രാഷ്ട്രീയത്തിലിറങ്ങുന്ന തമിഴ് സൂപ്പർസ്റ്റാർ ദളപതി വിജയ് സിനിമയിൽ നിന്ന് പിൻവാങ്ങുന്നതായ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. കോളീവുഡിലെ ഏറ്റവും വിലപിടിച്ച താരം സിംഹാസനമൊഴിയുന്നു എന്ന വാർത്ത ദക്ഷിണേന്ത്യ മുഴുവൻ വ്യാപിച്ചുകിടക്കുന്ന ആരാധക സമൂഹത്തിനെ ഞെട്ടിച്ചിരിക്കുകയാണ്. വെങ്കട് പ്രഭുവിന്റെ 'ഗോട്ട്' നു പുറമെ തന്റെ 69 ആം ചിത്രത്തിനും വിജയ് കരാറൊപ്പിട്ടിട്ടുണ്ട്. വിജയുടെ അവസാനചിത്രമായിരിക്കും ഇത്. ഏത് ഹിറ്റ് സാംവിധായകനാകും അവസാനമായി വെള്ളിത്തിരയിലെത്തിക്കുക എന്ന ചർച്ചയിലാണ് ഇന്ന് തമിഴ് സിനിമാലോകം.
ദളപതിയുദ് അവസാനചിത്രമൊരുക്കുവാൻ സാധ്യതയുള്ളവരിൽ ആറ്റ്ലിയുടെയും കാർത്തിക്ക് സുബ്ബരാജിന്റെയും എച്ച് വിനോദിന്റെയും പേരുകളാണ് ഉയർന്നുകേൾക്കുന്നത്. മൂന്നുപേരും കോളീവുഡിന് ഹിറ്റുകൾക്ക് പുറമെ ഹിറ്റുകൾ സമ്മാനിച്ച യുവസംവിധായകരാണ്.
'സതുരംഗ വേട്ടൈ' എന്ന അപ്രതീക്ഷിത ഹിറ്റിൽ ആരംഭിച്ചു തീരൻ, നേർകൊണ്ട പാർവൈ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ തമിഴകത്തിന് സമ്മാനിച്ച സംവിധായകനാണ് എച്ച് വിനോദ്. കമലാഹാസനോടൊത്തുള്ള കെ എച്ച് 233 എന്ന അദ്ദേഹത്തിന്റെ ചിത്രം നീട്ടിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പൊളിറ്റിക്കൽ ടച്ചുള്ള പുതിയ ചിത്രത്തിന്റെ ചർച്ച അദ്ദേഹം വിജയുമായ് നടത്തിയിട്ടുണ്ട്. വിജയ് സമ്മതം മൂളിയാൽ അദ്ദേഹത്തിന്റെ അവസാനചിത്രം ഇതായിരിക്കും.
തമിഴകത്തിന്ന് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന യുവസംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. വിജയ് സേതുപതിയെ താരപദവിയിലേക്കുയർത്തിയ ചിത്രങ്ങളിലൊന്നായ പിസ്സ സംവിധാനം ചെയ്തു കൊണ്ടായിരുന്നു കാർത്തിക്കിന്റെ രംഗപ്രവേശം. ദളപതിയെ നായകനാക്കി സിനിമയെടുക്കുവാൻ ആഗ്രഹമുണ്ടെന്ന് പലപ്പോഴും അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്. കാർത്തിക് സുബ്ബരാജിന്റെ വിജയ് ചിത്രം അവസാനഘട്ട ചർച്ചകളിൽ ആണെന്ന് റിപ്പോർട്ട് വന്നിരുന്നെങ്കിലും രണ്ടുപേരും വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോൾ വിജയുടെ വിരമിക്കൽ വാർത്ത വന്നതോടെ ആരാധകർക്കിടയിൽ ഇതുസംബന്ധിച്ച ചർച്ച മുറുകിയിരിക്കുകയാണ്. കാർത്തിക് സുബ്ബരാജ് ദളപതി 69 ഒരുക്കുന്നതായുള്ള ഫാൻ മെയ്ഡ് പോസ്റ്ററും കഴിഞ്ഞദിവസം വൈറലായിരുന്നു. വിജയ് രസികരുടെ താല്പര്യം ഇതിൽനിന്നുതന്നെ വ്യക്തമാണ്.
തെറി, മെർസൽ,ബിഗിൽ എന്നിങ്ങനെ മൂന്ന് വിജയ് ചിത്രങ്ങളൊരുക്കിയ ആറ്റ്ലീയ്ക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. തമിഴ് രസികസമൂഹത്തിന്റെ സ്പന്ദനം കൃത്യമായ്യ്വ മനസിലാക്കിയ സംവിധായകനാണ് ആറ്റ്ലീ. താരവുമായ്ഊഷ്മളമായ ബന്ധം പുലർത്തുന്ന ആറ്റ്ലീ തന്നെയാകും വിജയുടെ അവസാന ചിത്രവും ഒരുക്കുകയെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ മുമ്പേ പുറത്തു വന്നിരുന്നു.
ഇവർക്കുപുറമെ നെൽസൺ ദിലീപ്കുമാറിൻറെ പേരും ഉയർന്നുകേൾക്കുന്നുണ്ട്. താരത്തിന്റെയും നിർമ്മാണക്കമ്പനിയുടെയും വാക്കുകൾക്ക് കാതോർത്തിരിക്കുകയാണ് കോളീവുഡ്. എന്തായാലും വിജയുടെ അവസാനചിത്രം രാഷ്ട്രീയവുമായ് ബന്ധപ്പെട്ട കഥ തന്നെയാകും പറയുക എന്നുറപ്പ്.