കേരളത്തിലെ ഏക നാണയപഠനകേന്ദ്രം കോയിക്കല്‍ കൊട്ടാരം മുപ്പതിന് തുറക്കും. നവീകരണത്തിന്റെ ഭാഗമായി മൂന്നരവര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്നു. കൊട്ടാരത്തിലെ ഫോക്‌ലോര്‍ മ്യൂസിയവും അടഞ്ഞു കിടക്കുകയായിരുന്നു. ആധുനിക രീതിയില്‍ ആണു ഗാലറികള്‍ ഒരുക്കിയിരിക്കുന്നത്.1.68 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്. ഫണ്ട് അനുവദിക്കാന്‍ കാലതാമസം നേരിട്ടതോടെ ജോലികള്‍ക്കും താമസം നേരിടുകയായിരുന്നു.
2014 സെപ്റ്റംബര്‍ പത്തിനു കൊട്ടാരം നവീകരണത്തിന്റെ ശിലാസ്ഥാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. തുടര്‍ന്നാണ് കൊട്ടാരത്തിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേരളം ചരിത്ര പൈതൃക മ്യൂസിയം എന്ന നോഡല്‍ ഏജന്‍സിയാണ് നവീകരണ ജോലികള്‍ ചെയ്യുന്നത്.
ടിക്കറ്റ് കൗണ്ടറിനായി പുതിയ കെട്ടിടം നിര്‍മിച്ചു. കൊട്ടാരത്തിനകത്തെ കാളവണ്ടി പുറത്തു പ്രദര്‍ശിപ്പിക്കുന്നതിനു രണ്ടു കെട്ടിടങ്ങള്‍ നിര്‍മിച്ചു. ഇതിനിടെ പുതുക്കിപ്പണിച്ച മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. തുടര്‍ന്നുള്ള മേല്‍ക്കൂരയുടെ പണികളും അവസാനവട്ടത്തിലാണ്. വിലപിടിപ്പുള്ള പുരാവസ്തുക്കളും നാണയങ്ങളും വൃത്തിയാക്കി ഗാലറികളില്‍ പ്രദര്‍ശിപ്പിക്കുന്നതിനു സജ്ജമാക്കിയതായി കൊട്ടാരം അധികൃതര്‍ പറഞ്ഞു.
കൊട്ടാരത്തിനകത്തും പുറത്തും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു. കൊട്ടാരം ഗാര്‍ഡന്റെ സൗന്ദര്യവല്‍ക്കരണവും മറ്റു ജോലികളും പൂര്‍ത്തിയാകാനുണ്ട്. പണികള്‍ പൂര്‍്ത്തിയായി വീണ്ടും പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സന്ദര്‍ശകരുടെ എണ്ണത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.