തൃക്കാക്കര: തൃക്കാക്കരയിൽ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് യൂസർ ഫീസ് ഉയർത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് രംഗത്ത് വന്നു.തൃക്കാക്കര നഗരസഭ ചെയർപേഴ്സൻ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിന് 60 രൂപയാണ് വീടുകളിൽ നിന്നും ഈടാക്കുന്നത്.എന്നാൽ രണ്ടും,മൂന്നും ചാക്ക് മാലിന്യം ഈ തുകക്ക് ശേഖരിക്കുന്നത് ഹരിത കർമ്മ സേനക്ക് നഷ്ടമാണെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.ഭൂരിഭാഗം വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം കൊടുക്കുന്നത് വളരെ കുറവാണെന്നും,അത്തരം വീടുകളിൽ യൂസർ ഫീസ് കുറച്ച് നൽകുമോയെന്നും പ്രതിപക്ഷം ചോദിച്ചു.എന്നാൽ യൂസർ ഫീസ് കുറക്കാനാവില്ലെന്ന് നഗരസഭ സെക്രട്ടറി വ്യക്തമാക്കി.വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക്ക് ശേഖരണത്തിന് ഓരോ ചാക്കിനും അധിക നിരക്ക് ഏർപ്പെടുത്തണമെന്ന ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന്റെ ആവശ്യത്തെ എൽ.ഡി.എഫ് എതിർപ്പിനെ തുടർന്ന് വേണ്ടന്ന് വച്ചു. തൃക്കാക്കര നഗരസഭ ബസ്റ്റ് സ്റ്റാൻ്റ് നിർമ്മാണത്തിന് ഡി.പി.ആർ തയ്യാറാക്കാൻ സ്വകാര്യ കമ്പനിയെ ഏൽപ്പിക്കുവാനുള്ള തീരുമാനം നിയമ വിരുദ്ധമാണന്ന് എൽ.ഡി.എഫ് കൗൺസിലർമാർ പറഞ്ഞു. ഡി.പി.ആർ നടപടികൾ നിയമ പ്രകാരമെ നൽകാവൂ എന്ന പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം അജണ്ട മാറ്റിവച്ചു. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരായി ചമഞ്ഞ് സ്വകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടാൻ ശ്രമിച്ച ശുചീകരണ തൊഴിലാളികളെ തിരിച്ചെടുത്തതിനെതിരെ കൗൺസിൽ എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗത്തിൽ ആരോപിച്ചു.കഴിഞ്ഞ സെപ്തംബറിലാണ് പാലച്ചുവടിലെ സ്വകാര്യ സ്ഥാപനത്തിലെത്തി മൂന്ന് ഹരിത കർമ്മ സേനാഗങ്ങൾ പണം ആവശ്യപ്പെട്ടത്. തട്ടിപ്പ് മനസിലാക്കിയ സ്ഥാപനയുടമ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇവർക്കെതിരെ കാര്യമായ നടപടിയുണ്ടായില്ല. 15 ദിവസം കഴിഞ്ഞ് ഇവരെ തിരിച്ചെടുക്കുകയായിരുന്നുവെന്നും എൽഡിഎഫ് അംഗങ്ങൾ ആരോപിച്ചു.പ്രതിപക്ഷ നേതാവ് എം.കെ ചന്ദ്രബാബു,പി.സി മനൂപ്,ജിജോ ചങ്ങംതറ, കെ.എക്സ് സൈമൺ,യു.ഡി.എഫ് കൗൺസിലർമാരായ ഷാജി വാഴക്കാല,എം.ഓ വർഗ്ഗിസ്,അഡ്വ.ഹസീന ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.