ശബരിമല: ശബരിമലയില്‍ മകരവിളക്കിനോടനുബന്ധിച്ചുള്ള ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ പുതിയ ബാരിക്കേഡ് നിര്‍മ്മിക്കുമെന്ന് സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ എസ് സുരേന്ദ്രന്‍ അറിയിച്ചു. വടക്കെനട മുതല്‍ അയ്യപ്പഭക്തര്‍ വിരിവെക്കാറുള്ള പന്തല്‍, ബെയ്ലിപാലത്തിലേക്ക് പോകുന്ന റോഡ്, പാണ്ടിത്താവളം എന്നിവ ഉള്‍പ്പെടുത്തിയാണ് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ഒന്നര കിലോമീറ്ററോളം ദൂരത്തില്‍ പൂതിയ ബാരിക്കേഡ് തീര്‍ക്കുന്നത്.
വിരിവെക്കുന്ന ഷെഡില്‍ വളഞ്ഞ് പുളഞ്ഞ് (സിഗ്സാഗ്) രീതിയില്‍ അഞ്ചുതട്ടുകളായി തിരിച്ച് ഭക്തര്‍ക്ക് ക്യൂ നില്‍ക്കുന്നതിനുള്ള ബാരിക്കേഡുമുണ്ടാകും.പതിനായിരകണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് ഈ ബാരിക്കേഡിലൂടെ വടക്കേനട വഴി എത്രയും വേഗം സന്നിധാനത്ത് ദര്‍ശനം നടത്തിപോകാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. പാണ്ടിത്താവളം മുതല്‍ മകരജ്യോതി ദര്‍ശിക്കാവുന്ന പ്രദേശങ്ങളില്‍ നിന്ന് വരുന്ന ഭക്തന്മാരേയും ഈ ബാരിക്കേഡുകളില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. വടക്കേ നടയില്‍ നിന്ന് കെട്ടുന്ന ബാരിക്കേഡില്‍ ഇടയിലുള്ള പടികള്‍ മാറ്റും. അപകടം ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കും. മകരജ്യോതിദര്‍ശിക്കാന്‍ സാധ്യതയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ താത്കാലിക കമ്പിവേലി നിര്‍മിക്കുമെന്നും പോലീസ് പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തുമെന്നും സ്പെഷ്യല്‍ പോലീസ് ഓഫീസര്‍ പറഞ്ഞു.