ഡോ. പ്രകാശ് ജനാര്‍ദ്ദനന്‍
ഒരു മലയാള സിനിമയുടെ തുടക്കം. രാത്രിയുടെ മധ്യയാമങ്ങള്‍. രാവിന്റെ, കാടിന്റെ ഇരുളിലൂടെ മലമ്പാത താണ്ടി ഒരു വാഹനം പോകുന്നു. ഇരുളിനെ കീറി കുതിക്കുന്ന വാഹനത്തിന്റെ പുറകിലെ സീറ്റില്‍ മദ്യലഹരിയില്‍ കിടക്കുകയാണ് നായക കഥാപാത്രം. പശ്ചാത്തലത്തില്‍ ഉയരുന്ന ഗാനവീചികള്‍ക്ക് വ്യത്യസ്ത ഈണം. അത് ഉള്ളാഴങ്ങളിലെ ഏതോ തന്ത്രിയില്‍ സ്പര്‍ശിച്ച പോലെ. അനാദികാലത്തെങ്ങോ മനുഷ്യ ശരീരകോശങ്ങളിലെ ക്രോമസോമുകളില്‍ പ്രകൃതികോറിയിട്ട ഈണം. ആ ഈണം ഈ ഗാനത്താല്‍ ഉണരുകയാണ്. 'കലക്കാത്ത സന്ദനമേറാ, വെഗു വേഗ പൂത്തിരിക്കും. പൂ പറിക്കാ പോകിലാമോ, വിമേനാത്തെ പാക്കിലാമോ. (കിഴക്കുദിക്കിലെ ചന്ദനമരം പൂത്തുലഞ്ഞു നില്‍ക്കുന്നു. പൂ പറിക്കാന്‍ പോകാല്ലോ, വിമാനത്തെ കാണാല്ലോ). സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമെന്ന സിനിമയില്‍ നഞ്ചിയമ്മ എന്ന ഗോത്രഗായിക ആലപിച്ച ഗാനം. ആലങ്കണ്ടി പുത്തൂര്‍ എന്ന തമിഴ് പേശുന്ന, കാട് കാവല്‍ നില്‍ക്കുന്ന ഊരില്‍ നിന്നും ഉരുവം കൊണ്ട് അട്ടപ്പാടിയിലേക്ക് വളര്‍ന്ന് മലയാളക്കരയാകെ പടര്‍ന്ന് ഭാരത ദേശത്തിലാകെ ഒഴുകി നിറയുകയാണ് നഞ്ചിയമ്മ എന്ന ഗായികയും അവരുടെ ഗോത്ര ഈണവും. പേച്ചു ഭാഷ മാത്രമായ ഇരുള ഭാഷയിലെ ചെറു പദങ്ങളാല്‍ കോര്‍ത്തെടുത്ത ഈ പാട്ടുകളില്‍ കാവ്യ ഗംഭീരതയൊന്നും ദര്‍ശിക്കാന്‍ കഴിയില്ല. പക്ഷെ നഞ്ചിയമ്മ എന്ന ഗായികയുടെ ഹൃദയത്തിലുണര്‍ന്ന്, കണ്ഠനാളത്തിലൂടെ ബഹിര്‍ഗമിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിന്റെ ആഴങ്ങളില്‍, ഓര്‍മ്മകളുടെ ഉള്ളറകളില്‍, ബോധതലങ്ങളില്‍ ശരീരകോശങ്ങളില്‍ അത് പ്രകമ്പനം സൃഷ്ടിക്കുന്നു. നമ്മെ തീവ്ര വികാരങ്ങളുടെ തലത്തിലേക്ക് ഉയര്‍ത്തുന്നു. അതു കൊണ്ട് തന്നെയാണ് ജാതി മത വര്‍ഗ്ഗ ഭേദമെന്യേ ഈ ഗാനം മാനവകുലത്തിന് ആസ്വാദ്യമാകുന്നത്.
ഇരുളന്റെ ചേതന
കന്നഡ ദേശത്തിന്റെ തെക്ക് നീലഗിരിയുടെ ചുറ്റുവട്ടത്തുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അങ്ങേക്കരയില്‍ ഇരുള വര്‍ഗ്ഗം ഭരിച്ചിരുന്നു. ഇരുള രാജാവായിരുന്ന കോവനാണ്, കോയമ്പത്തൂര്‍ നഗരം സ്ഥാപിച്ചത്. ചോള സാമ്രാജ്യത്തിന്റെ തള്ളിച്ചയില്‍ തകര്‍ന്നു പോവുകയായിരുന്നു ഇരുള ഭരണം. അങ്ങനെയാകാം കാടിന്റെ അഭയത്തിലേക്കും ചോള രാജാക്കന്‍മാരുടെ സൈനികരുമായൊക്കെ മാറ്റം തേടിയത്. ഇരുളര്‍ എന്നതിന് മലയാളത്തില്‍ കരിനിറക്കാരായ മനുഷ്യര്‍ എന്ന് അര്‍ത്ഥം പറയാം. ഇരുളടഞ്ഞ കാനനങ്ങളിലെ വാസമായിരിക്കാം, അവരുടെ ചര്‍മ്മ നിറമായിരിക്കാം അല്ലെങ്കില്‍ ചോള സാമ്രാട്ടുകളുടെ രാത്രി കാവല്‍ക്കാര്‍ എന്നതുമായിരിക്കാം ഈ പേരിനാധാരം. ഭരണത്തില്‍ പ്രാവീണ്യം നേടുന്നതിനു മുന്‍പേ അവരുടെ ചേതനയില്‍ കൃഷിയും പാട്ടും അലിഞ്ഞു ചേര്‍ന്നിരുന്നു. അവരുടെ വാഴ്വാണ് പാട്ട്. സംസ്്ക്യതിയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നും, പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ നിന്നും, ജീവിവര്‍ഗ്ഗങ്ങളുടെ സ്വരഭേദങ്ങളില്‍ നിന്നും കേട്ടെടുത്ത അനുഭവിച്ച് ഉള്ളിലുരുക്കിയെടുത്ത പാട്ടുകളാണ്. അത് പാടിപ്പകര്‍ന്ന് തലമുറകള്‍ താണ്ടി നഞ്ചിയമ്മയെന്ന പാട്ടുകാരിയിലൂടെ ലോകം ശ്രവിക്കുന്നു. ജീവനില്‍ വികാരങ്ങള്‍ ചാലിച്ചാണ് ഇരുളര്‍ പാട്ട് മെനയുന്നത്. ദു:ഖത്തിനാണ് അതില്‍ പ്രഥമസ്ഥാനം. മരണ വീടുകളില്‍ ഇരുപത്തിനാലു മണിക്കൂറോളം അവര്‍ മൃതദേഹത്തിനരികില്‍ കൂട്ടം ചേര്‍ന്ന് പാടി ആടും, സങ്കടം തീരുവോളം.തുടര്‍ന്നുള്ള മരണാനന്തര ചടങ്ങുകള്‍ക്കെല്ലാം പാട്ടിന്റെ അകമ്പടിയുണ്ടാകും. എല്ലാ ജീവിത സന്ദര്‍ഭങ്ങളിലും, അത് സന്തോഷകരമോ, സന്താപമോ ആയിക്കോട്ടെ ഇരുളര്‍ക്ക് പാട്ട് കൂട്ടാണ്, തുണയാണ്, സാന്ത്വനമാണ്. അതെ ഇരുളരുടെ ഓരോ അണുവിലും പാട്ടുണ്ട്.
പാട്ടുബാല്യം
ഇപ്പോഴത്തെ തമിഴ്നാട്ടില്‍, മലയാള നടെന്നോ തമിഴ്നാടെന്നോ അതിരിടാത്ത കാലത്ത് ആലങ്കണ്ടി പുത്തൂര്‍ എന്ന ഊരിലാണ് നഞ്ചിയമ്മ ജനിച്ചത്. കാട് വരമ്പിടുന്ന ഈ ഊരില്‍ ആടുമാടുകളെ വളര്‍ത്തലും കൃഷിയുമാണ് ഉപജീവനമാര്‍ഗ്ഗം. ഒടുവില്‍ മരിക്കുന്ന മുത്താച്ഛിയുടെ പേര് അവരുടെ ബഹുമാനാര്‍ത്ഥം ഉടന്‍ ജനിക്കുന്ന പെണ്‍കുഞ്ഞിനു നല്കുക എന്ന പതിവ് തെറ്റാത്തതിനാലാണ് നഞ്ചിയമ്മ എന്ന പേര് വന്നത്. അതിനാല്‍ കുടുംബത്തില്‍ ഒരേ പേരുകാര്‍ പലരുമുണ്ടാകും. നഞ്ചിയമ്മയുടെ പാട്ടോര്‍മ്മകളുടെ തുഞ്ചം മുട്ടി നില്‍ക്കുന്നത് അവരുടെ ചെറു ബാല്യത്തിലാണ്. ആലങ്കണ്ടി പുത്തൂര്‍ എന്ന ഊരില്‍ കുറേ വീടുകളുണ്ട്. പറമ്പുകളും മനസ്സുകളും അതിരു കെട്ടിത്തിരിക്കാത്തതിനാല്‍ കുട്ടികള്‍ക്ക് കൂട്ടമായി എല്ലായിടവും സ്വതന്ത്രമായി സഞ്ചരിക്കാം. കുട്ടികളെ കുളിപ്പിക്കുന്നതും, ഊട്ടുന്നതും ഉറക്കുന്നതുമെല്ലാം പാട്ടു പാടിക്കൊണ്ടാണ്. പാട്ടില്ലാത്ത ഒരു ചടങ്ങും ഊരിലും വീട്ടിലും ഉണ്ടാകാറില്ല. കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും പാട്ടിന്റെ അകമ്പടിയുണ്ടാകും. ഈ പാട്ടുകള്‍ ആ ബാലികയുടെ ഉപബോധമനസ്സിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങി. കൂടാതെ നഞ്ചിയമ്മയുടെ ബാല്യ കുതൂഹലം പ്രകൃതിയുടെ തനത് ശബ്ദവീചികള്‍ കേട്ടെടുത്തു. വിവിധ തരം പക്ഷികളുടെ ഒച്ചകള്‍, മരച്ചില്ലകളില്‍ കാറ്റുയര്‍ത്തുന്ന ദലമര്‍മ്മരം, കാറ്റിലുലയുന്ന മുളങ്കാടുകളുടെ നാദം ഇവയുടെയെല്ലാം വകഭേദങ്ങള്‍ വേര്‍തിരിച്ചറിഞ്ഞ് ആസ്വദിച്ചു നടന്ന ബാല്യം. അങ്ങനെ പ്രകൃതി പല കൈകളാല്‍ നാഞ്ചിയമ്മയുടെ ഹൃദയം തൊട്ടു. മുത്തശ്ശിമാര്‍ പാടുന്ന പാട്ടുകള്‍ ഉളളാഴങ്ങളില്‍ ഉറഞ്ഞു. അവ തിരികെ പൊന്തി വന്നപ്പോള്‍ നാലഞ്ച് വയസ്സുള്ള നഞ്ചിയമ്മ ഗാനങ്ങള്‍ ആലപിച്ചു തുടങ്ങി. പാട്ടുകള്‍ ഹൃദയത്തില്‍ ചേര്‍ത്ത് വച്ച് ഈണത്തില്‍ ഇമ്പമോടെ നഞ്ചിയമ്മ പാടി. പാട്ടും, ആളും വളര്‍ന്ന് ആ പതിമൂന്നുകാരി ഊരറിയുന്ന ഗായികയായി മാറി. സ്വന്തം ഈണത്തില്‍ പാട്ടുകള്‍ മെനഞ്ഞു. എഴുത്തും വായനയും വശമില്ലാത്ത കൗമാരക്കാരി ഉള്ളില്‍ കൊരുത്ത് കെട്ടിയെടുത്ത പാട്ടുകള്‍ പാടി ഊരുമക്കളുടെ മനസ്സുണര്‍ത്തി. പാട്ടിടങ്ങളില്‍ എല്ലാം വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ നഞ്ചിയമ്മ ഉണ്ടായിരുന്നു. പാട്ടു ചടങ്ങുകള്‍ ഇല്ലാത്തപ്പോള്‍ കാടിനായി പാടി. മാനും മയിലും കുയിലും വാനവരും വൃക്ഷലതാദികളും മുളങ്കൂട്ടങ്ങളും അണ്ണാനും വാനരരും കാട്ടരുവിയുമെല്ലാം നഞ്ചിയമ്മയുടെ ഉള്ളുലഞ്ഞുയരുന്ന പ്രകൃതിയുടെ ആധാരശ്രുതിയില്‍ ലയിച്ചു നിന്നു.
നഞ്ചിയമ്മയുടെ ജ്യേഷ്ഠസഹോദരന്‍ വലിയ തെരക്കൂത്ത് കലാകാരനാണ്. ഇരുളരുടെ ഒരു പ്രധാന പരിപാടിയാണ് തെരുക്കൂത്ത്. പുരാണ കഥകള്‍ പാട്ടായി ആട്ടമായി തമാശ രൂപേണ അവതരിപ്പിക്കുന്ന കല. ചിരിപ്പിക്കുന്ന വേഷവും വര്‍ത്തമാനങ്ങളും ചടുലമായ പാട്ടുമെല്ലാം ചേര്‍ന്ന് കാണികള്‍ക്ക് ആദ്യന്തം ആസ്വാദ്യകരമാകും. തെരുക്കൂത്തവതരണത്തില്‍ സ്ത്രീകള്‍ക്ക് സ്ഥാനമില്ല. എങ്കിലും തെരുക്കൂത്ത് നടക്കുന്നിടത്തെല്ലാം നഞ്ചിയമ്മ ഹാജരായിരുന്നു. ചേട്ടന്റെ പ്രകടനം നഞ്ചിയമ്മയെ ഏറെ സ്വാധീനിച്ചു. അതിലെ പാട്ടുകള്‍ പലയിടങ്ങളിലും അവര്‍ പാടാറുണ്ട്. അങ്ങനെ ചെറു ബാല്യത്തില്‍ തന്നെ ഉള്ളില്‍ വിതയ്ക്കപ്പെട്ട പാട്ടു വിത്തുകള്‍ മുള പൊട്ടി വളര്‍ന്ന് നഞ്ചിയമ്മയെന്ന പാട്ടുപെണ്ണായി മാറി.
അട്ടപ്പാടിയിലേക്ക്
പതിനെട്ടാം വയസ്സിലാണ് നഞ്ചിയമ്മ അട്ടപ്പാടിയിലേക്ക് വരുന്നത്. നക്കുപതി പിരിവ് എന്ന ഊരിലെ മൂപ്പന്റെ മകന്‍ നഞ്ചപ്പന് വരണമാല്യം ചാര്‍ത്തിയാണ് നഞ്ചിയമ്മ അവിടെയെത്തുന്നത്. പേരിലുള്ള ചാര്‍ച്ച കലാബോധത്തിലും ഇരുവര്‍ക്കുമുണ്ടായിരുന്നു. ഹൃദയത്തില്‍ പാട്ടും താളവുമുള്ള ആളായിരുന്നു നഞ്ചപ്പന്‍. നഞ്ചിയമ്മ വരുമ്പോള്‍ നക്കുപതി പിരിവ് ഊരുമുഴുവനും കാടായിരുന്നു. കല്യാണവും കാട്ടില്‍ നിന്നും നഞ്ചിയമ്മയെ അകറ്റിയില്ല. പാട്ടിനൊപ്പം ആടുമാടുകളും ജീവിതത്തിന്റെ ഭാഗമായി മാറി. കാടും മലകളും കയറി ആടുമാടുകളെ മേച്ച് പാട്ടുകള്‍ പാടി നഞ്ചിയമ്മ നടന്നു. പുറമേയുള്ള പാട്ടു ജീവിതം ഊരിലെ ചെറിയ ചടങ്ങുകളിലേക്ക് ഒതുങ്ങി. നഞ്ചപ്പന്‍ മികച്ച പക്കമേളക്കാരനായിരുന്നു. നഞ്ചിയമ്മയെന്ന പാട്ട് പെണ്ണിന്റെ ഉള്ളിലെ പാട്ട് നിറവ് അറിഞ്ഞ കലാകാരനായിരുന്നു നഞ്ചപ്പന്‍. അതിനാല്‍ തന്നെ തന്റെ ഭാര്യ പാട്ടിലൂടെ ലോകമറിയണമെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. അതിനവരെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ താന്‍ പാട്ടു ജീവിതത്തിന്റെ ഉയരങ്ങളിലെത്തിയപ്പോള്‍ അത് കാണാന്‍ നഞ്ചപ്പന്‍ ഇല്ല എന്നത് നഞ്ചിയമ്മയുടെ തോരാദു:ഖം. സദാസമയവും പാട്ട് നെയ്യുകയും പാടുകയും ചെയ്യുമെങ്കിലും, എന്തോ ഒരു പിന്‍വലിവ് അവരെ വേദിയില്‍ നിന്നുമകറ്റി നിര്‍ത്തി. അങ്ങനെ സ്വയം പാടിയും, പാട്ടുകള്‍ മെനഞ്ഞും അവര്‍ പ്രകൃതിയില്‍ അലഞ്ഞു.
വഴിത്തിരിവ്
2004ല്‍ അഹാഡ്സ് ആദിവാസി സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ആ വേദിയില്‍ നഞ്ചിയമ്മ പാടി. അട്ടപ്പാടിയിലെ ദേവനായ മല്ലീശ്വരനുള്ള ഒരു വാഴ്ത്തുപാട്ട്. ആ ഗാനം ഒരു കുളിര്‍മഴയായി അവിടെ കൂടിയിരുന്നവരിലേക്ക് പെയ്തിറങ്ങി. അഹാഡ്സിലെ അസ്സിസ്റ്റന്റ് ഡയറക്ടറായിരുന്ന വി.എച്ച് ദിരാറും, പഴനിസ്വാമിയും ആ പാട്ടു കേട്ടു. നര്‍ത്തകനും അഭിനേതാവുമൊക്കെയായ പഴനിസ്വാമി പല സിനിമകളിലും വേഷമിട്ടിട്ടുണ്ട്. തന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആസാദ് കലാസംഘത്തിലേക്ക് ബന്ധുകൂടിയായ നഞ്ചിയമ്മയെ പഴനിസ്വാമി ക്ഷണിച്ചു. അങ്ങനെ ആ പാട്ടുറവ പൊതുവേദികളിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. അധികം താമസിയാതെ ആസാദ് കലാസംഘത്തിലെ പ്രധാന ഗായികയായി. വേദികളില്‍ നിന്നും വേദികളിലേക്കുള്ള പ്രയാണം. ഊരിന്റെ പാട്ട് പെണ്ണ് കേരളത്തിനകത്തും പുറത്തുമുള്ള വേദികളില്‍ പാടി പേരെടുത്ത ഗോത്ര ഗായികയായി മാറി. ദ്രാവിഡ സംസ്‌കൃതിയുടെ നിധിയായ നാട്ടുമൊഴിപ്പാട്ടുകളുടെ സംരക്ഷണവും പ്രചാരണവും ജീവിത വ്രതമാക്കി നഞ്ചിയമ്മ. ആ പ്രയത്നത്തിന് കിട്ടിയ പ്രതിഫലമായിരുന്നു 2010 ലെ ഫോക്ലോര്‍ അവാര്‍ഡ്. ഇതിനിടയില്‍ വെളുത്ത രാത്രികള്‍ എന്നൊരു സിനിമയിലും പാടി.
കാലം കരുതി വെച്ചിരുന്ന ആ നിമിഷം വന്നത് പഴനിസ്വാമിയിലൂടെയാണ്. സിനിമാ സംവിധായകന്‍ സച്ചിയുമായുള്ള കണ്ടുമുട്ടല്‍. സച്ചിയുടെ ഗോത്ര ഗായികയുടെ തേടലിന് പഴനിസ്വാമി നല്കിയ ഉറപ്പായിരുന്നു നഞ്ചിയമ്മ. സംഘമായി എറണാകുളത്ത് ചെന്ന് സച്ചിയെ കണ്ടു. സങ്കടമുള്ള ഒരു പാട്ട് വേണമെന്ന് സച്ചി. പാട്ട് ഒന്നും തയ്യാറാക്കിയിരുന്നില്ല. പക്ഷെ ഉള്ളില്‍ സങ്കടം നിറയുന്നു. അത് ദൈവമകളേ എന്ന പാട്ടായി പുറംഗമിച്ചു. നഞ്ചിയമ്മ പാട്ടായി മാറി. കരഞ്ഞു പാടി. പാടി തീര്‍ന്നപ്പോള്‍ അവിടയുണ്ടായിരുന്നവരും കരഞ്ഞു. സച്ചിയും കരഞ്ഞു. ആ പാട്ട് സിനിമയിലേക്ക് എടുത്തു. പിന്നീട് സന്തോഷമുള്ള ഒരു പാട്ടു പാടി. 'കലക്കാത്ത സന്ദനമരം' എന്ന പാട്ട് ഉള്ളിലും പുറത്തും ചിരിയോടെ, ആമോദത്തോടെ പാടി. എല്ലാപേരും ചുറ്റും കൂടി. ഏവര്‍ക്കും സന്തോഷം. ജേക്സ് ബിജോയിയുടെ സംഗീതത്താല്‍ ഗാനം അനശ്വരമായി. ആ ചന്ദനമരം ദേശങ്ങളില്‍ പടര്‍ന്ന് ശാഖകള്‍ വീശി പൂക്കള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ് ചന്ദനമരപ്പൂക്കളുടെ മണത്തെ ഭാരത വര്‍ഷമാകെ പടര്‍ത്തി. നഞ്ചമ്മയുടെ നെഞ്ചില്‍ ഒരു വേദന മാത്രം ചാരം മൂടാതെ കനലായി എരിയുന്നു. തനിക്ക് എല്ലാം തന്ന് കാലത്തിന്റെ മറുതീരമണഞ്ഞ സച്ചിയെ ഓര്‍ത്തുള്ള ദുഃഖം.
പാട്ട് വഴികള്‍
വചനസാഹിത്യത്തിന്റെ വേരുകള്‍ കന്നഡയിലാണ് ആഴ്ന്നിരിക്കുന്നത്. അതിന് ആയിരത്താണ്ടുകളുടെ പഴമയുണ്ട്. കന്നഡ ദേശത്തെ പ്രശസ്ത വചന കവിയാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അക്ക മഹാദേവി. പരമശിവനെ ചന്ന മല്ലികാര്‍ജ്ജുന ഭാവത്തില്‍ തേടി അലയുകയായിരുന്നു ആ ശൈവസിദ്ധ. അധികാരസ്ഥാനങ്ങളോട് കലഹിച്ച്, വ്യവസ്ഥിതിയേയും ജാതിയേയും എതിര്‍ത്ത് പ്രകൃതിയേട് ഇണങ്ങി പക്ഷിമൃഗാദികളോട് സല്ലപിച്ച് മല്ലികാര്‍ജ്ജുന സ്തുതികളായി മനസ്സിലെഴുതിയ വചനങ്ങള്‍ പാടിനടന്ന പെണ്‍കരുത്താണ് അക്ക മഹാദേവി. ആ വചന ഗീതങ്ങള്‍ ഏറെ പ്രശസ്തമാണ്. കാലം ഇരുപത്തി ഒന്നാം നൂറ്റാണ്ട് തൊട്ടപ്പോള്‍ തെക്ക് മലനാട്ടില്‍ ഒരമ്മ ഉള്ളില്‍ ഉരുക്കിയെടുത്ത പാട്ടുകള്‍ പാടി പ്രകൃതിയെ അതിന്റെ യഥാര്‍ത്ഥ ഭാവത്തില്‍ അനുഭവിച്ച് ജീവിക്കുന്നു.
ഒരു പാട്ട് ഓര്‍ത്ത് പാടാന്‍ പറഞ്ഞാല്‍ നഞ്ചിയമ്മയക്ക് പാട്ട് വരില്ല. എന്നാല്‍ ഒരു ഭാവം പറഞ്ഞാല്‍, ഉള്ളില്‍ ഭാവം പകരും. സങ്കട ഭാവമാണേല്‍, ഓര്‍മ്മച്ചിത്രങ്ങളില്‍ ഉറ്റവരുടെ വേര്‍പാട് നിറയും, പാട്ട് ഉണരും. സന്തോഷമാണേല്‍, ഊരിലെ ബാല്യവും, സന്തോഷകരമായ അനുഭവങ്ങളും മനചിത്രങ്ങളായി വരും. ആഹ്ലാദിച്ച് പാടും. ചിട്ടവട്ടങ്ങളുടെ ചതുരക്കളങ്ങളില്‍ നിര്‍മ്മിച്ചെടുത്തവയല്ല ആ പാട്ടുകള്‍. ഉള്ളുലയക്കുന്ന വികാരങ്ങള്‍ പാട്ടുകളായി രൂപാന്തരപ്പെടുന്നതാണ്. അവര്‍ ഒരു പാട്ടും കാണാതെ പഠിച്ചിട്ടില്ല. കേട്ട് കേട്ട് പാടിപ്പാടി അത് ഉള്ളിലുറഞ്ഞതാണ്. നഞ്ചിയമ്മയ്ക്ക് ജീവനാണ് പാട്ട് ജീവിതമാണ് പാട്ട്. അവര്‍ പാട്ട് തന്നെയാണ്. ദേശീയ പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോഴും പ്രശസ്തമായ ആ നിറഞ്ഞ ചിരിയിലൂടെ അവര്‍ ഉള്ളിലെ ലാളിത്യം പ്രകടമാക്കുകയാണ്. ആ ലാളിത്യം തന്നെയാണ് നഞ്ചിയമ്മയുടെ യഥാര്‍ത്ഥ ശക്തി.