ഈ ഉറക്കം ഒരു വലിയ വില്ലനാണല്ലേ. ഉറക്കം നഷ്ടപ്പെട്ടാൽ ആരോഗ്യം മുഴുവൻ അവതാളത്തിലാകുമെന്ന് പറയേണ്ടതില്ലല്ലോ. തലച്ചോറിന് മാനസികമായ ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കം ശരിയായില്ലെങ്കില്‍ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്രയും പ്രധാനപ്പെട്ട ഉറക്കം നഷ്ടപ്പെടുത്താൻ ആരും ആഗ്രഹിക്കില്ലല്ലോ. ജീവിതചര്യയിൽ നല്ല ഉറക്കം ലഭിക്കാന്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാം.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. പ്രായമായവര്‍ക്ക് ദിവസം 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറങ്ങുന്നതിനു മുന്‍പ് ലഘുവായ ശാരീരികാധ്വാനം ആവശ്യമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ഉറക്കത്തെ സഹായിക്കും.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഗൗരവമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കാതിരിക്കുക. കട്ടിലിനു സമീപം പെട്ടെന്ന് ഓണ്‍ ചെയ്യാവുന്ന തരത്തില്‍ ഒരു ലൈറ്റ് ക്രമീകരിക്കുന്നതു നല്ലതാണ്.
കിടക്കുന്നതിനു 2 മണിക്കൂര്‍ മുന്‍പെങ്കിലും വൈകുന്നേരത്തെ ആഹാരം കഴിച്ചിരിക്കണം. പകല്‍ കുറച്ചു സമയം സൂര്യപ്രകാശം ഏല്‍ക്കുന്നതു നല്ലതാണ്. കിടക്കുന്നതിനു മുന്‍പ് ചായയും കാപ്പിയും ഒഴിവാക്കുക. ആവശ്യമെങ്കില്‍ ഒരു ഗ്ലാസ് ചൂടു പാല്‍ കുടിക്കാം. ഉറങ്ങുന്നതിനു തൊട്ടുമുന്‍പ് ടിവി കാണുന്നതും കംപ്യൂട്ടര്‍, മൊബൈല്‍ എന്നിവ ഉപയോഗിക്കുന്നതും ഒഴിവാക്കുക.