ദീപാവലി ആഘോഷം അഞ്ച് ദിവസം നീണ്ടുനില്‍ക്കും .ദീപാവലി എന്ന വാക്കിന്റെ അര്‍ത്ഥം വിളക്കുകളുടെ നിര എന്നാണ് .ആളുകള്‍ അവരുടെ വീടുകള്‍ വിളക്കുകളും എണ്ണ വിളക്കുകളും കൊണ്ട് അലങ്കരിക്കുന്നു.വരും വര്‍ഷത്തില്‍ ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്നു.
തിന്മയുടെ മേല്‍ നന്മ വിജയിക്കുന്നതിന്റെ ആഘോഷം കൂടിയാണിത്. ഉത്തരേന്ത്യയില്‍, രാവണനെ പരാജയപ്പെടുത്തി അയോധ്യാ നഗരത്തിലേക്ക് രാമനും സീതയും മടങ്ങിയെത്തിയതിന്റെ ഓര്‍മ്മപുതുക്കലാണ് ദീപാവലി. ഈ ദിനത്തില്‍ പ്രധാനമായും മാഹലക്ഷ്മിയെയും ഗണപതിയെയും ആരാധിക്കുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച് ദീപാവലി നാളില്‍ ലക്ഷ്മിയെ ആരാധിക്കുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ കാരണമാകുന്നു. ലക്ഷ്മി സമ്പത്തും സമൃദ്ധിയും പ്രദാനം ചെയ്യുന്നു.
ഗോവര്‍ദ്ധന്‍ പൂജ- ഈ ദിവസം ശ്രീകൃഷ്ണനെയും ആദരിക്കുന്നു. ഈ ദിവസമാണ് കൃഷ്ണന്‍ മഥുര നിവാസികളെ ഇന്ദ്രനില്‍ നിന്ന് രക്ഷിച്ചത് എന്ന് ഹൈന്ദവ സമൂഹം വിശ്വസിക്കുന്നു. പുതുവസ്ത്രങ്ങള്‍ ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള്‍ കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഉത്തരേന്ത്യയില്‍ അഞ്ച് നാള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷമാണ് ദീപാവലി . എന്നാല്‍ ദക്ഷിണേന്ത്യയില്‍ പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളു.
ഐതിഹ്യം
ഭൂമീദേവിയുടെ പുത്രനാണ് നരകാസുരന്‍. അതുകൊണ്ട് തന്നെ ഭൂമീ ദേവിയുടെ അഭ്യര്‍ത്ഥനമാനിച്ച് ഭഗവാന്‍ മഹാവിഷ്ണു നരകാസുരന് നാരായണാസ്ത്രം നല്‍കി. ആ ആയുധം കയ്യിലുള്ളിടത്തോളം പത്‌നി സമേതനായ ശ്രീഹരിക്കല്ലാതെ മറ്റാര്‍ക്കും അവനെ വധിക്കാനാവില്ലെന്നു വരസിദ്ധിയും കൊടുത്തു.
അസ്ത്രം ലഭിച്ചതോടെ നരകാസുരന്റെ ഭാവം മാറുകയും ത്രിലോകത്തിനും ശല്യമായിത്തീരുവാനും തുടങ്ങി. അഹങ്കാരം മൂത്ത നരകാസുരന്‍ ഇന്ദ്രന്റെ വെണ്‍കൊറ്റക്കുടയും കിരീടവും അപഹരിച്ചു. ഇന്ദ്രന്റെ അമ്മയായ അദിതിയുടെ വൈരക്കമ്മലുകള്‍ സ്വന്തമാക്കുകയും ചെയ്തു.
ദേവ സ്ത്രീകളെ തടവിലിട്ടും ദേവന്മാരെ ഉപദ്രവിച്ചും അഴിഞ്ഞാടിയ നരകാസുരനെ വധിക്കാന്‍ അവസാനം മഹാവിഷ്ണു തന്നെ മുന്നിട്ടിറങ്ങി.പ്രാഗ് ജ്യോതിഷം എന്ന നഗരമായിരുന്നു നരകാസുരന്റെ രാജ്യ തലസ്ഥാനം. അസുരന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശിക്കുവാനുള്ള അനുവാദം നരകന്‍ കൊടുത്തിരുന്നില്ല.
നരകാസുരന്റെ ക്രൂരതകള്‍ കൊണ്ട് പൊറുതി മുട്ടിയ ഇന്ദ്രന്‍ എന്തു ചെയ്യണമെന്നറിയാതെ ഭഗവാന്‍ മഹാവിഷ്ണുവിന്റെ അടുത്തെത്തി സങ്കടമുണര്‍ത്തിച്ചു. ഇതുകേട്ട ഭഗവാന്‍ മഹാലക്ഷിയോടൊപ്പം ഗരുഡാരൂഢനായി പ്രാഗ് ജ്യോതിഷത്തിലെത്തി. നരകാസുരനുമായി യുദ്ധത്തിലേര്‍പ്പെട്ട അദ്ദേഹം അര്‍ദ്ധരാത്രി കഴിഞ്ഞപാടെ അസുരനെ വധിച്ചു.
ബ്രാഹ്മ മുഹൂര്‍ത്തം കഴിയവേ ഗംഗാ തീര്‍ത്ഥത്തിലെത്തി ദേഹശുദ്ധി വരുത്തി.അന്ന് തുലാമാസത്തിലെ കറുത്ത പക്ഷ ചതുര്‍ദ്ദശിയായിരുന്നു. പിന്നീട് നരകനില്‍ നിന്നും വീണ്ടെടുത്ത സ്ഥാന ചിഹ്നങ്ങളും വൈരക്കമ്മലുകളും മഹാവിഷ്ണു ദേവേന്ദ്രനെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.
നരകാസുര വധത്തില്‍ ആഹ്‌ളാദം പൂണ്ട ദേവന്മാര്‍ ദീപങ്ങള്‍ കത്തിച്ചും കരഘോഷങ്ങള്‍ മുഴക്കിയും മധുരം നല്‍കിയും സന്തോഷം പങ്കുവെച്ചു. ഇതിന്റെ സ്മരണയിലാണ് ഭൂമിയിലും നന്മയുടെ പ്രകാശം തെളിയിക്കുന്ന ആഘോഷമായി ദീപാവലി മാറിയതെന്നാണ് ഐതിഹ്യം.