തന്നെ കൊത്താന്‍ വന്ന സര്‍പ്പത്തെ വെട്ടി. അതു ചത്തില്ല. പിന്നീട് ഇതേ സര്‍പ്പത്തെ ഒരു കുളക്കരയിലെ പുറ്റിന് മുകളില്‍ കണ്ടപ്പോള്‍ വേടന്‍ വീണ്ടും അതിനെ ആക്രമിച്ചു. പുറ്റ് പൊട്ടി ജലപ്രവാഹമുണ്ടായി .
അമ്പരന്നുനിന്ന വേടന് മുന്നില്‍ ഒരു സന്യാസി പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഇതേ സമയം വേടന്റെ കുടുംബവും അവിടെയെത്തിയിരുന്നു. വെള്ളത്തിന് പാലും തേനും കലര്‍ന്ന നിറം വരുമ്പോള്‍ ജലപ്രവാഹം അവസാനിക്കുമെന്ന് സന്യാസി അവരോട് പറഞ്ഞു.
പുറ്റിനകത്ത് പരാശക്തി ജലശയനം നടത്തിയ വെള്ളമാണിതെന്നും പുറ്റ് പൊളിച്ച് നോക്കിയാല്‍ ഒരു വിഗ്രഹം കാണാമെന്നും അദ്ദേഹം അവരോട് പറഞ്ഞു. അതിനെ വനദുര്‍ഗ്ഗയെന്ന് സങ്കല്പിച്ച് ആരാധിച്ചാല്‍ സര്‍വ്വ ഐശ്വര്യവും ഉണ്ടാകുമെന്ന് പറഞ്ഞ് പുറ്റ് ഉടച്ച് സന്യാസി വിഗ്രഹം പുറത്തെടുത്തു.
അതോടെ സന്യാസി അപ്രത്യക്ഷനുമായി.അന്ന് രാത്രിയില്‍ സന്യാസിയായി പ്രത്യക്ഷപ്പെട്ടത് സാക്ഷാല്‍ നാരദമുനിയാണെന്നും വേടന് സ്വപ്നദര്‍ശനം ഉണ്ടായി. ആ വിഗ്രഹമാണ് ചക്കുളത്തു കാവില്‍ കുടി കൊള്ളുന്നതെന്നാണ് ഐതിഹ്യം. അന്നു മുതല്‍ വേടനും കുടുംബവും ആ വനത്തില്‍ തന്നെ താമസം തുടങ്ങി.
പൊങ്കാല ഐതിഹ്യം
എല്ലാ ദിവസവും കാട്ടില്‍പ്പോയി വിറകും ഭക്ഷണങ്ങളും ശേഖരിച്ച് മണ്‍കലത്തില്‍ പാചകം ചെയ്താണ് അവര്‍ കഴിഞ്ഞു പോന്നത്. ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഒരു പങ്ക് ദേവിക്ക് നല്‍കിയ ശേഷമാണ് അവര്‍ കഴിച്ചിരുന്നത്.
ഒരു ദിവസം അവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് സമയത്തിനെത്താനായില്ല. അന്ന് ദേവിയ്ക്ക് ഭക്ഷണം നല്‍കാനായില്ലെന്ന വിഷമത്തിലായിരുന്നു അവര്‍.
എന്നാല്‍ പാചകത്തിനായി മരച്ചുവട്ടില്‍ ചെന്നപ്പോള്‍ കലം നിറയെ ചോറും കറികളും കായ്കനികളും ഇരിക്കുന്ന കാഴ്ചയാണ് വേടനും കുടുംബവും കണ്ടത്. ആഹാര സാധനങ്ങള്‍ അവിടെയെത്തിയത് ദേവീകൃപകൊണ്ടാണെന്ന് മനസ്സിലാക്കിയ അവര്‍ ഭക്തികൊണ്ട് ഉച്ചത്തില്‍ ദേവീമന്ത്രങ്ങള്‍ ഉരുവിട്ടു. ഇതേ സമയം ഒരു അശരീരിയും ഉണ്ടായി.