കൽപ്പറ്റ: ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ഉറ്റവരെല്ലാം നഷ്ടപ്പെട്ട ദുഖത്തിൽ കഴിയവേയാണ്, . ഒറ്റക്കായി പോയ തൻറെ കൈപിടിച്ച് കൂടെ നിന്ന പ്രതിശ്രുത വരൻ ജെൻസനെയും ശ്രുതിക്ക് നഷ്ടമാകുന്നത്. ഉള്ളു നോവുന്ന വേദനയിലും പരിക്കുകളിൽ നിന്നും തിരിച്ച് വരികയാണ് ശ്രുതി. ജീവിതം തിരിച്ച് പിടിക്കാൻ മുന്നോട്ടുള്ള യാത്രയിൽ ഇതുവരെ പിന്തുണച്ച് കൂടെ നിന്നാ എല്ലാ മനുഷ്യർക്കും നന്ദി പറയുകയാണ് ശ്രുതി.
തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടെും വലിയ നന്ദിയും കടപ്പാടുമുണ്ടെന്ന് ശ്രുതി പറഞ്ഞു. അപകടത്തിലേറ്റ പരിക്കിൽ ഇപ്പോഴും വേദനയുണ്ട്. രാത്രി സമയങ്ങളിൽ വേദന കൂടും. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയിട്ടാണ് ഫോൺ നോക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും കാണുന്നുണ്ട്, കൂടെ നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്ന് ശ്രുതി പറയുന്നു.
ചില യൂട്യൂബ് ചാനലുകളുടെ പ്രചരണം വേദനിപ്പിച്ചെന്നും ശ്രുതി പറഞ്ഞു. ജെൻസൻറെ കുടുംബം എപ്പോഴും തന്നോട് ഒപ്പം ഉണ്ട്. അവർ തനിക്കൊപ്പം നിന്നില്ലെന്ന് ചില യൂട്യൂബ് ചാനലുകൾ വലിയ വാർത്ത നൽകി. അത് എനിക്കും വീട്ടുകാർക്കും വലിയ വിഷമമുണ്ടാക്കി. അവരെപ്പോഴും കൂടെയുണ്ട്. എല്ലാ വേദനയിലും ഒരു വിഷമവും തന്നെ അറിയിക്കാതെ സന്തോഷത്തോടെയാണ് അവർ കൂടെ നിൽകുന്നത്. എനിക്ക് വേണ്ടി ജൻസൻറെ കുടുംബം ഒന്നും ചെയ്തില്ലെന്നും ടി സിദ്ദിഖ് ആണ് എല്ലാം ചെയ്തതെന്നും വലിയ പ്രചാരണം നടന്നു. അങ്ങനയല്ല, വീട്ടുകാർ എപ്പോഴും കൂടെയുണ്ടായിരുന്നു- ശ്രുതി വ്യക്തമാക്കി.
മുന്നോട്ട് ജീവിക്കാൻ ഒരു ജോലി വേണം. കോഴിക്കോട്ടെ ജോലിക്ക് ഇനി പോകുന്നില്ല. വയനാട്ടിൽ തന്നെ തുടരാനാണ് തീരുമാനം. ഇച്ചായൻ നടത്തിയിരുന്ന ബിസിനസ്, അദ്ദേഹത്തിൻറെ ഓർമ്മക്കായി മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ശ്രുതി പറയുന്നു. ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരിച്ചിരുന്നു. അഛൻറെ രണ്ട് സഹോദരങ്ങൾ ഉൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ദുരന്തത്തിൽ നഷ്ടമായത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി. ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പിൽ ജോലി ചെയ്യുകയുമായിരുന്നു.
ജെൻസണുമായുള്ള വിവാഹ നിശ്ചയത്തിനും പുതിയ വീടിൻറെ ഗൃഹപ്രവേശത്തിനും ശേഷമായിരുന്നു ദുരന്തം ശ്രുതിയെ തനിച്ചാക്കിയത്. ശ്രുതിയുടെ കല്യാണത്തിന് കരുതിയിരുന്ന 15 പവൻ സ്വർണ്ണവും 4 ലക്ഷം രൂപയും വീടടക്കം ഉരുൾ കൊണ്ടുപോയി. രണ്ട് മത വിഭാഗങ്ങളിൽ നിന്നുള്ള ശ്രുതിയും ജെൻസണും സ്കൂൾ കാലം മുതൽ സുഹൃത്തുക്കളാണ്. ആ പ്രണയമാണ് വിവാഹ നിശ്ചയത്തിലെത്തിയത്. ഈ ഡിസംബറിൽ നടത്താനിരുന്ന വിവാഹം ശ്രുതിയുടെ ഉറ്റവർ എല്ലാവരും ദുരന്തത്തിൽ മരണപ്പെട്ടതിനാൽ നേരത്തെയാക്കാൻ തീരുമാനിക്കുകയായിരുന്നു. കല്യാണം രജിസ്റ്റർ ചെയ്യാനായിരുന്നു ഇരുവർക്കും ആഗ്രഹം.
ഉരുൾപ്പൊട്ടലിനെ അതിജീവിച്ച് തിരിച്ചുവരുമ്പോഴാണ് വീണ്ടും ഒരു ദുരന്തത്തെ കൂടി ഇരുവർക്കും നേരിടേണ്ടി വരുന്നത്. കൽപ്പറ്റ വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകട്ടിലാണ് ജെൻസനും ശ്രുതിക്ക് നഷ്ടപ്പെടുന്നത്. ജെൻസണും ശ്രുതിയും കോഴിക്കോട് ബന്ധുവിൻറെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം.