തിരുവനന്തപുരം: ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍പ്പ് ഇന്നത്തെ ഗാനങ്ങള്‍ക്കില്ലെന്ന് ഗായകന്‍ പി ജയചന്ദ്രന്‍. ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്റെ പ്രഥമ പുരസ്‌കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷന്റെ ആദ്യ പുരസ്‌കാരം ലഭിച്ചത് ഏറ്റവും വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പി ജയചന്ദ്രന് പുരസ്‌കാരം സമ്മാനിച്ചത്. കലയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച മഹാരഥന്മാരാണ് ശ്രീകുമാരന്‍ തമ്പിയും പി ജയചന്ദ്രനുമെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വന്തം നിലപാടുകള്‍ തുറന്നുപറയാന്‍ ശ്രീകുമാരന്‍ തമ്പി മടികാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആത്മാവില്‍ തൊടുന്ന പാട്ടുകാരനാണ് പി ജയചന്ദ്രനെന്നും മന്ത്രി പറഞ്ഞു.
ദുരിതം അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുകയാണ് ഫൗണ്ടേഷന്റെ ലക്ഷ്യം. നിര്‍ധനര്‍ക്ക് ചികിത്സാസഹായം, വിദ്യാഭ്യാസ സഹായം എന്നിവയും ഫൗണ്ടേഷന്‍ ലഭ്യമാക്കും. ചടങ്ങില്‍ മുന്‍ മന്ത്രി എം വിജയകുമാര്‍, ഗോകുലം ഗോപാലന്‍, പ്രഭാ വര്‍മ്മ, ദിനേശ് പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.