അയ്യപ്പനും ഗുരുവായൂരപ്പനും; ദുബായിലെ പുതിയ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോള്‍ പ്രസാദമായി കശുവണ്ടിയും ബദാമും പിസ്തയും കിസ്മിസും കവറിലാക്കി നല്‍കുന്നു.

author-image
parvathyanoop
New Update
അയ്യപ്പനും ഗുരുവായൂരപ്പനും; ദുബായിലെ പുതിയ ക്ഷേത്രത്തിന്റെ വിശേഷങ്ങള്‍

ദുബായിലെ ആദ്യ ഹിന്ദു ക്ഷേത്രം. നിരവധി പള്ളികളും ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയുമുള്ള ജബല്‍ അലിയിലെ 'ആരാധന ഗ്രാമം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലത്താണ് പുതിയ ക്ഷേത്രം.എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 3 വര്‍ഷങ്ങളാണെടുത്തത്.

ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തമാണ്. മനോഹരമായ ഈ ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്ക് കാലെടുത്ത് വെയ്ക്കുമ്പോള്‍ തന്നെ ആദ്യം കാണുന്നത് അയ്യപ്പനെയും ഗുരുവായൂരപ്പനെയുമാണ്.പൂര്‍ണമായും കൊത്തുപണികളാല്‍ മനോഹരമാക്കി കൊട്ടാര സമാന നിര്‍മിതിയാണ് പുതിയ ക്ഷേത്രത്തിന്റേത്.

വെളുത്ത കല്ലുകളാല്‍ തിളങ്ങുകയാണ് ചുവരും തറയുമെല്ലാം. രാജകീയ പ്രൗഢി നല്‍കുന്ന ചിത്രപ്പണികളും ശില്‍പങ്ങളുമാണ് അകത്തളങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ദൈവങ്ങളുടെ പ്രതിഷ്ഠ കുടികൊള്ളുന്ന പ്രധാന മുറിയില്‍ ആകാശത്ത് നിന്നു ഭൂമിയിലേക്കു വിടര്‍ന്നു നില്‍ക്കുന്ന വലിയ താമര നിര്‍മിതിയുടെ അഴക് വര്‍ധിപ്പിക്കുന്നു.പകല്‍ വെളിച്ചം താമരപ്പൂവിലൂടെ ക്ഷേത്രത്തിന്റെ അകത്തളങ്ങളിലേക്ക് പ്രവേശിക്കുന്നു.

ശിവ ഭഗവാനാണ് പ്രധാന പ്രതിഷ്ഠ.കൂടാതെ കൃഷ്ണന്‍, മഹാലക്ഷ്മി, ഗണപതി, നന്ദി, ഹനുമാന്‍, ഷിര്‍ദി സായി ബാബ പ്രതിഷ്ഠകളുമുണ്ട്. ആചാരമനുസരിച്ച് ഇതിനുള്ളില്‍ പ്രവേശിക്കണമെങ്കില്‍ തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. എന്നാല്‍ മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളൊന്നുമില്ല.സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30 വരെയാണ് ദര്‍ശന സമയം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോടു ചേര്‍ന്നാണ് പുതിയ ക്ഷേത്രത്തിന്റെ സ്ഥാനം.

ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളും ക്രമീകരിച്ചിട്ടുണ്ട്. സാധാരണ ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്തമായി ആധുനിക മുഖമാണ് ജബല്‍ അലി ക്ഷേത്രത്തിനുള്ളത്. ക്ഷേത്രത്തിന്റെ മുകള്‍ നിലയിലാണ് പ്രതിഷ്ഠകള്‍ മുഴുവനുമുള്ളത്.മച്ചില്‍ നിറയെ ക്ഷേത്ര മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷ് തുടങ്ങി വിവിധ ഭാഷകളിലാണ് ഇവിടെ പ്രാര്‍ഥനകള്‍ മുഴങ്ങുന്നത്.

തൊട്ടടുത്തായി ക്രൈസ്ത ദേവാലയങ്ങളാണ്. അവിടെ പ്രാര്‍ഥനകള്‍ക്കായി എത്തുന്നവരും പുതിയ ക്ഷേത്രം കണ്ടാണ് മടങ്ങുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി പുറത്തേക്ക് ഇറങ്ങുമ്പോള്‍ പ്രസാദമായി കശുവണ്ടിയും ബദാമും പിസ്തയും കിസ്മിസും കവറിലാക്കി നല്‍കുന്നു.ക്ഷേത്രത്തിന്റെ ചുവരില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങളുമുണ്ട്.

 

dubai hindu temple