ദ്വാദശാക്ഷരീ മന്ത്രം ജപിക്കുന്നതിലൂടെ കൈവരുന്ന ഐശ്വര്യങ്ങള്‍

മനനം ചെയ്യുന്നതാണ് മന്ത്രങ്ങള്‍. മോക്ഷവും സൗഭാഗ്യങ്ങളും അങ്ങനെയുളള മന്ത്രങ്ങളില്‍ നിന്നു കൈവരുന്നു.

author-image
Avani Chandra
New Update
ദ്വാദശാക്ഷരീ മന്ത്രം ജപിക്കുന്നതിലൂടെ കൈവരുന്ന ഐശ്വര്യങ്ങള്‍

മനനം ചെയ്യുന്നതാണ് മന്ത്രങ്ങള്‍. മോക്ഷവും സൗഭാഗ്യങ്ങളും അങ്ങനെയുളള മന്ത്രങ്ങളില്‍ നിന്നു കൈവരുന്നു. നിത്യേന പതിനൊന്നു പ്രാവശ്യമോ 108 പ്രാവശ്യമോ 10008 പ്രാവശ്യമോ മഹാവിഷ്ണുവിന്റെ മൂലമന്ത്രമായ ദ്വാദശാക്ഷരീ മന്ത്രം ജപിക്കുന്നത് ശ്രേഷ്ഠമായി പറയുന്നു. അതു വൈകുണ്ഡ ഏകാദശിയിലാവുമ്പോള്‍ അത്യധികം പുണ്യവുമാണ്. വൈകുണ്ഠ ഏകാദശി വ്രതം അനുഷഠിച്ചാലുള്ള ഫലസിദ്ധി മോക്ഷ സിദ്ധിയാണ്. അതു തന്നെയാണ് ദ്വാദശാക്ഷരീ മന്ത്രത്തിന്റെ ഫലശ്രുതിയും. 'ഓം നമോ ഭഗവതേ വാസുദേവായ, എന്ന പന്ത്രണ്ടക്ഷരമുള്ള മന്ത്രമാണ് ദ്വാദശാക്ഷരീ മന്ത്രം. ലളിതമായ സംസ്‌കൃത പദവാക്യമാണിത്. എന്നാല്‍ അതിന്റെ സാരാംശം അതീവ മഹത്വവുമാണ്. ഭൂലോക വൈകുണ്ഡനാഥനായ ഗുരുവായൂരപ്പന്റെ തിരുനടക്കു മുന്നിലും ദ്വാദശാക്ഷരീ മന്ത്രം ആലേഖനം ചെയ്തിരിക്കുന്നതു കാണാം.

മഹാവിഷ്ണുവിന്റെ മഹത്വത്തെ വാഴ്ത്തി സ്തുതിക്കുന്ന ശ്രീമദ് മഹാഭാഗവതത്തിലെ ചതുര്‍ത്ഥ സ്‌കന്ദത്തിലാണ് ദ്വാദശാക്ഷരീ മന്ത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ചു പറയുന്നത്. വൈവസ്വതമനുവിന്റെ പുത്രനായ ഉത്ഥാനപാദന് സുരുചി എന്നും സുനീതി എന്നും രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയില്‍ ഉത്തമന്‍ എന്ന പുത്രനും സുനീതിയില്‍ ധ്രുവന്‍ എന്ന പുത്രനുമുണ്ടായിരുന്നു. ഒരു ദിവസം ഉത്ഥാനപാദന്‍ ഉത്തമനെ മടിയിലിരുത്തി ലാളിക്കുന്നതു കണ്ട ധ്രുവന്‍ ഓടിച്ചെന്നു അച്ഛന്റെ മടിയിലിരിക്കാന്‍ തുടങ്ങിയപ്പോള്‍ സുരുചി തടസ്സം നിന്നു. ഇതില്‍ മനം നൊന്ത ധ്രുവന്‍ അമ്മയുടെ അടുത്തു ചെന്നു കാര്യങ്ങള്‍ പറഞ്ഞു. ധ്രുവനെ ആശ്വസിപ്പിച്ചുകൊണ്ട് വിഷ്ണുഭക്തയായ സുനീതി ഹരിനാരായണ മൂര്‍ത്തിയെ പ്രാര്‍ഥിച്ചാല്‍ സകല വിഷമങ്ങളും അകലും എന്നു ഉപദേശിച്ചു. അമ്മയുടെ വാക്കുകള്‍ ശ്രവിച്ചു ധ്രുവന്‍ ഭഗവാനെ പ്രാര്‍ഥിക്കുന്നതിനായി കൊട്ടാരം വിട്ടിറങ്ങി. വഴിയരികില്‍വെച്ചു നാരദ മഹര്‍ഷിയെ കണ്ടു. ഭഗവാനെ ഏങ്ങനെയാണ് പൂജിക്കേണ്ടതെന്നും ധ്യാനിക്കേണ്ടതെന്നും മഹര്‍ഷി ധ്രുവനു പഠിപ്പിച്ചു കൊടുത്തു. നാരദ മഹര്‍ഷി ധ്രുവനു പറഞ്ഞു കൊടുത്ത മഹാമന്ത്രമാണ് 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന ദ്വാദശാക്ഷരീ മന്ത്രം . ഭഗവാനെ മനസ്സില്‍ ധ്യാനിച്ചു മന്ത്രം ചൊല്ലി തപസ്സനുഷ്ഠിച്ച ധ്രുവനു മുമ്പില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെടുകയും സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുകയും ചെയ്തു.

'ഓം നമോ ഭഗവതേ വാസുദേവായ' എന്ന പന്ത്രണ്ടക്ഷരങ്ങളില്‍ ഓം പരമ പ്രദവും അനന്തവുമായ ഒരു ആത്മാവിനെ അല്ലെങ്കില്‍ വ്യക്തിയെ സൂചിപ്പിക്കുന്നു. നമോ എന്നാല്‍ നമിക്കുക അല്ലെങ്കില്‍ ആരാധിക്കുക എന്നാണര്‍ഥമാക്കുന്നത്. ഭഗവതേ എന്നാല്‍ സംസ്‌കൃതത്തില്‍ ദൈവം എന്നര്‍ഥമാക്കുന്നു. എല്ലാ ഐശ്വര്യങ്ങളുടേയും ഭാഗ്യങ്ങളുടേയും നാഥനായവന്‍ ആരോ അവന്‍ ഭഗവാന്‍ എന്നു മറ്റൊരര്‍ഥവുമുണ്ട്. ശ്രീ, കീര്‍ത്തി, ശക്തി, ജ്ഞാനം, സൗന്ദര്യം, ത്യാഗം എന്നീ ദിവ്യ ഗുണങ്ങള്‍ക്കും നാഥന്‍ എന്നര്‍ഥമാക്കുന്നു. വാസുദേവായ എന്നാല്‍ വസുദേവരുടെ പുത്രന്‍ എന്നര്‍ഥത്തില്‍ വാസുദേവന്‍ എന്ന് പറയുന്നു. വാസു എന്നാല്‍ എല്ലാ ജീവജാലങ്ങളുടേയും ജീവന്‍ എന്നും ദേവന്‍ എന്നാല്‍ ദൈവം എന്നും അര്‍ഥമാക്കുന്നു. വാസുദേവന്‍ എന്നുള്ളതിനു എല്ലാ ജീവജാലങ്ങളുടേയും ജീവനായ ദൈവം എന്ന് അര്‍ഥം. അതായത് ദ്വാദശാക്ഷരീ മന്ത്രം ഈശ്വരന്‍ തന്നോടു കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്ന മഹാമന്ത്രം കൂടിയാണ്.

പരമസ്വരൂപനായ നാരായണ മൂര്‍ത്തിയാണ് എല്ലാ മനുഷ്യര്‍ക്കും അവരവരുടെ കര്‍മ്മമണ്ഡലത്തില്‍ നിന്നു മുക്തി നേടാന്‍ സഹായിക്കുന്നത്. ആ മൂര്‍ത്തിയെ അത്യധികം ഭക്തിയോടെയും വ്രതശുദ്ധിയോടെയും വൈകുണ്ഠ ഏകാദശി ദിനത്തില്‍ ദ്വാദശാക്ഷരീ മന്ത്രം ചൊല്ലി ജപിക്കുന്നത് അത്യുത്തമമാണ്. വൈഷ്ണവ മന്ത്രങ്ങളില്‍ പ്രധാനം ദ്വാദശാക്ഷരീ മന്ത്രമാണന്നും ശാരദ തിലക് തന്ത്രവും പറയുന്നു.

astrology manthra lord vishnu dwadashakshari manthra