തിരുവനന്തപുരം: നഗരത്തില്‍ ഓസ്‌ട്രേലിയന്‍ തിയേറ്റര്‍ കമ്പനിയുടെ കലാപ്രകടനം. പേര്‍ത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അണ്ടര്‍കറണ്ട് തിയേറ്റര്‍ കമ്പനിയിലെ നാലു കലാകാരന്മാരാണ്, മലയാളികളുടെ നേതൃത്വത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ദി ആര്‍ട്ട് വര്‍ക്കേഴ്‌സുമായി ചേര്‍ന്ന് വഴുതക്കാട് ലെനിന്‍ ബാലവാടിയില്‍ ശനിയാഴ്ച വൈകിട്ട് 6 ന് പരിപാടി അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണത്തിനായുള്ള മൈത്രി കള്‍ച്ചറല്‍ പാര്‍ട്‌നര്‍ഷിപ്പ് ഗ്രാന്റിന്റെ സഹായത്തോടെയുള്ള പദ്ധതിയാണിത്.
അണ്ടര്‍ കറണ്ട് തിയേറ്റര്‍ കമ്പനിയുടെ സ്ഥാപകന്‍ സാമുവല്‍ ഗോര്‍ദോന്‍ ബ്രൂസ്, സ്‌കാര്‍ലറ്റ് റോസ്, കാം ആപ്പിള്‍ബൈ, ഡേവിഡ് സ്റ്റിവാര്‍ട്ട് എന്നിവരാണ് പദ്ധതിയിലെ ഓസ്‌ട്രേലിയന്‍ സാന്നിധ്യം. സിംഗപുരിലെ ഇന്റര്‍കള്‍ച്ചറല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളും മലയാളികളുമായ പ്രജിത്ത് കെ പ്രസാദും രമിത്ത് രമേശുമാണ് 'ദി ആര്‍ട്ട് വര്‍ക്കേഴ്‌സിന്റെ സ്ഥാപകര്‍. ബഹുമുഖ പദ്ധതിയില്‍ കേരളത്തിന്റെ കൂടിയാട്ടം, കളരിപ്പയറ്റ് പോലുള്ള കലാരൂപങ്ങളുടെയും അണ്ടര്‍കറണ്ടിന്റെ കന്റംപററി ഫിസിക്കല്‍ തിയേറ്റര്‍ സ്റ്റൈലും പരസ്പരം മനസ്സിലാക്കുന്ന സെഷനുകളുമുണ്ടെന്ന് പ്രജിത്ത് കെ പ്രസാദ് പറഞ്ഞു.