തിരുവനന്തപുരം: ശ്രീപത്മനാഭന് അമൂല്യമായ കാണിക്ക. സമര്‍പ്പിച്ചത് ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദനും ഭാര്യ ജയാ ഗോവിന്ദനും.
ശ്രീപത്മനാഭന്റെ അനന്തശയനമാണ് സ്വര്‍ണ്ണത്തിലും വജ്രത്തിലും ഒരുക്കിയത്. ഭീമാ ജ്വല്ലറി നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയിലാണ് ശ്രീപത്മനാഭന്റെ ദാസരായ ഭീമാ ഗോവിന്ദനും ഭാര്യയും പ്രാര്‍ത്ഥനയോടെ ദിവ്യസ്വരൂപം സമര്‍പ്പിക്കുന്നത്.
2.8 കിലോ സ്വര്‍ണത്തിലാണ് വിഗ്രഹം നിര്‍മിച്ചത്. ഉയര്‍ന്ന ഗുണനിലവാരമുള്ള 75089 വജ്രങ്ങളും ലോകത്തിലെ ഏറ്റവും ചെറിയ പ്രകൃതിദത്തമായ 3355 റൂബിയും എമറാള്‍ഡും വിഗ്രഹത്തില്‍ പതിപ്പിച്ചിട്ടുണ്ട്. 18 ഇഞ്ച് നീളവും 8 ഇഞ്ച് വീതിയുമാണ് വിഗ്രഹത്തിനുള്ളത്.
ദിവസം 18 മണിക്കൂര്‍ വീതം, 64 തൊഴിലാളികള്‍ 60 ദിവസം കൊണ്ടാണ് വിഗ്രഹം പൂര്‍ത്തിയാക്കിയത്. ഏറെ നാളായുള്ള, തികച്ചും സ്വകാര്യമായ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണിതെന്ന് ഭീമാ ഗോവിന്ദന്‍ പറഞ്ഞു.
തലസ്ഥാന നഗരിയുടെ മാറില്‍ അനന്തശയനം ചെയ്യുന്ന പത്മനാഭന്റെ മുന്നില്‍ ഭീമാ ജ്വല്ലറിയുടെ ഈ വിഗ്രഹം ഒരു നൂറ്റാണ്ടിന്റെ കരുതലിനുള്ള സ്‌നേഹ പ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു.
ഭീമാ ഷോറൂമിലുള്ള വിഗ്രഹം പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാം. ഭീമയുടെ മറ്റു ഷോറൂമുകളിലും വിഗ്രഹം പ്രദര്‍ശിപ്പിക്കും.