തിരുവനന്തപുരം: കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഈ മാസം 26 ബുധനാഴ്ച മുതല്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാന്‍ തീരുമാനം. ദര്‍ശന സമയം രാവിലെ 8.00 മുതല്‍ 11.00 വരെയും വൈകുന്നേരം 5.00 മുതല്‍ ദീപാരാധന സമയം വരെയുമായിരിക്കും. ഒരേ സമയം ക്ഷേത്രത്തില്‍ 35 ല്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കുന്നതല്ല. ഓരോ 10 മിനിറ്റിലും 35 പേര്‍ക്കായിരിക്കും ദര്‍ശനം അനുവദിക്കുന്നത്. ഇത്തരത്തില്‍ ഒരു ദിവസം പരമാവധി 665 പേരെ മാത്രമേ
ദര്‍ശനത്തിന് അനുവദിക്കൂ.
വടക്കേ നട വഴി പ്രവേശിപ്പിച്ച് അഗ്രശാല ഗണപതി ക്ഷേത്രം, കൊടിമരം,
തെക്കേടം, വടക്കേടം, അകത്തെ വടക്കേ നട വഴി പുറത്തിറക്കി തിരുവമ്പാടി, ശാസ്താംകോവില്‍, എന്നിവ തൊഴുത് പടിഞ്ഞാറെ നട വഴി പുറത്തിറക്കുന്നതാണ്. ഭക്തരെ ഒറ്റക്കല്‍മണ്ഡപത്തിലും തിരുവമ്പാടി ചുറ്റമ്പലത്തിനകത്തും പ്രവേശിപ്പിക്കുന്നതല്ല. ക്ഷേത്രം വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ഔദ്യോഗിക വെബ്‌സൈറ്റായ spst.in വഴി അതില്‍ പറഞ്ഞിരിക്കുന്ന ആവശ്യമായ വിവരങ്ങള്‍ പൂരിപ്പിച്ച് ദര്‍ശനത്തിനെത്തുന്ന തിയതിയുടെ ഒരു ദിവസം മുന്‍പ് വൈകിട്ട് 5.00 മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം.
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്തതിന്റെ പ്രിന്റൗട്ടും ആധാര്‍ കാര്‍ഡിന്റെ ഒറിജിനലും ദര്‍ശനത്തിനെത്തുന്ന സമയം ഹാജരാക്കണം. ഒരു ദിവസം മതിയായ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ വന്നാല്‍ വടക്കേ നടയില്‍ ക്രമീകരിച്ചിട്ടുള്ള കൗണ്ടര്‍ വഴി
പ്രതിദിനം നിശ്ചയിച്ചിട്ടുള്ള പരമാവധി പേരെ സ്‌പോട് രജിസ്‌ട്രേഷന്‍ ചെയ്ത് പ്രവേശിപ്പിക്കുമെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ജില്ലയില്‍ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് ഭരണസമിതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.