കാപ്പ ചുമത്തി യുവാവിനെ കരുതന്‍ തടങ്കലിലാക്കി. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം പാപ്പനവേലില്‍ സുബിന്‍ അലക്‌സാണ്ടര്‍(26)നെയാണ് ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചത്.
തിരുവല്ല പോലീസ് സ്‌റ്റേഷനിലെ മറ്റൊരു കേസില്‍ അറസ്റ്റിലായി മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവന്ന ഇയാളെ അവിടെയെത്തി തിരുവല്ല പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. 2018 മുതല്‍ ഇതുവരെ തിരുവല്ല, കീഴ് വായ്പൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുബിന്‍. ഈവര്‍ഷം ജൂണില്‍ ഇയാള്‍ക്കെതിരെ കരുതല്‍ തടങ്കലിനുള്ള ശുപാര്‍ശ ജില്ലാ പോലീസ് മേധാവി സമര്‍പ്പിച്ചിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ മാസം വീണ്ടും തിരുവല്ല പോലീസ് സ്‌റ്റേഷനിലെ കേസില്‍ ഉള്‍പ്പെട്ടു. 2022ല്‍ തിരുവനന്തപുരം റേഞ്ച് ഡി ഐ ജിയുടെ ഉത്തരവുപ്രകാരം ആറുമാസം ജില്ലയില്‍ നിന്ന് ഇയാളെ പുറത്താക്കിയിരുന്നു. പിന്നീടും ഇയാള്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റും ഏര്‍പ്പെട്ടുവരികയായിരുന്നു. വീട് കയറി ആക്രമണം, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, കഞ്ചാവ് ഉപയോഗം, അടിപിടി ഉണ്ടാക്കല്‍, വീട്ടുപകരണങ്ങള്‍ നശിപ്പിക്കല്‍, വാഹനം നശിപ്പിക്കല്‍, കൊലപാതക ശ്രമം, മുഖത്ത് സ്‌പ്രേ അടിച്ചു ആക്രമണം, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മോഷണം, കുപ്പിയില്‍ പെട്രോള്‍ നിറച്ച് ആക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.
കരുതല്‍ തടങ്കല്‍ ശുപാര്‍ശയില്‍ ഉള്‍പ്പെടുത്തിയ 12 കേസുകളില്‍ ഒമ്പത് എണ്ണത്തില്‍ അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ വിചാരണ നടപടി നടന്നു വരുന്നു. ബാക്കിയുള്ളവ അന്വേഷണത്തിലാണുള്ളത്. ഇവയില്‍ 10 കേസുകള്‍ തിരുവല്ല പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതും രണ്ടെണ്ണം കീഴ് വായ്പ്പൂര്‍ സ്‌റ്റേഷനിലേതുമാണ്.