രോഗദുരിതങ്ങളും ആയുര്‍ ദോഷങ്ങളും മാറുവാന്‍ അതില്‍ നിന്നും മുക്തി നേടാന്‍ ഏറ്റവും ഫലപ്രദമായ അനുഷ്ഠാനമാണ് ശിവാരാധന. ശിവപൂജ ചെയ്യുമ്പോള്‍ ഭക്തിയും ശ്രദ്ധയും ഒരുപോലെയുണ്ടെങ്കിലേ പ്രാര്‍ത്ഥനകള്‍ വേഗം ഫലിക്കൂ. ജാതകദോഷങ്ങള്‍, ദശാസന്ധി ദുരിതങ്ങള്‍, ബാധകള്‍ എന്നിവ പരിഹരിക്കാനും ശിവപ്രീതിയാണ് ആചാര്യന്മാര്‍ വിധിച്ചിട്ടുള്ളത്.
പഞ്ചാക്ഷരി, മൃത്യുഞ്ജയ മന്ത്രം തുടങ്ങിയവ പതിവായി നിഷ്ഠയോടെ ജപിച്ച്, യഥാശക്തി ജല ധാര മുതലായ വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിച്ചാല്‍ ശിവപ്രീതി നേടാം. ശിവക്ഷേത്ര ദര്‍ശനത്തിന് മൂന്ന് പ്രദക്ഷിണമാണ് വേണ്ടത്. 21 ദിവസം കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തിയാല്‍ ദുരിതമകന്ന് അഭീഷ്ട സിദ്ധി ഉണ്ടാകും.
കുളിച്ച് ശുദ്ധമായി ക്ഷേത്രത്തിലെത്തി ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലുള്ള ഛണ്ഡന്‍, പ്രഛണ്ഡന്‍ എന്നീ ദ്വാരപാലകരെ ഇടം വലം നോക്കി തൊഴുത് അനുവാദം വാങ്ങി അകത്ത് കടക്കണം. ആദ്യം തൊഴേണ്ടത് മഹാദേവന് മുന്നിലെ നന്തികേശനെയാണ്. തുടര്‍ന്ന് ശ്രീകോവിലിന്റെ ഇടത് ഭാഗത്ത് നിന്ന് ഭഗവാനെ കൈകൂപ്പി വണങ്ങണം.
വീണ്ടും നന്തിയെ തൊഴുത ശേഷം ശ്രീകോവിലിന് പിന്നിലൂടെ ഓവുചാലിന് അടുത്തെത്തി താഴികക്കുടം നോക്കി തൊഴണം. എന്നിട്ട് നന്തിയുടെ പിന്നിലൂടെ ശ്രീകോവിലിനടുത്ത് ചെന്ന് ഭഗവാനെ തൊഴണം. അവിടെ നിന്ന് ഓവിന് അടുത്തെത്തി നിന്ന് താഴികക്കുടം നോക്കി തൊഴുത ശേഷം ശ്രീകോവിലിന് മുന്നിലെത്തി ഭഗവാനെ തൊഴുതിട്ട് വലത് വശത്ത് വന്ന് നിന്നു നന്തികേശനെ തൊഴണം. ഇത്രയും ചെയ്യുമ്പോള്‍ ഒരു പ്രദക്ഷിണം പൂര്‍ത്തിയാകും.
ഇങ്ങനെ മൂന്ന് പ്രാവശ്യം ആവര്‍ത്തിച്ചാല്‍ മൂന്ന് പ്രദക്ഷിണമായി. ഒരു പ്രദക്ഷിണത്തില്‍ നന്തിയെ നാല് പ്രാവശ്യവും, ശിവഭഗവാനെ മൂന്ന് പ്രാവശ്യവും തൊഴണം. ഒരു കാരണവശാലും ഓവ് മുറിച്ച് കടക്കരുത്. ഭഗവാന്റെ പിന്നില്‍ പാര്‍വ്വതീദേവി ഇരിക്കുന്നു എന്നാണ് സങ്കല്പം. അതുകൊണ്ടാണ് ദേവിയെ സങ്കല്‍പ്പിച്ച് പിന്‍വിളക്ക് കൊളുത്തുന്നത് ശിവക്ഷേത്ര ദര്‍ശനത്തിന് പൂര്‍ണ്ണ ഫലം ലഭിക്കണമെങ്കില്‍ പിന്‍വിളക്ക് കൂടി നടത്തണം. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് ജലധാരയാണ്.
നന്ത്യാര്‍വട്ടം, ചെമ്പകം, താമരപ്പൂവ്, പുന്ന, കരിംകൂവളം, വെള്ള എരിക്കിന്‍ പൂവ്, മഞ്ഞ അരളിപ്പൂവ്, മൂന്ന് ഇതളുള്ള കൂവളത്തില, ഇവയാണ് ശിവന് ഏറ്റവും പ്രിയപ്പെട്ട പുഷ്പങ്ങള്‍. ശിവന് ആയിരം വെള്ള എരിക്കിന്‍ പൂവ് കൊണ്ട് ആരാധന നടത്തുന്ന ഫലം ഒരു മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കും. ഇത്രയും മഞ്ഞ അരളിപ്പൂവ് കൊടുത്താല്‍ ലഭിക്കുന്ന ഫലം മൂന്ന് ഇതളുള്ള ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മതി എന്നാണ് വിശ്വാസം.
ഒരു കൂവളത്തില സമര്‍പ്പിച്ചാല്‍ മൂന്ന് ജന്മങ്ങളിലെ പാപങ്ങള്‍ ശമിക്കുമെന്നാണ് പ്രമാണം. ദര്‍ശനം കഴിഞ്ഞാല്‍ ചുറ്റമ്പലത്തിന്റെ പ്രധാന കവാടത്തിലൂടെ തന്നെ പുറത്തിറങ്ങണം. എന്നിട്ട് ദ്വാരപാലകന്മാരെ മനസ്സ് കൊണ്ട് വന്ദിച്ച് നന്ദി പറയണം.