തിരുവനന്തപുരം: പ്രാദേശികസംഗീതത്തെ ലോകശ്രദ്ധയില്‍ എത്തിക്കുന്ന സ്വതന്ത്രസംഗീതജ്ഞര്‍ വീണ്ടും കോവളത്ത് ഒത്തുകൂടുന്നു. വെള്ളിയാഴ്ച മുതല്‍ മൂന്നുദിവസം കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍ഡീ മ്യൂസിക് ഫെസ്റ്റിവലിന്റെ (ഐഐഎംഎഫ്) രണ്ടാം പതിപ്പില്‍ എട്ട് രാജ്യങ്ങളില്‍ നിന്നായി 15 സ്വതന്ത്ര സംഗീത ബാന്‍ഡുകള്‍ പങ്കെടുക്കും.
പോപ്, റോക്, റാപ്, ഫോക്, ഫ്യൂഷന്‍ സംഗീതങ്ങളുടെ ആരാധകര്‍ക്ക് ലഭിക്കുന്ന അസുലഭ അവസരമാണിത്. എല്ലാ ദിവസവും വൈകിട്ട് ആറു മുതലാണ് പരിപാടി. ഒരുദിവസം അഞ്ചു ബാന്‍ഡുകള്‍ വേദിയിലെത്തും. രാജ്യാന്തര മ്യൂസിക് കമ്യൂണിറ്റിയായ ലേസി ഇന്‍ഡീയുമായി ചേര്‍ന്നാണ് ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
ലോകപ്രശസ്ത ഓസ്ട്രേലിയന്‍ റോക്ക് ബാന്‍ഡായ എസി/ഡിസിയുടെ പ്രധാന ഗായകരിലൊരാളായ ഡേവ് ഇവാന്‍സാണ് ഇത്തവണത്തെ ഫെസ്റ്റവലിലെ പ്രധാന ആകര്‍ഷണം. 1973ല്‍ രൂപീകൃതമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംഗീതാസ്വാദകരെ ഇളക്കിമറിച്ച എസി/ഡിസിയോ അവരിലെ സംഗീതജ്ഞരോ ഇതുവരെ ഇന്ത്യയിലൊരിടത്തും പരിപാടി അവതരിപ്പിച്ചിട്ടില്ല.
നവംബര്‍ 11ന് രാത്രി പത്തിനാണ് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള റോക്ക് ബാന്‍ഡ് പാടിത്തിമിര്‍ക്കുക. എസി/ഡിസിയുടെ അന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആഗോളപര്യടനത്തിന്റെ ഭാഗമായിക്കൂടിയാണ് ഐഐഎംഎഫിന് ഡേവ് ഇവാന്‍സ് എത്തുന്നത്. ലോകമെമ്പാടുമുള്ള സ്വതന്ത്രസംഗീതജ്ഞരാണ് ഇന്‍ഡീ ബാന്‍ഡുകളായി അറിയപ്പെടുന്നത്.