പെരിങ്ങോട്ടുകര: ദേവസ്ഥാനത്ത് ദക്ഷിണാമൂര്‍ത്തി അന്താരാഷ്ട്ര സംഗീത നൃത്തോത്സവത്തിന്റെ 21-മത്തെ ദിവസം ചടുലതാളരാഗസമന്വയമായ ചിലമ്പൊലികളാല്‍ സമ്പന്നമായി. കലാക്ഷേത്ര ഡോ നിര്‍മ്മല നാഗരാജന്റെ ശിഷ്യളായ തിരുവനന്തപുരം അശ്വതി മോഹനും, ദി പുന ഡി.പി എന്നിവര്‍ ചാമുണ്ഡാരൂപിണിയായ ഭഗവതിയെ സ്തുതിച്ച് നാട്ട രാഗത്തില്‍ നമസ്‌തേ രുദ്രരൂപിണി എന്ന കീര്‍ത്തനം നര്‍ത്തകി രമാ വൈദ്യനാഥന്‍ചിട്ടപ്പെടുത്തിയ ദേവീ പൂജാ പദ്ധതിയാണവതരിപ്പിച്ചത്.
ഗുരു നിര്‍മ്മല നാഗരാജന്റ ചിട്ടയായ ഹംസാനന്ദി രാഗത്തിലുള്ള മുക്കണ്ണനേ മുതല്‍വനേ എന്ന കൃതി താണ്ഡവ പ്രധാനമായി ആണും പെണ്ണും സമമെന്ന് വര്‍ണ്ണിക്കുന്ന വര്‍ണ്ണവും മനോഹരമായി അവതരിപ്പിച്ചു. കുമാരി അപര്‍ണ്ണ മോഹന്‍ അവതരിപ്പിച്ച ചടുല ഗതിയിലുള്ള മുരുഗ കവുത്തുവവും പാര്‍വ്വതീദേവിയുടെ ദൂതായി ശിവസമക്ഷമെത്തുന്ന ഖരഹരപ്രിയ രാഗത്തിലെ മോഹമാനവര്‍ണ്ണവും ഭൈരവി രാഗത്തിലെ പാപനാശ മുതലിയാര്‍ പദവുമെല്ലാം ആടിത്തിമര്‍ത്തു.
ബാംഗ്ലൂരില്‍ നിന്നെത്തിയ നര്‍ത്തകന്‍അനില്‍ അയ്യരും സംഘവും അവതരിപ്പിച്ച തില്ലെയ് കാളിയമ്മന്‍ കോവില്‍ കഥയും ശിവപാര്‍വ്വതീലാസവും നരസിംഹ ഷോഡശ നാമാവലി അലാരിപ്പും ഗുരുദ്വാരകീ കൃഷ്ണസ്വാമി കൃതിയും തില്ലാനയുമെല്ലാം സമന്വയിപ്പിച്ച ശിവോഹം നാട്യാഞ്ജലി ദേവസ്ഥാനത്തു കൂടിയ പ്രേക്ഷകര്‍ക്ക് നയനാനന്ദമേകി.ശിവദം അന്തിക്കാടിന്റെ തിരുവാതിരയും ചിലം ബൊലി മാളയുടെ കൈകൊട്ടിക്കളിയും നടന്നു. കലാകാരന്മാര്‍ക്ക് ദേവസ്ഥാനാധി പതി ഉണ്ണി ദാമോദരസ്വാമികളും, ട്രസ്റ്റി കെ.ഡി. വേണുഗോപാലും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.